‘ഇടത് രാഷ്ട്രീയക്കാരൻ’ ഫേസ്‌ബുക്ക് പ്രൊഫൈലുകളും മീഡിയവൺ ചാനലും

അസ്‌ലഹ് വടകര

എന്ത് കൊണ്ട് മീഡിയവണ്‍ തുടര്‍ച്ചയായി ആക്രമിക്കപ്പെടുന്നു

മീഡിയവൺ ചാനലിനെതിരായ വാർത്തകളും പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ചു ദിവസമായി നിരന്തരമായി കണ്ടുകൊണ്ടിരിക്കയാണ്. മലയാളത്തിലെ ചാനലുകളെയും ഫേസ്‌ബുക്കിടങ്ങളിലെ ചർച്ചകളെയും പലപ്പോഴും നിരീക്ഷിക്കുന്ന ആൾ എന്ന നിലയിൽ തോന്നിയ/ തോന്നുന്ന ചില ചോദ്യങ്ങളും കാര്യങ്ങളും പങ്കുവെക്കുകയാണ് ഇവിടെ.

ഇടത് രാഷ്ട്രീയക്കാരൻ / ലെഫ്റ്റ് ലിബറൽ / കമ്മ്യൂണിസ്റ്റ് / ചുവപ്പിനെ സ്‌നേഹിച്ചവൻ / സ്‌നേഹിച്ചവൾ എന്നിങ്ങനെ ബയോ നൽകിയ ഫേസ്‌ബുക്ക് പ്രൊഫൈലുകളിലാണ് കാര്യമായും ഇത്തരം പോസ്റ്ററുകളും വാർത്തകളും ഷെയർ ചെയ്യപ്പെടുന്നത് കണ്ടത്. ഹിന്ദുത്വ വർഗീയവാദികളെന്നു സ്വയം വിശേഷിപ്പിക്കുന്ന നമോ ഫാൻസുകാരുടെ അക്കൗണ്ടുകളും ഉണ്ട്. അത് ഒരു പുതുമയല്ലല്ലോ.? അതിന്റെ കാരണവും.

എന്തുകൊണ്ടായിരിക്കും ചുവന്ന പ്രൊഫൈലുകൾക്ക് മീഡിയവണ്‍ ചാനലിനോട് ഇത്രയും കലിപ്പ്?

ഹാദിയ, ഘർവാപസി കേന്ദ്രം , സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍, അഭിമന്യു കൊല തുടങ്ങിയ വിഷയങ്ങളിലെ മീഡിയവണ്‍ റിപ്പോർട്ടുകളാണ് കാര്യമായും വിമർശിക്കപ്പെടുന്നത്. വിമർശിക്കപ്പെടുക മാത്രമല്ല , പരിഹസിക്കപ്പെടുക കൂടി ചെയ്യുന്നുണ്ട്. എന്താണ് ഈ റിപ്പോർട്ടുകളിൽ ഇവർ കാണുന്ന അപകടം? ഒന്ന് ഇവ മുസ്‌ലിം തീവ്രവാദം/ വർഗീയവാദം/ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതും വളർത്തുന്നതുമാണ് എന്നതാണ്. രണ്ടാമത്തേത് ഇവയൊക്കെയും ഒരു മതേതരമായ/ പുരോഗമനപരമായ / ഇടതായ സർക്കാരിനെതിരുള്ളതാണ് എന്നതും.

രണ്ടാമത്തേതിൽ പുതുമകളില്ല. അതും സ്വാഭാവികവുമാണല്ലോ..

ഹാദിയ, ഘർവാപസി കേന്ദ്രം , സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍, അഭിമന്യു കൊല തുടങ്ങിയ വിഷയങ്ങളിലേക്ക് തന്നെ വരാം.

ഹാദിയയുടേത് ഒരു മനുഷ്യാവകാശ പ്രശ്‌നം എന്നതിനോടൊപ്പം തന്നെ ഈ രാജ്യത്തെ ഒരു മുസ്‌ലിം പുരുഷന്/ സ്ത്രീക്ക് സ്വയം ബോധ്യങ്ങളോടെയും തീരുമാനങ്ങളോടെയും എത്രത്തോളം ഇവിടെ ജീവിക്കാനാകും എന്ന വലിയ ചോദ്യം ഉയർത്തുന്ന ഒരു മുസ്‌ലിം ഇഷ്യൂ കൂടിയാണെന്ന് മീഡിയവൺ അതിന്റെ റിപ്പോർട്ടുകളിലൂടെയും ചർച്ചകളിലൂടെയും ഉയർത്തിക്കൊണ്ടുവന്നു എന്നാണു ചുവന്ന പ്രൊഫൈലുകളുടെ പരാതി. ഓൺലൈൻ പോർട്ടലുകളിൽ പ്രത്യക്ഷപ്പെടുന്ന പേരുള്ളതും ഇല്ലാത്തതുമായ സ്റ്റോറികൾ മുതൽ പോരാളി ഷാജി/ വീ ലവ് സിപിഎം തുടങ്ങിയുള്ള പേജുകൾ ഷെയർ ചെയ്യുന്ന പോസ്റ്ററുകൾ വരെ ഇതുതന്നെയാണ് പറഞ്ഞുകൊണ്ടിരുന്നത്. പറയുന്നതും. ഹാദിയയുടെ നീതിക്കായുള്ള പോരാട്ടങ്ങളെ പരാജയപ്പെടുത്താൻ സംഘ് പരിവാർ ശ്രമിക്കുമ്പോൾ പലതവണ സർക്കാരും അതിന്റെ ബോഡികളും അതിനുള്ള കുട പിടിച്ചുകൊടുത്തതും മീഡിയവൺ റിപ്പോർട് ചെയ്‌തു. ഇന്ത്യയിലെ പൗരാവകാശ രംഗത്തെ ലാന്‍ഡ്മാര്‍ക്ക് വിധിക്ക് കാരണമായ ഹാദിയ കേസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തതാണ് ഇവർക്ക് ചാനല്‍ ചെയ്ത പാതകം. തുടക്കത്തിൽ മറ്റു ചാനലുകള്‍ക്ക് അതൊരു വാര്‍ത്ത പോലും ആകാതിരിക്കെ മീഡിയവണ്‍ നടത്തിയ ഇടപെടലാണ് പ്രശ്നത്തെ ജനസമക്ഷത്തില്‍ എത്തിച്ചത്.

രണ്ടാമത്തേത് ഹർത്താലാണ്. വ്യാജ ഹർത്താൽ , വാട്സാപ്പ് ഹർത്താൽ , സോഷ്യൽ മീഡിയ ഹർത്താൽ എന്നിങ്ങനെ പല പേരുകളുള്ളവ. അതിന്റെ പിന്നിലും മുന്നിലും ആര് എന്നുള്ളവയ്ക്ക് വ്യക്തതയില്ലെങ്കിലും ഹർത്താലിനെ തുടർന്നുള്ള ദിവസങ്ങളിൽ കേരള പോലീസ് അതിന്റെ പേരിൽ കേരളത്തിലുടനീളം ആയിരത്തിനടുത്ത് ആളുകളെ അറസ്റ്റ് ചെയ്‌തു എന്നത് വ്യക്തമാണ്. ഹർത്താലിന്റെ സീനിലേ ഇല്ലാത്തവരും ഇതിൽ ഉൾപ്പെടും. ഭൂരിഭാഗവും മുസ്‌ലിം ചെറുപ്പക്കാർ. സിപിഎമ്മിലും മുസ്‌ലിം ലീഗിലും എസ്ഡിപിഐയിലും പ്രവർത്തിക്കുന്നവരാണ് എൺപത്‌ ശതമാനം പേരും. കേരളത്തിലെ ഹർത്താൽ പതിവുകളിൽ എവിടെയും കാണാത്ത ഈ പോലീസ് വേട്ട , മുസ്‌ലിം വിരുദ്ധതയിൽ നിന്നും ഉണ്ടായതാണ് എന്ന് മീഡിയവൺ തുടക്കത്തിലേ റിപ്പോർട്ടുകൾ നൽകി. ഒരു കാരണവുമില്ലാതെ തങ്ങളുടെ പ്രവർത്തകരെയടക്കം , അവരുടെ മുസ്‌ലിം സ്വത്വം കാരണം തങ്ങളുടെ തന്നെ പോലീസ് പിടിച്ചുകൊണ്ടുപോയി കസ്റ്റഡിയിൽ വെക്കുമ്പോൾ മൗനം പാലിക്കുകയും കയ്യടിക്കുകയും ചെയ്ത ‘ഇടത് രാഷ്ട്രീയക്കാരൻ ‘ പ്രൊഫൈലുകൾ , ഇതിനെ വാർത്തയാക്കിയ മീഡിയാവണ്ണിനെതിരെ ഹേറ്റ് കാമ്പയിനുകൾ സജീവമാക്കുകയായിരുന്നു.

മഹാരാജാസ് കോളജിൽ കാമ്പസ് ഫ്രണ്ട് പ്രവർത്തകർ അഭിമന്യുവിനെ കൊലപ്പെടുത്തിയപ്പോൾ എല്ലാ ചാനലുകളെയും പോലെ മീഡിയവണ്ണും ആ വിഷയം ഏറെ ഗൗരവത്തോടെ ഏറ്റെടുത്തു എന്നാണ് കാണാൻ കഴിയുക. ചാനലിന്റെ പ്രൈം ടൈം ചർച്ചകളിലും ടോക്ക് ഷോയിലും അഭിമന്യുവിന് ലഭിക്കേണ്ട നീതിയെ കുറിച്ചുള്ള ചർച്ചകളുണ്ടായി. ചർച്ചകളിലെ അവതാരകരും ടോക്ക് ഷോയിലെ മോഡറേറ്ററും അഭിമന്യുവിന് ലഭിക്കേണ്ട നീതിയെ കുറിച്ച് കൃത്യമായി വീണ്ടും  പറഞ്ഞുകൊണ്ടേയിരുന്നു. ഒരു പടികൂടി കടന്ന് എസ്എഫ്ഐയെയും സിപിഎമ്മിനേയും വിമർശിക്കേണ്ട അവസരം ഇതല്ലെന്നു പറയുകയും അങ്ങനെ പറയുന്നവരുടെ സംസാരങ്ങളെ തള്ളിപ്പറയുകയും ചെയ്‌തു. എന്നാലും ഇത് ‘കമ്മ്യൂണിസ്റ്റ്’ ബയോ പ്രൊഫൈലുകാർക്ക് മതിയായിരുന്നില്ല. അഭിമന്യു വധത്തിന്‍റേ പേരിൽ ഒരു മുസ്‌ലിം വേട്ട മീഡിയവൺ നടത്തിയില്ല എന്നതാണ് അവരുടെ പ്രധാന പ്രശ്നം. ഈ വേളയിൽ ‘അന്താരാഷ്ട ബന്ധങ്ങളുള്ള മുസ്‌ലിം തീവ്രവാദം കേരളത്തിലേക്കും’ എന്ന ടൈറ്റിലിൽ ചർച്ചകൾ മീഡിയവൺ സംഘടിപ്പിച്ചില്ല എന്നത് തന്നെയാണ് നിങ്ങളുടെ ഇതിലുള്ള പങ്ക് എന്ന് വ്യാപകമായി പ്രചരിപ്പിച്ചു. മുസ്‌ലിം വിരുദ്ധത ശീലമാക്കിയ കാരശ്ശേരി/ ചേന്ദമംഗല്ലൂർ സെക്കുലറിസ്റ്റുകളെ കൊണ്ടുവന്നു തീവ്രവാദത്തെ കുറിച്ചുള്ള സ്റ്റഡി ക്ലാസ് മീഡിയവൺ നടത്താത്തതും ഒരു കാരണം. ഒപ്പം അഭിമന്യു കൊലപാതകത്തിന്റെ കേസന്വേഷണത്തിന്റെ മറവിൽ പോലീസ് നീക്കങ്ങൾ ‍ മുസ്ലിം വേട്ടയിലേക്ക് തിരിയുന്നതിനെ ചോദ്യം ചെയ്യുന്നതും ഏതിര്‍ ചേരിയിലുള്ള കാംപസ് ഫ്രണ്ടിനും പറയാനുള്ള പറയാനുള്ള അവസരം നല്‍കുന്നതുമാണ് മറ്റു പ്രകോപനങ്ങൾ.

മീഡിയാവണ്ണിന്റെ പ്രധാന അവതാരകാരിൽ ഒരാളായ ടി പി ഹർഷൻ മറ്റൊരു ചാനലിലേക്ക് പോയതാണ് ഇപ്പോൾ പുതിയ സംഭവം. അഭിമന്യു കേസ് കൈകാര്യം ചെയ്‌തതിൽ മീഡിയവൺ എസ്ഡിപിഐയോട് കൂറ് പുലർത്തിയെന്നും അതിൽ പ്രതിഷേധിച്ചാണ് ഹർഷന്റെ രാജിയെന്നുമാണ് വാർത്തകൾ. ദേശാഭിമാനി അസോ. എഡിറ്റര്‍ പി എം മനോജിന്റെ മകന്റെ നേതൃത്വത്തിലുള്ള ഐ വിറ്റ്നസ് എന്ന ഓൺലൈൻ പോർട്ടലാണ് ഈ കാര്യം പറഞ്ഞു മീഡിയവൺ ഒരു സമ്പൂര്‍ണ മൌദൂദി ചാനലായി മാറിയെന്ന വാര്‍ത്ത ആദ്യം നല്‍കിയത്. പിന്നീട് ഇടത് അനൂകൂല ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അത് ആവര്‍ത്തിച്ചു. തുടർന്നങ്ങോട്ട് പോസ്റ്ററുകളുടെയും ഫോർവേഡ് മെസ്സേജുകളുടെയും ചാകരയായിരുന്നു.

സത്യത്തിൽ എന്താണ് സംഭവിച്ചത്.

ഇപ്പോള്‍ ലഭിക്കുന്നതിനെക്കാള്‍ അമ്പതു ശതമാനത്തിലധികം ശമ്പളം പുതുതായി തുടങ്ങുന്ന ചാനല്‍ അഥവാ ഫ്ലവർസ് ടിവിയുടെ ന്യൂസ് പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്തതോടെയാണ് ടി പി ഹര്‍ഷന്‍ ചാനല്‍ വിടുന്നത്. മലയാളചാനലുകളിലെ മുതിർന്ന മാധ്യമപ്രവർത്തകരിൽ ഒരാളായ ഹർഷൻ പലപ്പോളും ചർച്ചകളിലും ടിവി പരിപാടികളിലും വളരെ തുറന്ന രാഷ്ട്രീയ പൊസിഷനുകൾ എടുക്കുന്ന വ്യക്തിയാണ്. മലയാളചാനലുകളിൽ ഇത്തരം രാഷ്ട്രീയ പൊസിഷനുകൾ എടുക്കുന്ന അപൂർവ്വം പേരിൽ ഒരാൾ. അങ്ങനെ ആ നിലപാട് പറഞ്ഞിട്ടുകൂടിയാണ് ഹർഷൻ മാതൃഭൂമിയിൽ നിന്ന് ഇറങ്ങുന്നതും മീഡിയാവണ്ണിലേക്ക് വരുന്നതും. ഹർഷന്റെ രാഷ്ട്രീയനിലപാടുകൾ മീഡിയാവണ്ണിനും മീഡിയാവണ്ണിന്റെ രാഷ്ട്രീയം ഹർഷനും അറിയാം എന്ന് ചുരുക്കം.

ഹര്‍ഷന്‍ തന്നെ നേതൃത്വം നല്‍കിയ രാത്രി ചര്‍ച്ചകള്‍ , കേരള സമ്മിറ്റ് എന്നിവയിലെല്ലാം സി പി എം അനുകൂല നിലപാടിനാണ് മുന്‍തൂക്കം ലഭിച്ചത്. മീഡിയാവണ്ണിന്റെ ഏറ്റവും പ്രൈം പ്രോഗ്രാമുകളിൽ ഒന്നായ കേരള സമ്മിറ്റിൽ ഹർഷൻ പലപ്പോഴും ഏകപക്ഷീയമായ സിപിഎം പൊസിഷനുകൾ എടുത്തതും കാണാം. സി പി എം അനുകൂല ചര്‍ച്ചകളായി ഹര്‍ഷന്‍റെ ചര്‍ച്ചകൾ മാറുന്നുവെന്ന വിമര്‍ശം ഉയരവെയാണ് തിരിച്ചുള്ള ആരോപണം ഹര്‍ഷന്‍ ചാനല്‍ വിടാന്‍ കാരണമാക്കി കാണിക്കുന്നതെന്നാണ് വിരോധഭാസം. മറ്റൊരു ഓഫർ ലഭിച്ചിട്ട് ഹർഷൻ ചാനൽ വിടുമ്പോൾ , കേരളത്തിലെ സിപിഎം പ്രൊഫൈലുകളും സിപിഎം സ്പോണ്സേഡ് ഓൺലൈൻ പോർട്ടലുകളും അതിനെ സമീപിക്കുന്നത് പച്ചക്കള്ളം പറഞ്ഞും മുസ്‌ലിം വിരുദ്ധത പ്രചരിപ്പിച്ചുമാണ്.

കാര്യങ്ങൾ വ്യക്തമാണ്. സി പി എം നിശ്ചയിക്കുന്ന അജണ്ടയില്‍ കേരളത്തിലെ മാധ്യമ ങ്ങള്‍ കറങ്ങണമെന്നാണ് സി പി എം കരുതുന്നത്. ആ അജണ്ടയിൽ മുസ്‌ലിം വിരുദ്ധത നല്ലവണ്ണം ഉണ്ട്. ആ അജണ്ട ഇടത് സ്‌തുതികളാൽ ഉണ്ടാക്കപ്പെട്ടതാണ്. ഹിന്ദുത്വത്തെ പ്രതിരോധിക്കുക എന്നതാ അജണ്ടയുടെ വലിയ കാര്യപരിപാടി അല്ല. ആ അജണ്ടക്ക് കീഴൊതുങ്ങാത്ത മീഡിയവണിനെ പാഠം പഠിപ്പിക്കാന്‍ ലഭിക്കുന്ന ഓരോ അവസരവും ഉപയോഗിപ്പെടുത്തുകയാണ് ഈ ‘ ഇടത് രാഷ്ട്രീയക്കാരൻ ‘ പ്രൊഫൈലുകളും ഓണ്‍ലൈന്‍ പോർട്ടലുകളും. ന്യൂനപക്ഷവിഷയങ്ങളിലും ഹിന്ദുത്വയെ പ്രതിരോധിക്കുന്നയിടങ്ങളിലും സിപിഎം പ്രതിസന്ധിയിലാകുമ്പോളെല്ലാം മീഡിയവണ്ണിനെതിരെ ഇത്തരം വേട്ട സൈബറിടങ്ങളില്‍ കാണാവുന്നതാണ്. തൃപ്പൂണിത്തറയിലെ ആര്‍എസ്എസ് ഘര്‍വാപ്പസി സെന്ററിലെ മനുഷ്യാവാശ ലംഘനങ്ങള്‍ പകല്‍ പോലെ പുറത്തുവന്നിട്ടും അതിനുള്ള സര്‍ക്കാര്‍ പിന്തുണ വാര്‍ത്തയായപ്പോള്‍ ‘ മീഡിയാവണ്‍ ചാനലല്ലേ , വിശ്വസിക്കില്ല. ‘ എന്ന നിലപാടാണ് സിപിഎം നേതാവ് സ്വരാജ് എംഎല്‍എ ആദ്യമെടുത്തിരുന്നത് എന്നോര്‍ക്കണം.

മീഡിയാവണ്ണിനെ സിപിഎമ്മുകാർ പേടിക്കുന്നതിനുള്ള കാരണം അതിനു തങ്ങളുടെ ഉള്ളിലെ കള്ളത്തരങ്ങളെ വെളിച്ചത്ത് കൊണ്ടുവരാനാവും എന്നതിനാലാണ്. അതിന്റെ ചർച്ചയിൽ പങ്കെടുത്ത് , അത് ഉന്നയിക്കുന്ന വിഷയങ്ങളിൽ അസ്വസ്ഥരായി , അതിന്റെ മാനേജ്‌മെന്റിനോടുള്ള മുൻവിധികൾ വെച്ചുകൊണ്ട് മുസ്‌ലിം സമുദായത്തെയാകെ ‘ നിങ്ങൾ തീവ്രവാദികൾ , വിശ്വസിക്കാൻ കൊള്ളാത്തവർ ‘ എന്നൊക്കെ പറഞ്ഞുപോവേണ്ടിവരും എന്നതുകൊണ്ടാണ്. സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗവും എൽഡിഎഫ് കൺവീനറുമായ എ വിജയരാഘവൻ അതിനൊരുദാഹരണമാണല്ലോ.

Be the first to comment on "‘ഇടത് രാഷ്ട്രീയക്കാരൻ’ ഫേസ്‌ബുക്ക് പ്രൊഫൈലുകളും മീഡിയവൺ ചാനലും"

Leave a comment

Your email address will not be published.


*