മുസ്‌ലിം ലീഗിനെതിരെ വൈറസ് പരാമർശം: യോഗി ആദിത്യനാഥിന് വിലക്ക്

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിന് ദേശിയ തെരഞ്ഞെടുപ്പ് കമീഷൻ വിലക്കേർപ്പെടുത്തി. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് മൂന്ന് ദിവസത്തേക്കാണ് വിലക്കേർപ്പെടുത്തിയത്. ഇതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും യോഗി ആദിത്യനാഥിന് വിട്ടു നില്‍ക്കേണ്ടി വരും. നാളെ മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വരിക.

മുസ്‌ലിം ലീഗിനെതിരായ വൈറസ് പരാമര്‍ശത്തിനാണ് ആദിത്യനാഥിനെതിരെ കമ്മീഷന്‍ നടപടി സ്വീകരിച്ചത്. ‘കേരളത്തിലെ ഒരു സീറ്റില്‍ രാഹുല്‍ഗാന്ധി നടത്തിയ നോമിനേഷന്‍ റാലി നിങ്ങള്‍ കണ്ടിട്ടുണ്ടാകും. കോണ്‍ഗ്രസ് കൊടികള്‍ക്ക് പകരം പച്ചക്കൊടികള്‍ മാത്രമാണ് അവിടെ നിങ്ങള്‍ക്ക് കാണാനായത്. കോണ്‍ഗ്രസിനെ പച്ച വൈറസ് ബാധിച്ചിരിക്കുകയാണ്’ എന്നായിരുന്നു നടപടിക്ക് കാരണമായ ആദിത്യനാഥിന്റെ പരാമര്‍ശം.

കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ ഈ വൈറസ് രാജ്യത്തെയാകെ ബാധിക്കുമെന്നും യോഗി ആരോപിച്ചിരുന്നു. ലീഗുമായുള്ള കോണ്‍ഗ്രസിൻ്റെ ബന്ധം രാജ്യസുരക്ഷയെ ബാധിക്കുന്നതാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഇന്ത്യന്‍ സെെന്യത്തെ മോദിയുടെ സെെന്യം എന്ന് വിശേഷിപ്പിച്ചതും യോഗിയെ വിവാദത്തിലാക്കിയിരുന്നു.

വൈറസ് പരാമര്‍ശത്തില്‍ യോഗിയ്ക്കും ബി.ജെ.പി നേതാക്കള്‍ക്കുമെതിരെ ലീഗ് നേരത്തെ പരാതി നല്‍കിയിരുന്നു. ലീഗിനെതിരെ വര്‍ഗീയ പ്രചാരണം നടത്തുന്ന നേതാക്കളുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ നീക്കം ചെയ്യുക, ഐപിസി 153 എ (മതസ്പര്‍ധ വളര്‍ത്തല്‍) വകുപ്പ് അനുസരിച്ച് കേസെടുക്കുക, പാക്കിസ്ഥാന്‍ ദേശീയപതാകയുമായി ചേര്‍ത്ത് ലീഗ് പതാകയെ ആക്ഷേപിക്കുന്നത് തടയുക, തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് നടപടിയെടുക്കുക തുടങ്ങിയവയായിരുന്നു ആവശ്യങ്ങള്‍.

മാതൃക പെരുമാറ്റ ചട്ടം ലംഘിക്കുന്നവര്‍ക്ക് എതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ തെരെഞ്ഞെടുപ്പ് കമ്മീഷന് അധികാരം ഉണ്ടോ എന്ന കാര്യം സുപ്രീം കോടതി പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞിരുന്നു.

മാതൃക പെരുമാറ്റ ചട്ടം ലംഘിക്കുന്നവര്‍ക്ക് എതിരെ ഉപദേശക സ്വഭാവത്തില്‍ ഉള്ള നോട്ടീസ് അയക്കാന്‍ മാത്രം ആണ് അധികാരമെന്നും, തുടര്‍ച്ച ആയി പെരുമാറ്റ ചട്ടം ലംഘിക്കുന്നവര്‍ക്ക് എതിരെ മാത്രം ആണ് പരാതി ഫയല്‍ ചെയ്യാന്‍ കഴിയുക എന്ന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് കോടതിയെ അറിയിച്ചിരുന്നു.

Be the first to comment on "മുസ്‌ലിം ലീഗിനെതിരെ വൈറസ് പരാമർശം: യോഗി ആദിത്യനാഥിന് വിലക്ക്"

Leave a comment

Your email address will not be published.


*