‘ലോകത്തെ ഏറ്റവും ബൃഹത്തായ ജനാധിപത്യം’ ആണുങ്ങളുടേത് മാത്രമാവുന്നുവോ?

‘ലോകത്തെ ഏറ്റവും ബൃഹത്തായ ജനാധിപത്യം’ ആണുങ്ങളുടേത് മാത്രമാവുന്നുവോ?


ഇരുപത് സംസ്ഥാനങ്ങളിലായി 91 ലോക്സഭ മണ്ഡലങ്ങളിൽ നടന്ന ഒന്നാം ഘട്ട ലോക്സഭ തെരഞ്ഞെടുപ്പിൽ ജനവിധി തേടിയ സ്ഥാനാർഥികളിൽ വനിതാപ്രതിനിധ്യം എട്ടു ശതമാനത്തിലും താഴെ. 1217 സ്ഥാനാർത്ഥികളാണ് ഒന്നാം ഘട്ട തെരഞ്ഞെടുപ്പിൽ ജനവിധി തേടിയത്.

48 ശതമാനം വനിതകളുള്ള ഇന്ത്യയിൽ ലോക്സഭയിലെ 543 എംപിമാരിൽ 12.6 ശതമാനം മാത്രമാണ് വനിതാപ്രാതിനിധ്യം. ലോകരാജ്യങ്ങളിലെ നിയമനിർമ്മാണസഭകളിലെ വനിതാപ്രാതിനിധ്യമായ 24.3 ശതമാനത്തിന് പകുതിയാണ് ‘ലോകത്തെ ഏറ്റവും ബൃഹത്തായ ജനാധിപത്യ’ത്തിലേത്.

2019 ലെ ജനുവരി ഒന്നിനുള്ള കണക്കുകൾ പ്രകാരം നിയമനിർമാണ സഭകളിലെ വനിതാപ്രാതിനിധ്യത്തിൽ ലോകത്തെ 193 രാജ്യങ്ങളിൽ 149 ആം സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാകിസ്ഥാൻ 101 ആം സ്ഥാനത്തും ബംഗ്ലാദേശ് 97 ആം സ്ഥാനത്തുമാണ് വനിതാപ്രതിനിധ്യത്തിന്റെ കാര്യത്തിൽ.

ഇന്ത്യയിലെ 2293 രാഷ്ട്രീയ പാർട്ടികളിൽ വെറും രണ്ട് പാർട്ടികൾ മാത്രമാണ് വനിതാപ്രാതിനിധ്യത്തിൽ നീതിയോടെ ഇടപെട്ടിട്ടുള്ളൂ എന്ന് കണക്കുകൾ പറയുന്നു. ഒഡീഷയിലെ ബിജു ജനതാദൾ തങ്ങളുടെ സ്ഥാനാർഥിപട്ടികയിൽ 33 ശതമാനം സീറ്റുകൾ വനിതകൾക്കായി നൽകിയപ്പോൾ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ സ്ഥാനാർഥിപട്ടികയിൽ 41 ശതമാനവും വനിതകളാണ്.

2014 ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ടവകാശം വിനിയോഗിച്ചവരിൽ ഭൂരിപക്ഷം സ്ത്രീകളായിരുന്നു എന്നതും ശ്രദ്ധേയമായ വസ്തുതയാണ്. (66 ശതമാനം)

Be the first to comment on "‘ലോകത്തെ ഏറ്റവും ബൃഹത്തായ ജനാധിപത്യം’ ആണുങ്ങളുടേത് മാത്രമാവുന്നുവോ?"

Leave a comment

Your email address will not be published.


*