‘വിമർശിച്ചാൽ പാകിസ്ഥാൻ , ബാങ്ക് കൊള്ളയടിച്ചാൽ യൂറോപ്പ്. തെരഞ്ഞെടുത്തത് ട്രാവൽ ഏജൻസിയെയോ?’

2014 തെരഞ്ഞെടുപ്പിൽ നാം തെരഞ്ഞെടുത്തത് ഒരു ഭരണകൂടത്തെയല്ല , ട്രാവൽ ഏജൻസിയെയാണെന്ന് വിദ്യാർത്ഥിനേതാവ് ഉമർ ഖാലിദ്.

‘ നിങ്ങൾ ഗവണ്മെന്റിന്റെ പരാജയങ്ങളെയും നയങ്ങളെയും വിമർശിച്ചാൽ പാകിസ്ഥാനിലേക്ക് പോകാൻ ആവശ്യപ്പെടും. എന്നാൽ നിങ്ങൾ ഇന്ത്യയിലെ ബാങ്ക് കൊള്ളയടിച്ചാൽ നിങ്ങൾക്ക് യൂറോപ്പിലേക്കുള്ള യാത്രാസൗകര്യം ഒരുക്കിത്തരും” ഉമർ ഖാലിദ് തന്റെ ഫേസ്‌ബുക്ക് ടൈംലൈനിൽ കുറിച്ചു.

വായ്പാ തട്ടിപ്പു കേസില്‍ രാജ്യം വിടുന്നതിനു മുമ്പ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്ന വിജയ് മല്യയുടെ വെളിപ്പെടുത്തലിനോടുള്ള പ്രതികരണമായിരുന്നു ഉമറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

വിജയ് മല്യയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ വ്യാപകമായ പ്രതികരണങ്ങളാണ് ഉണ്ടാവുന്നത്.

ബാങ്കുകളെ കബളിപ്പിച്ച് കോടികള്‍ തട്ടിയ എല്ലാ വ്യവസായികളുടെയും വിവരങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫിസില്‍ അറിയിച്ചിരുവെന്നും ഒരു നടപടിയും ഉണ്ടായില്ലായെന്നുമുള്ള റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്റെ വെളിപ്പെടുത്തലും കേന്ദ്രസര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

മല്യയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണത്തിന് തയ്യാറാകണമെന്നു രാഹുല്‍ ഗാന്ധി പറഞ്ഞു. അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ അന്വേഷണത്തിന് ഉത്തരവിടാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നും ധനമന്ത്രി സ്ഥാനത്ത് നിന്ന് അന്വേഷണം കഴിയുന്നത് വരെ മാറി നില്‍ക്കാന്‍ അരുണ്‍ ജയ്റ്റ്‌ലി തയ്യാറാകണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. വായ്പ തട്ടിപ്പു നടത്തി രാജ്യം വിടുന്നതിനു മുന്‍പ് വിജയ് മല്യ ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരത്തെ വെളിപ്പെടുത്തിയിരുന്നു.

Be the first to comment on "‘വിമർശിച്ചാൽ പാകിസ്ഥാൻ , ബാങ്ക് കൊള്ളയടിച്ചാൽ യൂറോപ്പ്. തെരഞ്ഞെടുത്തത് ട്രാവൽ ഏജൻസിയെയോ?’"

Leave a comment

Your email address will not be published.


*