ഉത്തർപ്രദേശ് ആരോടൊപ്പം നില്‍ക്കും?

നൗഫല്‍ അറലട്ക്ക

രാജ്യത്ത് വർധിച്ചു വരുന്ന വർഗീയ ഫാസിസ്റ്റു ശക്തികളെ ആര് പിടിച്ചു കെട്ടും ?, നോട്ട് നിരോധനത്തിന്റെ ജനകീയ പ്രതികരണം എന്താണ് ?, 2019 ൽ നരേന്ദ്രമോദിക്ക് വീണ്ടും അധികാരത്തിൽ വരാൻ സാധിക്കുമോ ?, എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരമായാണ് വരാനിരിക്കുന്ന ഉത്തർ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനെ രാഷ്ട്രീയ നിരീക്ഷകർ വീക്ഷിക്കുന്നത്. മാറി മറിയുന്ന ജാതി മത സാമുദായിക രാഷ്ട്രീയത്തിലൂടെ സങ്കീർണമായ ഉത്തർ പ്രദേശിൽ 2014 ൽ ആഞ്ഞുവീശിയ മോദിതരംഗം അതു വരെയുണ്ടായ സമവാക്യങ്ങളെ പാടെ മാറ്റി എഴുതിയിരുന്നു. 403 നിയമസഭാ സീറ്റുകളിലേക്ക് 7 ഘട്ടങ്ങളിലായി തിരെഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തു ഫെബ്രുവരി 11 നു ആദ്യഘട്ടവും മാർച്ച് 8 നു അവസാന ഘട്ട വിധിയെഴുത്തും നടക്കും. സമാജ്‌വാദി -കോൺഗ്രസ് സഖ്യത്തിൽ സമാജ്‌വാദി പാർട്ടി 298 സീറ്റിലേക്കും കോൺഗ്രസ് 105 സീറ്റിലേക്കും മത്സരിക്കുന്നു. ബി.എസ്.പി 403 സീറ്റിലേക്കും ബി.ജെ.പി 383 സീറ്റുകളിലും മത്സരിക്കുമ്പോൾ അസദുദീൻ ഉവൈസിയുടെ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ 52 മണ്ഡലങ്ങളിൽ ജനാഭിലാഷം തേടുന്നു .

സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 40 ശതമാനത്തോളം ഓ.ബി.സി വിഭാഗങ്ങളാണ്. അതിൽ 8 ശതമാനം സമാജ്‌വാദി പാർട്ടിയുടെ വോട്ട് ബാങ്കായ യാദവ സമുദായമാണ്. പൊതുവെ സമാജ്‍വാദിക്ക് ഒപ്പമായിരുന്ന ഓ.ബി.സി വിഭാഗം 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ പി ക്കു വോട്ട് ചെയ്തു . മായാവതിയുടെ പ്രധാന വോട്ട് ബാങ്കായ ദളിത് സമൂഹങ്ങള്‍ അകെ ജനസംഖ്യയുടെ 21 ശതമാനമാണ്. മോഡി തരംഗത്തിൽ ബി.ജെ.പി യിലേക്ക് മറിഞ്ഞ ഈ വിഭാഗങ്ങളെ തിരിച്ചുപിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബി.എസ്.പി. 22 ശതമാനം വരുന്ന സവർണ്ണ വോട്ടുകൾ തിരഞ്ഞെടുപ്പിനെ നിർണായകമായി സ്വാധീനിക്കും. പരമ്പരാഗതമായി കോൺഗ്രസിന് വോട്ട് ചെയ്തിരുന്ന സവർണ്ണര്‍ ബാബരി മസ്ജിദ് തകർക്കപ്പെടുന്ന സമയത്തു പൂർണമായി ബി.ജെ.പി യിലേക്ക് ചേക്കേറി. ഈ വോട്ടുകൾ തിരിച്ചു പിടിക്കാൻ കോൺഗ്രസ്സും ശ്രമിക്കുന്നുണ്ട്. 19 ശതമാനം വരുന്ന മുസ്ലിം വോട്ടുകൾക്ക് നിർണ്ണായക സ്വാധീനം ചെലുത്താൻ കഴിയുമെങ്കിലും സമാജ്‌വാദി-കോൺഗ്രസ്, ബി.എസ്.പി എന്നിവർക്കായി മുസ്ലിം വോട്ടുകൾ വിഭജിച്ചു പോകാനുള്ള സധ്യതയുണ്ട്. മാത്രമല്ല , 52 സീറ്റുകളിലേക്ക് മത്സരിക്കുന്ന അസദുദീൻ ഉവൈസിയുടെ ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ ചുരുങ്ങിയ വോട്ടുകൾ നേടിയാൽ പോലും അത് ഏറ്റവും ഗുണം ചെയ്യുന്നത് ബി.ജെ.പി ക്കായിരിക്കും.

unnamed (3)

മുലായം സിങ്-അഖിലേഷ് യാദവ് അധികാര തർക്കത്തിൽ പ്രതിസന്ധിയിലായിരുന്ന സമാജ്‌വാദി പാർട്ടി പ്രശ്നങ്ങൾ പരിഹരിച്ച് കോൺഗ്രസ്സുമായി സഖ്യത്തിൽ ഏർപ്പെട്ട് പ്രചാരണത്തിൽ മുന്‍പന്തിയിലെത്തി. മുഖ്യമന്ത്രി അഖിലേഷ് യാദവ് , കോൺഗ്രസ് ഉപാധൃക്ഷൻ രാഹുൽ ഗാന്ധി , അഖിലേഷിന്റെ ഭാര്യ ഡിംപിൾ യാദവ് , എന്നിവരാണ് സഖ്യത്തിന്റെ താരപ്രചാരകർ. പ്രിയങ്ക ഗാന്ധി അടുത്ത് തന്നെ പ്രചാരണ രംഗത്ത് ഇറങ്ങുമെന്ന സൂചനകളാണ് ലഭിക്കുന്നത് .ഷീല ദീക്ഷിത്തിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി ഒരു വര്‍ഷം മുൻപേ പ്രചാരണത്തിന് ഇറങ്ങിയിരുന്ന കോൺഗ്രസ് സഖ്യം സാധ്യമായതോടു കൂടി കൂടുതൽ ആത്മവിശ്വാസത്തിലാണ്.
മായാവതിയെ സംബന്ധിച്ചിടത്തോളം ബി.എസ്.പി യുടെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പാണ്. ലോകസഭാ തിരഞ്ഞെടുപ്പിൽ അനുഭവപ്പെട്ട കടുത്ത പരാജയത്തിൽ നിന്ന് കരകയറി വീണ്ടും അധികാരത്തിൽ വന്നു ദേശിയ രാഷ്ട്രീയത്തിൽ തന്നെ ശക്തമായ ബദൽ തൻ്റെ നേതൃത്വത്തിൽ സാധ്യമാകാനുള്ള ശ്രമത്തിലാണ്. ദളിത്-മുസ്ലിം‍ സമുദായങ്ങളാണ് മായാവതിയുടെ പ്രധാന വോട്ട് ബാങ്ക്. അത് കൊണ്ട് തന്നെ നല്ലൊരു ശതമാനം മുസ്ലിം സ്ഥാനാര്‍ഥികളെയാണ് ബി.എസ്. പി മത്സരിപ്പിക്കുന്നത്. മാത്രമല്ല, ദൽഹി ജുമാ മസ്ജിദ് പുരോഹിതൻ ഷാഹി ഇമാമും ഉത്തർപ്രദേശ് ഉലമാ കൗൺസിലും ബി,എസ് പി ക്ക് പിന്തുണ പ്രഖ്യാപിച്ചത് മായാവതിയുടെ ആത്മ വിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.

sheelaadmakers-bsp_flag01

ബി.ജെ.പിയാകട്ടെ , ബ്രാഹ്മിണ, ദളിത്, ഓ.ബി.സി വോട്ടുകൾ പിടിക്കാൻ വൃത്യസ്ത തന്ത്രങ്ങളാണ് ആവിഷ്‌ക്കരിക്കുന്നത്. നോട്ട് നിരോധനത്തിൻ്റെ പശ്ചാത്തലത്തിൽ മോഡി , പുരോഗതി, വികസനം , തുടങ്ങിയ ഫോർമുലകൾ കാര്യമായി ഏശില്ല എന്ന് മനസ്സിലാക്കി തീവ്ര ഹിന്ദുത്വ പ്രചാരണത്തിന് തുടക്കമിട്ടിരിക്കുന്നു. രാമക്ഷേത്ര നിർമ്മാണം , മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ നിന്ന് ഹിന്ദുക്കൾ കൂട്ടമായി പലായനം ചെയ്യപ്പെടുന്നു എന്ന തരത്തിലുള്ള വ്യാജ വാർത്തകൾ തുടങ്ങി, ലൗ ജിഹാദും, ഗോഹത്യയും , ആന്റി റോമിയോ സ്‌കോഡും വരെ വിഷയമാക്കി പ്രചാരണം ശക്തമാക്കുക്കയാണവര്‍ . 24 മണിക്കൂറും പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ യുദ്ധ മുറികളാണ് ബി.ജെ.പി കേന്ദ്രങ്ങളിൽ ആരംഭിച്ചിരിക്കുന്നത് .നോട്ട് നിരോധനത്തിലുള്ള ജനരോഷവും ശക്തമായ ഒരാളെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്താനാവത്തതും ബി.ജെ.പി യുടെ ആഭ്യന്തര രാഷ്ട്രീയത്തിൽ അമർഷം പുകയുന്നതിന്റെ ലക്ഷണങ്ങളാണ്. ബീഹാറിൽ തമ്പടിച്ചു പ്രചാരണം നടത്തിയിരുന്ന മോദിയുടെ റാലികളുടെയും റോഡ് ഷോകളുടെയും എണ്ണം കുറഞ്ഞതും ശ്രദ്ധിക്കപെടുന്നുണ്ട്.
ലോകസഭാ തിരഞ്ഞെടുപ്പിൽ 80 ൽ 71 സീറ്റും കരസ്ഥമാക്കിയ ബി.ജെ.പി യെ സംബന്ധിച്ച് കേന്ദ്ര ഗവണ്മെ‍ന്റിന്റെയും, മോദിയുടെയും പ്രതിച്ഛായയെ സ്വാധീനിക്കുന്ന തിരഞ്ഞെടുപ്പ് കൂടിയാണ് ഇത്. അത് കൊണ്ട് തന്നെ ഏതു വിധേനയും വിജയം സാധ്യമാക്കാനുള്ള പരിശ്രമത്തിലാണ് അവർ . ബഹുജൻ സമാജ് പാർട്ടി , കോൺഗ്രസ്- സമാജ് വാദി പാർട്ടി സഖ്യത്തിനായി മതേതര വോട്ടുകൾ ഭിന്നിക്കാനുള്ള എല്ലാ സാധ്യതകളും കാണുന്നുണ്ട്. ഉവൈസിയുടെ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ നേടുന്ന വോട്ടുകളൊക്കെ ബി.ജെ.പി.യെ സഹായിക്കുന്ന വലിയ ഘടകമായി മാറും. സമാജ് വാദി -കോൺഗ്രസ് സഖ്യം കർഷകരെയും യുവാക്കളെയും സ്ത്രീകളെയും കേന്ദ്രീകരിച്ച് പ്രചാരണം നടത്തുമ്പോൾ തന്നെ മുസ്ലിം വോട്ടുകൾ എന്തായാലും തങ്ങൾക്കു ലഭിക്കും എന്ന ആത്മവിശ്വാസത്തിലാണ്. സഖ്യ പ്രഖ്യാപനത്തിനു ശേഷം രാഹുൽ ഗാന്ധിയും, അഖിലേഷ് യാദവും സംയുക്തമായി നടത്തിയ റോഡ് ഷോകളും റാലികളും ആഗ്ര, ലക്‌നൗ തുടങ്ങിയ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലൂടെയാണ് എന്നത് ശ്രദ്ധേയമാണ്. ലോകസഭാ തിരഞ്ഞെടുപ്പിൽ മോദിയുടെയും ബീഹാർ തിരഞ്ഞെടുപ്പിൽ നിതീഷ് കുമാറിന്റെയും പ്രചാരണത്തിന് ചുക്കാൻ പിടിച്ച പ്രശാന്ത് കിഷോറാണ് ഉത്തർ പ്രദേശിൽ കോൺഗ്രസ്-സമാജ്‌വാദി സഖ്യത്തിൻെ പ്രചാരണ പരിവാദികൾക്കു പിന്നിൽ. സാമൂഹിക മാധ്യമങ്ങളിൽ അഖിലേഷ് യാദവിന്റെ പ്രചരണാർത്ഥം തയ്യാറാക്കിയ പ്രൊമോ വീഡിയോകൾ ഇൻറർനെറ്റിൽ വൈറലായി കഴിഞ്ഞു.

images (17)
പ്രമുഖ ദേശിയ മാധ്യമങ്ങളും ഏജൻസികളും നടത്തിയ അഭിപ്രായ സർവേകൾ അവലോകനം ചെയ്യുമ്പോൾ ശരാശരി എൻ.ഡി .എ ക്ക് 163 സീറ്റും സംമാജ്‍വാദി-കോൺഗ്രസിന് 151 സീറ്റും ബി.എസ്.പി ക്ക് ബാക്കി സീറ്റുകളുമാണ് ലഭിക്കുക. പക്ഷെ അവസാന ഘട്ടത്തിൽ രാഷ്ട്രീയ സാഹചര്യങ്ങൾ മാറിമറിയുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഒരു വിഭാഗം മുസ്ലിം സാമുദായിക നേതാക്കൾ ബി.എസ്.പി യെ പിന്തുണച്ചു രംഗത്ത് വന്നത് മായാവതിയുടെ ആത്മ വിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. പ്രശ്നങ്ങൾ പരിഹരിച്ച് പ്രചാരണത്തിന് ഇറങ്ങിയ അഖിലേഷ് യാദവിന്റോടൊപ്പം ഒന്നിച്ചു പിതാവ് മുലായം സിങ് യാദവ് രംഗത്തു എത്തുന്നത് കണക്കുകൂട്ടൽ തെറ്റിക്കും. രാഹുൽ ഗാന്ധിയും അഖിലേഷിന്റെ ഭാര്യ ഡിംപിൾ യാദവും ശക്തമായി രംഗത്തുണ്ട് . സമാജ്‌വാദി -കോൺഗ്രസ് സഖ്യത്തിന് വേണ്ടി ആർ.ജെ ഡി അധൃക്ഷൻ പ്രചാരണത്തിനു ഇറങ്ങുന്നു എന്നുള്ളതും പ്രാധാന്യമർഹിക്കുന്നതാണ്.
ഉത്തർ പ്രദേശ് തിരഞ്ഞെടുപ്പ് ഫലമായിരിക്കും 2019 ലെ ലോകസഭാ തിരഞ്ഞെടുപ്പിലേക്കുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ തീരുമാനിക്കുക. സമാജ്‌വാദി-കോൺഗ്രസ് സഖ്യം വിജയിച്ചാൽ രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായ വർധിക്കും. കോൺഗ്രസ് അധ്യക്ഷ പദം സോണിയ ഗാന്ധിയിൽ നിന്ന് രാഹുൽ ഗാന്ധി ഏറ്റടുക്കുകയും ചെയ്യും. അഖിലേഷ് യാദവ് ദേശിയ രാഷ്ട്രീയത്തിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുകയും ചെയ്യും.
ബി.ജെ.പി ജയിക്കുകയാണെങ്കിൽ നരേന്ദ്ര മോദിക്ക് തൻ്റെ പ്രവർത്തനങ്ങൾക്കുള്ള പിന്തുണയാണെന്നു പറഞ്ഞു പ്രതിപക്ഷ പ്രധിഷേധങ്ങളെ അവഗണിച്ചു മുന്നേറാൻ പറ്റും. ബി.എസ്.പി യുടെ കാര്യത്തിൽ 2019 മായാവതിയെ ബദൽ ശക്തിയായി ഉയർത്തികാണിക്കാൻ പറ്റും. എന്തായാലും 21 ശതമാനം വരുന്ന ദളിത് വോട്ടുകളും 19 ശതമാനം വരുന്ന മുസ്ലിം, 10 ശതമാനം ബ്രാഹ്മണ വോട്ടുകളുമായിരിക്കും ഉത്തർ പ്രദേശിൽ ജയ പരാജയങ്ങൾ തീരുമാനിക്കുക.

ലേഖകന്‍ നൃൂഡല്‍ഹി ജാമിഅ മില്ലിയ ഇസ്ലാമിയയില്‍ ഒന്നാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് ബിരുദാനന്തരബിരുദ വിദൃാര്‍ത്ഥിയാണ്.

Be the first to comment on "ഉത്തർപ്രദേശ് ആരോടൊപ്പം നില്‍ക്കും?"

Leave a comment

Your email address will not be published.


*