‘സന്തോഷിന്റെ ബിരിയാണിയും അൻസാരിയുടെ പ്രേതങ്ങളും’ .ബിരിയാണിയിൽ എവിടെയാണ് മുസ്ലിം വിരുദ്ധതയുള്ളത്?

ഒപ്പീനിയൻ – മുഹമ്മദ് ശമീം

എന്താ മോളുടെ പേര് എന്ന സിനാന്റെ ചോദ്യത്തിന് ബസ്മതി എന്ന് ഗോപാല്‍ യാദവ് ഉത്തരം പറഞ്ഞു. നികാഹ് കയിഞ്ഞോ എന്ന ചോദ്യത്തിന് ഇല്ല എന്നുത്തരം പറഞ്ഞതോടെ പ്രതീക്ഷയോടെ പഠിക്ക്യാണോ എന്ന് ചോദിച്ചപ്പോള്‍ അല്ല, അവള്‍ മരിച്ചു എന്ന് അല്‍പം നിര്‍വികാരതയോടെ പറഞ്ഞ യാദവിനോട് എങ്ങനെ എന്ന് ചോദിച്ചപ്പോള്‍ വിശന്നിട്ട് എന്ന് അയാള്‍ മറുപടി പറഞ്ഞു. എന്നിട്ട് ഗോപാല്‍ യാദവ് കലന്തനാജിയുടെ പേരക്കുട്ടിയുടെ ബാംഗ്ലൂരില്‍ നടന്ന കല്യാണത്തിന് നാട്ടിലൊരുക്കിയ സല്‍ക്കാരത്തില്‍ ബാക്കിയായി വന്ന കുന്നു കണക്കിന് ബസ്മതി അരിയുടെ ബിരിയാണിക്കു മേല്‍ (അതില്‍ ദമ്മ് പൊട്ടിച്ചിട്ടില്ലാത്ത ഒരു ചെമ്പുമുണ്ട്) മണ്ണ് കോരിയിട്ടു.

സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി എന്ന കഥയുടെ ക്ലൈമാക്‌സ് ഇതാണ്. ഒരു ഭാഗത്ത് ധൂര്‍ത്തിന്റെയും ആഡംബരത്തിന്റെയും ഹര്‍മ്യങ്ങളുയരുമ്പോഴും മറുഭാഗത്ത് അസ്തിത്വം തന്നെ നഷ്ടപ്പെട്ടു പോകുന്ന ജീവിതങ്ങളെക്കുറിച്ച ചിത്രങ്ങള്‍. പുരോഗതി എന്ന് നിങ്ങള്‍ കാണുന്നതിന് ചില മറുപുറങ്ങള്‍ ജീവിതത്തിലുണ്ട് എന്നതാണ് കഥയുടെ പാഠം. അല്ലെങ്കിലും കാഴ്ചയ്ക്കപ്പുറമുള്ള ചിത്രങ്ങള്‍ കണ്ടെടുക്കലാണല്ലോ സാഹിത്യത്തിന്റെ ധര്‍മം. തന്നോടൊപ്പം തന്റെ നാടും കൂടി ബിഹാര്‍ വിട്ടിരിക്കുന്നു എന്ന് അയാള്‍ അറിയുന്നത് സിനാന്‍ അത് മൊബൈലില്‍ കാണിച്ചു കൊടുക്കുമ്പോഴാണ്. ബിഹാറില്‍ നിന്ന് ലാല്‍മാത്തി ഝാര്‍്ഖണ്ടില്‍ പോയിക്കിടക്കുന്നു. ഒരു മണ്‍കട്ടയ്ക്കു മേല്‍ പിക്കാസ് കൊണ്ട് അയാള്‍ ആഞ്ഞുവെട്ടിയപ്പോള്‍ അത് രണ്ടായി ചിതറി. ഒന്ന് ബിഹാറും മറ്റേത് ഝാര്‍ഖണ്ഡും. ഇതില്‍ എവിടെയാണ് ഞാന്‍ എന്നയാള്‍ സ്വയം ചോദിച്ചു.

മുഹമ്മദ് ശമീം

മുഹമ്മദ് ശമീം

നാല് പെണ്ണ് കെട്ടുകയും നാലില്‍ ഒരുവളായ കുഞ്ഞീബിയെ പാടെ മറന്ന് പോകുകയും നാലല്ല നാല്‍പത് പെണ്ണുങ്ങളെ കെട്ടാനുള്ള കഴിവില്‍ ന്യായം കണ്ടെത്തുകയും ചെയ്യുന്ന കലന്തനാജി കേരളത്തിലെ ഒരു ഫ്യൂഡല്‍ കാലത്തിന്റെ പരിഛേദം തന്നെയാണ്. കല്യാണത്തിലെ ധൂര്‍ത്തും വെയ്സ്റ്റായിപ്പോകുന്ന ഭക്ഷണപദാര്‍ത്ഥങ്ങളും പുതിയ കാലത്തിന്റെയും അടയാളങ്ങളാണ്. ഇതിനിടയില്‍ വയറ് വിശന്ന് മണ്ണ് വാരിത്തിന്നേണ്ടി വരുന്നവരും വിശന്നു മരിക്കുന്നവരുമായ കുഞ്ഞുങ്ങളും ധാരാളം.

പിന്നെ, ഇതില്‍ എവിടെയാണ് മുസ്ലിം വിരുദ്ധതയുള്ളത്? ജന്മിത്തവും ധൂര്‍ത്തും ഏത് സമുദായത്തിലുള്ളതാണെങ്കിലും സാധാരണമനുഷ്യരുടെ ജീവിക്കാനുള്ള അവകാശത്തെപ്പോലും അട്ടിമറിക്കുന്ന ഒന്നാണ്. ഇനി കലന്തനാജിക്ക് പകരം കഥയിലെ പ്രഭൂ കുഞ്ഞിരാമന്‍ നായരാണെങ്കില്‍ പ്രശ്‌നം തീരുമോ? നായര്‍ സമുദായത്തെ ആക്ഷേപിച്ചു എന്ന ആരോപണത്തിന് അതും പഴുത് നല്‍കുമെങ്കില്‍പ്പിന്നെ ആവിഷ്‌കാരസ്വാതന്ത്ര്യത്തെപ്പറ്റി എല്ലാവരും വലിയ വായില്‍ വര്‍ത്തമാനം പറയുന്നതെന്തിന്?

കല്‍ബുര്‍ഗിയുടെയും എം.എഫ് ഹുസൈന്റെയും കാര്യത്തില്‍ മാത്രം ഒരു സമുദായവും തസ്ലീമ നസ്രീന്റെ കാര്യത്തില്‍ മറുസമുദായവും ആവിഷ്‌കാരപ്പനി ബാധിച്ച് ഉറഞ്ഞു തുള്ളുമ്പോള്‍ നഷ്ടപ്പെടുന്നതെന്താണ്? അധ്യാപകന്റെ കൈ വെട്ടിയെടുത്തവര്‍ക്ക് പോലും ഇഷ്ടമുള്ളത് പറയാനും ഇഷ്ടമുള്ളത് തിന്നാനുമുള്ള സ്വാതന്ത്ര്യത്തെപ്പറ്റി പറയാം എന്നതിലുള്ള പരിഹാസ്യത എന്ത് മാത്രം ദയനീയമാണ്.

സന്തോഷ് ഏച്ചിക്കാനം

സന്തോഷ് ഏച്ചിക്കാനം

ഇന്ത്യയിലെ മുസ്ലിം സ്വത്വപ്രതിസന്ധിയെപ്പറ്റി, സംഘപരിവാരമനസ്സിനെയും പൊതുബോധത്തെയും തന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്തി -നോക്കൂ സുഹ്‌റയുടെ നിസ്സഹായാവസ്ഥ പോലും പൊതുബോധത്തിന്റെ തന്നെ സൃഷ്ടിയാണല്ലോ- ഉറക്കെപ്പറഞ്ഞ എന്‍.എസ് മാധവന്‍ പൊതുബോധത്തിന്റെ അടിമയാണെന്ന് ആരോപിക്കപ്പെടാന്‍ ഒരൊറ്റ കാരണം മാത്രമേ വേണ്ടി വന്നുള്ളൂ. ഹിഗ്വിറ്റയിലെ നെഗറ്റീവ് കഥാപാത്രം മുസ്ലിം പേരുകാരനായിപ്പോയി എന്നത് മാത്രം. അതോടെ നമ്മള്‍ തിരുത്തിനെ മറന്നു, നിലവിളികളെ മറന്നു, മുംബൈയെ മറന്നു. മുംബൈയില്‍, പ്രമീള ഗോഖലെയിലൂടെ ചിത്പാവന്‍ ബ്രാഹ്മണന്‍ തന്നെ കൃത്യമായി പ്രതിസ്ഥാനത്ത് നിര്‍ത്തപ്പെട്ടതും മറന്നു.

സ്വത്വവൈവിധ്യങ്ങളെ അംഗീകരിച്ചും ആദരിച്ചും കൊണ്ട് തന്നെ, കീഴാള സ്വത്വം എന്ന പരികല്‍പനയെ നിരാകരിക്കാനും ജാതികള്‍ തമ്മിലുള്ള അന്തരത്തെ ഇല്ലാതാക്കാനുമാണ് പ്രവാചകന്മാര്‍ ശ്രമിച്ചത്. നൂഹ് നബിയോട് ആ സമൂഹത്തിലെ മലഅ് (സവര്‍ണര്‍ തന്നെ, സ്വയം സവര്‍ണ ബോധം വെച്ചു പുലര്‍ത്തിയിരുന്നത് കൊണ്ട് ഖുര്‍ആന്‍ അവരെ അപ്രകാരം തന്നെ ആക്ഷേപസ്വരത്തിലാണെങ്കിലും വിശേഷിപ്പിച്ചു) ഞങ്ങളുടെ കൂട്ടത്തിലെ കീഴാളര്‍ മാത്രമല്ലേ നിന്നോടൊപ്പമുള്ളൂ എന്നാക്ഷേപിച്ചു. അതിന് പ്രവാചകന്‍ പറയുന്ന മറുപടിയില്‍ പക്ഷേ, കീഴാളന്‍ എന്നര്‍ത്ഥമുള്ള അറാദില്‍, അര്‍ദലൂന്‍ എന്നീ പദങ്ങള്‍ വരുന്നില്ല. അവര്‍ സത്യാനുഗാതാക്കള്‍ മാത്രമാണ്, അറാദില്‍ അല്ല എന്ന് അദ്ദേഹത്തിന്റെ മറുപടി. കീഴാളബോധത്തെ അതേ പദമുപയോഗിച്ചു കൊണ്ട് ഇല്ലാതാക്കാന്‍ പറ്റില്ല എന്ന് ആ മറുപടിയിലെ മനശ്ശാസ്ത്രം. ഇപ്പോഴത്തെ പ്രതിരോധക്കാര്‍ കീഴാളബോധത്തെയും തജ്ജന്യമായ അപകര്‍ഷതകളെയും നിലനിര്‍ത്താനാണ് പരിശ്രമിക്കുന്നത്. ഒരു കഥാപാത്രത്തിന്റെ പേരിന്റെ, അല്ലെങ്കില്‍ കഥാസന്ദര്‍ഭങ്ങളുടെ പശ്ചാത്തലങ്ങളെ മുറിച്ചെടുത്തു കൊണ്ട് വിപ്ലവം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ അറിഞ്ഞോ അറിയാതെയോ വര്‍ഗീയതയെ ഉല്‍പാദിപ്പിക്കുകയാണ്.

പണ്ടേ ബ്രാഹ്മണവിഡ്ഢിത്തങ്ങള്‍ അഥവാ നമ്പൂതിരിഫലിതങ്ങള്‍ എന്ന പേരില്‍ ആക്ഷേപഹാസ്യങ്ങള്‍ പറഞ്ഞും കേട്ടും കൈമാറിയും ശീലിച്ച നമുക്ക് അതൊന്നും സമുദായാക്ഷേപങ്ങളായി തോന്നിയിരുന്നില്ല. നമ്പൂതിരിമാരടക്കം അവ പറയുകയും ചിരിക്കുകയും ചെയ്തിരുന്നതും പഴങ്കഥ. പറയുന്ന കാര്യങ്ങളില്‍ ചിലപ്പോഴൊക്കെ സത്യങ്ങളുണ്ടാവാം. എന്നാല്‍ തത്വങ്ങളെ സാമാന്യവല്‍ക്കരിക്കുന്നേടത്ത് അതശ്രദ്ധയും ജാഗ്രതയും പുലര്‍ത്തണം. വിമര്‍ശകന്മാര്‍ക്ക് എന്തെങ്കിലും കണ്ടെത്തിയതിലുള്ള ചാരിതാര്‍ത്ഥ്യമേയുണ്ടാകൂ, അതിനപ്പുറം ഇത്തരം വിതണ്ഡവാദങ്ങള്‍ക്ക് ഇവിടുത്തെ ജാതീയതയെ അവസാനിപ്പിക്കാന്‍ പോയിട്ട് അതില്‍ ഒരു പോറലേല്‍പിക്കാന്‍ പോലുമുള്ള ത്രാണിയില്ലെന്ന് ഇതെഴുതുന്നയാള്‍ക്ക് നല്ല നിശ്ചയമുണ്ട്. അതേസമയം അവര്‍ ഈ ചാരിതാര്‍ത്ഥ്യമനുഭവിക്കുമ്പോള്‍ സമൂഹത്തിലെ ശേഷിയും ബോധവുമുള്ള എഴുത്തുകാരും മറ്റും സംഘി എന്നും പൊതുബോധത്തിന്റെ അടിമകള്‍ എന്നും വര്‍ഗീയമനസ്സുള്ളവര്‍ എന്നുമൊക്കെയുള്ള ശകാരങ്ങള്‍ കേട്ട് നിരാശരാവുകയാണ്. ഈ നിരാശ അവരിലുണ്ടാക്കിയേക്കാവുന്ന നിഷേധാത്മകപ്രതികരണങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന ആഘാതത്തെപ്പറ്റി ആരോര്‍ക്കുന്നു.

 

കടപ്പാട് – ലേഖകന്റെ ഫേസ്‌ബുക്ക് പോസ്റ്റ് . ആനുകാലികങ്ങളിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും നിരന്തരം സാമൂഹികവിഷയങ്ങളിൽ ഇടപെടുന്ന എഴുത്തുകാരൻ കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി സ്വദേശിയാണ്.

Be the first to comment on "‘സന്തോഷിന്റെ ബിരിയാണിയും അൻസാരിയുടെ പ്രേതങ്ങളും’ .ബിരിയാണിയിൽ എവിടെയാണ് മുസ്ലിം വിരുദ്ധതയുള്ളത്?"

Leave a comment

Your email address will not be published.


*