ശബരിമല: സ്ത്രീപ്രവേശനം വിദൂരസാധ്യതയാവുമ്പോൾ…

കെകെ ബാബുരാജ്

ശബരിമലയിലെ സ്ത്രീപ്രവേശനം ഈ ഘട്ടത്തിൽ വിദൂരസാധ്യതയായി മാറുകയും, ഒട്ടനേകം പേർക്ക് വലിയ നിരാശ ജനിപ്പിക്കുകയും ചെയ്‌തിരിക്കുകയാണ്. ഒരുപക്ഷെ സർക്കാർ കുറച്ചുകൂടെ അവധാനത കാണിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്‌തിരുന്നെങ്കിൽ സ്ഥിതി വ്യത്യസ്‌തമായിരുന്നേനെ.

സാമൂഹികനവോഥാനത്തിന്റെയും ഭരണഘടനാ ധാർമികതയുടെയും തുടർച്ച ഉള്ളതിനാൽ സുപ്രീം കോടതി വിധി സുഗമമായി നടത്താം എന്ന ഇവരുടെ “ചരിത്രപരമായ” വിലയിരുത്തൽ തന്നെയല്ലേ പ്രശ്‌നത്തിലായത്? ഇവർ വിസ്‌മരിക്കുന്ന കാര്യം, സാമൂഹിക നവോഥാനം നടന്നത് കൊളോണിയലിസത്തിന്റെ കീഴിലായിരുന്നു എന്നതാണ്. കൊളോണിയൽ ഭരണാധികാരികൾ മുന്നോട്ടുവെച്ച സാമ്പത്തിക-സാമൂഹിക-വികസന പരിപാടികളുടെ പശ്ചാത്തലത്തിലാണ് ആചാര പരിഷ്‌കരണങ്ങൾ നടന്നത്. കൊളോണിയൽ ഭരണം മൂലം ദുർബലരായ പ്രാദേശിക സവർണ്ണ ഭരണകർത്താക്കൾ പല അനാചാരങ്ങളും റദ്ദ് ചെയ്യാൻ നിർബന്ധിതരായി മാറി. മാത്രമല്ല, വിവിധ തലങ്ങളിൽനിന്നും കീഴാളമുന്നേറ്റങ്ങളും ഉയർന്നുവന്നു. എങ്കിലും, മാർക്സിസ്റ്റ് ചരിത്രകാരന്മാർ പറയുന്ന നവോഥാനത്തിന്റെ രേഖീയ പാഠങ്ങൾക്കപ്പുറം അതിന്റെ ഇടർച്ചകളിലും ശകലിതങ്ങളിലുമാണ് കീഴാളരുടെയും സ്ത്രീകളുടെയും സ്വരം ഉയർന്നതെന്നു കാണേണ്ടതുണ്ട്.

എന്നാൽ, ഇന്നത്തെ സ്ഥിതി എന്താണ്? സ്വാതന്ത്ര്യാനന്തര കേരളത്തിൽ ഉണ്ടായത് ഒരു ശൂദ്രാധിഷ്ഠിത രാഷ്ട്രീയ അധികാരകേന്ദ്രമാണ്. അത് സവർണ്ണ മേധാവിത്തതിനെ ദുർബലപ്പെടുത്തുന്നതിനുപകരം ശക്തിപ്പെടുത്തി. മാത്രമല്ല, അത് ബ്രാഹ്മണ്യത്തെ സംസ്‌കാരികമായും രാഷ്ട്രീയമായും അതിജീവിപ്പിച്ചു. അതിന്റെ പ്രതിഫലനമാണ് വൈദികബ്രാഹ്മണ്യത്തിന്റെ അവശിഷ്ടമായ തന്ത്രികുടുംബത്തിനും, പന്തളം രാജാവുപോലുള്ള ക്ഷത്രിയർക്കും കിട്ടുന്ന ഭരണഘടനാ ബാഹ്യമായ സവിശേഷ പദവികൾ. ഇവരുടെ പ്രത്യേക അധികാരങ്ങളെ റദ്ദ് ചെയ്യുകയോ വരുതിയിൽ വരുത്തുകയോ ചെയ്യാതെ ശബരിമലയിൽ സ്ത്രീപ്രവേശനം പോലുള്ള ആചാരപരിഷ്‌കരണം നടത്തുക ബുദ്ധിമുട്ടാണ്. ബ്രിട്ടീഷുകാരുടെ ഭരണത്തിലും ടിപ്പുവിന്റെ കാലത്തും സവർണ്ണരുടെ അധികാരത്തെ ദുർബലപ്പെടുത്തിയാണ് ഭരണപരിഷ്‌കാരവും ആചാരപരിഷ്‌കരണവും നടന്നത്. ഇത്തരം വസ്‌തുതകൾ പറയാതെ സുനിൽ.പി.ഇളയിടത്തെപോലുള്ള ഔദ്യോഗിക മാർക്സിസ്റ്റ് ചരിത്രകാരന്മാർ വാക്കുകൾകൊണ്ട് ദിശ തെറ്റിക്കുകയാണ് ചെയ്യുന്നത്.

ഇന്ന് ഉയർന്നു വന്നിട്ടുള്ള പുതുലിംഗ-സ്ത്രീ രാഷ്ട്രീയത്തിന്റെ പ്രതിഫലനങ്ങൾ സുപ്രീം കോടതി വിധിയിലുണ്ട്. അതിനെ നവോഥാനത്തിന്റെ തുടർച്ചയായി കാണുന്നതിൽ അർഥമില്ല. എന്നാൽ, ഈ പുത്തൻ സാഹചര്യത്തെ ഉൾകൊള്ളാൻ പാർട്ടിക്കും ഭരണകൂടത്തിനും എത്രമാത്രം കഴിയും എന്നതാണ് ചോദ്യം. വിമോചനസമരത്തിനു ശേഷം, കീഴാള സാന്നിധ്യത്തെ അവഗണിച്ചുകൊണ്ട് പ്രതിലോമശക്തികളുമായി ഐക്യപ്പെടുകയായിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടി എന്നത് എല്ലാവര്ക്കും അറിയാം. അതാണോ ആവർത്തിക്കാൻ പോകുന്നത്?

Be the first to comment on "ശബരിമല: സ്ത്രീപ്രവേശനം വിദൂരസാധ്യതയാവുമ്പോൾ…"

Leave a comment

Your email address will not be published.


*