മുഹ്‌സിനെ ‘ജീനിയസ്സാക്കിയ’ ശ്രീവാസ്തവ. വൈറലായി നാസർ മാലികിന്റെ ‘നൊസ്സ്’

നാസർ മാലിക് രചിച്ച് സംഗീതം പകർന്ന് സംവിധാനം ചെയ്തിരിക്കുന്ന ‘നൊസ്സ് ‘ മ്യൂസിക് വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നു. യുഎപിഎ അടക്കമുള്ള ഭീകരനിയമങ്ങൾക്കെതിരായ പ്രതിഷേധമാണ് വീഡിയോയുടെ പ്രമേയം.

‘അവനെ പിടിച്ചാൽ നോസ്സാ.. ഇവനെ പിടിച്ചാൽ നൊസ്സാ.. നുമ്മ പിടിച്ചാൽ നുമ്മ ജീനിയസ്’ എന്ന വരികളിലൂടെയാണ് ഗാനം തുടങ്ങുന്നത്. ഭീകരവാദവുമായി ബന്ധപ്പെട്ട മുസ്ലിംകളടക്കമുള്ള അപര സമൂഹങ്ങളിലെ യുവാക്കളെ പ്രതിചേർക്കുകയും വ്യാജകഥകൾ മെനയുകയും ചെയ്യുന്ന ഭരണകൂടം അതേ സമയം തന്നെ യാഥാർത്ഥപ്രതികളെ ‘ നൊസ്സ്’ ( ഭ്രാന്ത് , മാനസികപ്രശ്നം ) എന്ന് പറഞ്ഞു സംരക്ഷിക്കുകയാണെന്നു വീഡിയോവിലൂടെ നാസർ മാലിക് പറയുന്നു.

അബ്ദുന്നാസർ മദനി , സകരിയ അടക്കമുള്ള ഭരണകൂട ഭീകരതയെ അതിജീവിക്കുന്ന, യുഎപിഎ നിയമപ്രകാരം തടവറകളിൽ കഴിയുന്നവരെ സംഗീതത്തിന്റെ പശ്ചാത്തലത്തിൽ കാണാം.

പത്തു വര്‍ഷം മുൻപ് തിരുവനന്തരത്തെ മുഹ്‌സിൻ എന്ന വിദ്യാര്‍ഥിയെ ലെറ്റര്‍ ബോംബ് വിവാദത്തിന്റെ പേരിൽ അറസ്റ്റ് ചെയ്തിരുന്നു. എഞ്ചി. കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന മുഹ്സിന്‍ വളരെ പെട്ടെന്ന് വാര്‍ത്താ മാധ്യമങ്ങള്‍ക്ക് ഭീകരവാദിയായി. എഞ്ചിനീയറിംഗ് പഠനം മുടങ്ങി. നാട്ടില്‍ ഒറ്റപ്പെട്ടു. കുടുംബത്തെ എല്ലാവരും തീവ്രവാദികളായി മുദ്ര കുത്തി. കുറച്ചു നാളുകള്‍ക്ക് ശേഷം യഥാര്‍ത്ഥ പ്രതിയെ പോലീസ് പിടികൂടി. പ്രതിയുടെ പേര് രാജിവ് ശര്‍മ്മ എന്നായിരുന്നു. പോലീസ് പത്രസമ്മേളനം നടത്തി. “നല്ല കഴിവുള്ള ഒരു യുവാവാണ്, മാനസിക നില ശരിയല്ല” എന്ന് പറഞ്ഞു. മുഖ്യധാരാ പത്രങ്ങള്‍ക്ക് അതൊരു ചരമക്കോളം വാര്‍ത്ത‍ മാത്രമായിരുന്നു. ലെറ്റര്‍ ബോംബ് കേസിലെ യഥാര്‍ത്ഥ പ്രതി മാനസിക രോഗിയാണെന്ന് പ്രഖ്യാപിച്ചത് രമണ്‍ ശ്രീവാസ്തവയായിരുന്നു. ശ്രീവാസ്തവയെ സംസ്ഥാനത്തെ പോലീസ് സേനയുടെ ഉപദേശകനാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനിച്ച അതേ ദിവസം തന്നെയാണ് നാസര്‍ മാലിക്കിന്റെ ‘നൊസ്സ് ‘ റിലീസാകുന്നത്.

മ്യൂസിക് വീഡിയോവിനെ കുറിച്ച് നാസർ മാലിക് പറയുന്നു :

” ‘ നൊസ്സ് ‘ – ഇതാ റെഡി

പാടുവാൻ ആളെ കിട്ടാത്തത് തൊട്ട് ടെക്നിക്കൽ സൈഡ് വരെ നീണ്ട ബ്ലോക്കുകൾ , ഇത്രക്കും കഠിനമായ പ്രയത്നം എന്റെ മറ്റൊരു വർക്കിലും എനിക്ക് ഉണ്ടായിട്ടില്ല

പാട്ട് ഉണ്ടാക്കുന്ന ജോലി തൊട്ട് , പ്രൊഡക്ഷൻ നിർവ്വഹണം , ആർട്ടിസ്റ്റുകളെ തിരയൽ , ടെക്നിഷ്യന്മാരെ തിരയൽ തുടങ്ങി സംവിധാനം വരെ പോവേണ്ടി വന്നു എനിക്ക്

സുഹൃത്തുക്കളായ ഹർഷദ് ഭായ് , അഷ്കർ , റഹീസ് , മുജീബ് , സക്കീർ , സാദിഖ് എന്നിവർ അവസാന സമയം വരെയും ക്രിയേറ്റീവായും മറ്റും ഉപദേശം തരാൻ ഉണ്ടായിരുന്നു , റഹീസ് ഷൂട്ട് മൊത്തവും കൂടെ നിന്ന് ഹാർഡ് വർക്ക് ചെയ്‌തതും മറക്കാൻ കഴിയില്ല , മണിയേട്ടനും സഹായികളും കാണിച്ച അദ്ധ്വാനവും വളരെ വലുതാണ്

അഭിനേതാക്കളെ കിട്ടാനുള്ള ബുദ്ധിമുട്ടും ചെറുതായിരുന്നില്ല , മേക്കപ്പ് മാനും സുഹൃത്തുമായ ബാവയാണ് ഒടുവിൽ ഒരു റോൾ ചെയ്തത് , ബാവ അത് ഗംഭീരമാക്കുകയും ചെയ്തു , സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കാൻ പലരെയും വിളിച്ചപ്പോഴും പലരും മടിച്ചു ഒടുവിൽ യു എ പി എ യുടെ രാഷ്ട്രീയം തിരിച്ചറിഞ്ഞു അഭിനയിക്കാൻ മുന്നോട്ട് വന്ന ജീവ ജനാർദ്ദനൻ അവസാന നിമിഷം ആ ഭാഗം ഭംഗിയാക്കി

നൊസ്സിൽ ഒന്നും തന്നെ ഭാവനാ സൃഷ്ടികളല്ല ഇരയാക്കപ്പെട്ടവരെ വെളിപ്പെടുത്തലുകളാണ് അത് , അതിനെ കഴിയുന്ന രീതിയിൽ ആവിഷക്കരിച്ചു , ക്യാമറ മേഘലയിൽ തന്റെ കഴിവ് പരാമവധി ഫസൽ അവിടെ പ്രയോഗിച്ചിട്ടുണ്ട്

തുടക്കം തൊട്ടെ ഈ വർക്കിന്റെ എന്ത് കാര്യവും ആദ്യം തടസ്സം നേരിട്ടിരുന്നു എന്നതാണ് മറ്റൊരു കൗതുകം , ഒരു നടക്ക് പോയ ഒരു സംഭവവും ഇതിൽ ഉണ്ടായിട്ടില്ല അവിടെയെല്ലാം നടന്നത് ‘ പടച്ചവന്റെ ഡയറക്ഷൻ ആയിരുന്നു ‘ എന്നാണ് എന്റെ ഉറച്ച വിശ്വാസം

ഇതിനായി നിർമ്മാണത്തിന് മുന്നോട്ട് വന്ന പി സി എഫ് ജി സി സി ക്കും പി സി എഫ് പുതുക്കാട് മണ്ഡലം കമ്മറ്റിക്കും എന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു

അതോടൊപ്പം ഷൂട്ടിൽ പങ്കെടുത്ത മണിക്കൂറുകൾ ക്ഷമിച്ചു അവസാനം വരെ നിന്ന യു എ പി എ വിരുദ്ധ പോരാളികൾക്കും , ഇതിന്റെ പ്രമോഷൻ ഭംഗിയായി നിർവ്വഹിച്ച എഫ് ബി സുഹൃത്തുക്കൾക്കും എന്റെ നന്ദി , സ്നേഹം

ഇനി നിങ്ങൾ കാണൂ ‘ നൊസ്സ് ‘ ”

Be the first to comment on "മുഹ്‌സിനെ ‘ജീനിയസ്സാക്കിയ’ ശ്രീവാസ്തവ. വൈറലായി നാസർ മാലികിന്റെ ‘നൊസ്സ്’"

Leave a comment

Your email address will not be published.


*