തേജസ്: താഴ് വീണ ബദൽ ശബ്‌ദങ്ങൾ

യഹ്‌യ ഷിബിലി

‘തേജസ്’ ദിനപത്രം മുന്നോട്ട് നടക്കാന്‍ ബലമില്ലാതെ അടച്ചുപൂട്ടുന്നു എന്ന വാര്‍ത്ത സങ്കടത്തോടെ മാത്രമേ ആലോചിക്കാനാകുന്നുള്ളൂ. ഒരു വ്യാഴവട്ടക്കാലം മറുവാര്‍ത്തകളും മറുവാദങ്ങളും വായിപ്പിച്ച് മലയാളി പിന്നാക്ക ജനതയുടെ മനസ്സുകളില്‍ ബദല്‍ ചിന്തകളെ പാകപ്പെടുത്തിയതില്‍ നിര്‍ണായക പങ്കുണ്ട് തേജസിന് എന്നത് നിഷേധിക്കാനാവില്ല. കുറഞ്ഞ കോപ്പികളില്‍ തന്നെ കൂടുതല്‍ വായനക്കാരും അതിലേറെ ശത്രുക്കളും ഉണ്ടായി എന്നതാണ് തേജസിന്റെ ആകെയുള്ള സമ്പാദ്യം.

പത്രത്തെ സ്നേഹിക്കുകയും ജീവനാഡി പോലെ കൊണ്ടുനടക്കുകയും ചെയ്യുന്ന അതിന്റെ പ്രസ്ഥാനത്തിന് ഉള്ള അംഗബലത്തേക്കാള്‍ വിമര്‍ശകരും അസൂയാലുക്കളും ഉണ്ടായിട്ടുണ്ട്. മാധ്യമ പഠനകാലത്ത് ന്യൂസ് കംപാരിസണ്‍ സെഷനിലേക്കുള്ള ആവശ്യത്തിന് ‘തേജസും’ ‘ജന്മഭൂമി’യുമായിരുന്നു വായിച്ചുശീലിച്ചത്. രണ്ടു ധ്രുവങ്ങളിലുള്ള വായനയും രണ്ടുമുഖങ്ങളുള്ള വാര്‍ത്തകളും രണ്ട് തരം ശൈലികളും കൃത്യമായി മനസ്സിലാക്കാന്‍ ഇതില്‍ പരം നല്ല മാര്‍ഗം മലയാളത്തില്‍ വേറെ ഉണ്ടാകുമെന്ന് തോന്നുന്നില്ല.

കേരളത്തെ ‘പിടിച്ചുലച്ച’ കൈവെട്ട് സംഭവമാണ് പതിയേ പതിയേ കുതിച്ചിരുന്ന തേജസിന് മുന്നില്‍ ഇരുള്‍ പരത്തിയത്. തലവെട്ടുന്നവരും ഉടല്‍വെട്ടുന്നവരും അനുദിനം കോപ്പികള്‍ കൂട്ടിക്കൊണ്ടിരുന്ന കാലത്ത് തേജസിന് എന്തേ ഇങ്ങനെ എന്നത് അദ്ഭുതപ്പെടുത്തുന്നതൊന്നും ആയിരുന്നില്ല. എത്ര/ എങ്ങിനെ ന്യായീകരിക്കാൻ ശ്രമിച്ചാലും മൂവാറ്റുപുഴ വെട്ടുകേസ് തേജസിനെ നെഗറ്റിവ് ലി ബ്രാൻഡ് ചെയ്യപ്പെടാൻ കാരണമായിട്ടുണ്ടെന്നത് സത്യമെന്ന് തോന്നുന്നു. ഒരു പക്ഷേ അതൊരു സമാനതയില്ലാത്ത ക്രൈം ആയിരുന്നു എന്നർഥമില്ല ഇതിന്. മികച്ച മാനേജ്‌മെന്റും പ്രതിബദ്ധരായ അണിയറ പ്രവര്‍ത്തകരും പത്രത്തിന്റെ മുതല്‍ക്കൂട്ടാണെന്ന് പറയാതെ വയ്യ. ആദ്യമായി കൂലിയെഴുത്തിനുള്ള എഴുത്തുകൂലി, ഏറ്റവും കൂടിയ മൂല്യത്തില്‍ നല്‍കിയതും തേജസ് പ്രവര്‍ത്തകരാണെന്ന് ഇവിടെ ഓര്‍ക്കുകയാണ്.ഒന്നരമാസം ദ്വൈവാരികയില്‍ മുഖം കാണിച്ചിരുന്ന വേളയില്‍ മാനേജ്മെന്റിന്റെ ഹൃദ്യമായ സമീപനം ശരിക്കും അനുഭവിച്ചിട്ടുണ്ട്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കോപ്പികള്‍ ഉള്ള മാഗസിനുകളുടെ കൂട്ടത്തില്‍ തേജസും ഉണ്ട്. പക്ഷേ മുഖ്യധാരയുടെ വായനയില്‍ വരാതിരിക്കാനുള്ള ജന്മദോഷം സ്വയം തേജസ് പ്രസ്ഥാനവും ഒപ്പം ശത്രുക്കളും ബ്രാന്‍ഡ് ചെയ്തത് തന്നെയാണ് കുതിപ്പിന് വിനയായത്. കോഴിക്കോട് നഗരത്തില്‍ സൗകര്യങ്ങളുള്ള കെട്ടിടവും മറ്റു സംവിധാനങ്ങളും എല്ലാം ഉണ്ടായിട്ടും ഏറെ നാളായി കിതച്ചും ചുമച്ചും തുമ്മിയും യാത്ര ചെയ്തുവരികയാണ്. കഴിവുറ്റ മറ്റ് പലരും അപകടം തിരിച്ചറിഞ്ഞ് കിട്ടുന്ന തോണികളിലേക്ക് കാലെടുത്തുവെച്ചു. പക്ഷേ ഇനിയും മുന്നോട്ടില്ല എന്ന ഉറപ്പുണ്ടായിട്ടും ഒരു ദൗത്യം പോലെ തേജസ് ജീവിക്കുകയായിരുന്നു എന്ന് പറയാം.

പക്ഷേ, തേജസ് മരിക്കേണ്ടത് ചിലരുടെ അഭിലാഷമായിരുന്നു.പത്രങ്ങളുടെ ജീവനാഡിയായ പരസ്യങ്ങള്‍ നിഷേധിച്ചും അവഗണിച്ചും സര്‍ക്കാറും ഈ മഹാദൗത്യത്തിന് കരുത്തായി നിന്നു. മുസ് ലിം സംഘടനകളുടെ (ഇസ് ലാമിക സംഘടനകള്‍ അല്ല) പൊതു പ്ലാറ്റ്ഫോമില്‍ നിന്ന് പോപുലര്‍ ഫ്രണ്ട് അകറ്റിനിര്‍ത്തപ്പെട്ടതുപോലെ മുസ് ലിം പത്രങ്ങളുടെ (ഇസ് ലാമിക പത്രങ്ങളല്ല) കൂട്ടത്തില്‍ പോലും തേജസിനെ അടുപ്പിക്കാത്തവരും ഉണ്ടെന്ന് പറയുന്നത് കളവല്ല. മാധ്യമം, ചന്ദ്രിക, സുപ്രഭാതം, സിറാജ്, വര്‍ത്തമാനം ‘തുടങ്ങിയ’ മുസ് ലിം പത്രങ്ങള്‍ എന്ന ബോധപൂര്‍വമായ പദപ്രയോഗം തന്നെ കാണാം.

പലരും ആദരാഞ്ജലികളും പുഷ്പാര്‍ച്ചനകളുമായി അര്‍മാദിക്കുകയാണ്. സര്‍ക്കാറിന് ഇഷ്ടക്കേടില്ലെന്ന ഒറ്റ ബലത്തില്‍ മാത്രമാണ് മറ്റുള്ളവരും പിടിച്ച് നില്‍ക്കുന്നത്. അതിനര്‍ഥം അവരെ ഇഷ്ടമാണ് എന്നല്ല. സര്‍ക്കാറിനും അവരെ താങ്ങുന്നവര്‍ക്കും ഇഷ്ടമില്ലാത്ത വല്ലതും വന്നാല്‍ ഉണ്ടായേക്കാവുന്ന ഗതി ഇതായിരിക്കുമെന്ന സൂചന മാത്രമാണ് തേജസ്.

കേരളത്തില്‍ ജനിച്ചു വീണ ശേഷം ശ്വാസം മുട്ടി മരിച്ചു പോയ പത്രങ്ങള്‍ അനേകമുണ്ട്. അതില്‍ ആദ്യത്തേതോ അവസാനത്തേതോ പത്രമല്ല തേജസ്. അധീശത്വ ശക്തികള്‍ക്കു നേരെ വിരല്‍ ചൂണ്ടിയവര്‍ മാത്രമല്ല, സോപ്പിട്ടുകൂടിയവരും ഉണ്ട് ഇതില്‍. ശക്തമായ സാമ്പത്തിക ഭദ്രത ഉണ്ടായിട്ടും പല മുത്തശിമാരുടെയും വിദേശ എഡിഷനുകള്‍ പൂട്ടേണ്ടി വരുമ്പോള്‍ ഇതൊന്നും വലിയ കാര്യമല്ല.

ഏറ്റവും മികച്ച സൊലൂഷന്‍ പുതിയ തീരുമാനം തന്നെയാണ്. മികച്ച വിഭവങ്ങളുമായി ദ്വൈവാരിക വാരികയായി നിലനിര്‍ത്തുക. ഒപ്പം ഓണ്‍ലൈന്‍ രംഗത്ത് മികച്ച സാധ്യതകള്‍ തേടുക. ഓണ്‍ലൈന്‍ വായന തന്നെയാണ് ഇനി തേജസില്‍ നിന്ന് പ്രതീക്ഷിക്കുന്നതും. മറുകാടന്മാരും മഞ്ഞമഷിക്കാരും എഴുതിത്തിമിര്‍ക്കുന്ന സ്‌പേസിലേക്ക് ഇതുവരെ കാത്തുവെച്ച മൂല്യങ്ങളുമായി കടന്നുവന്നാല്‍ അത് മതി കാലത്തോട് ആശയപരമായി പ്രതികാരം വീട്ടാന്‍. ചിലതൊക്കെ ബ്രേക്ക് ചെയ്യേണ്ടി വരും. ശൈലികളിൽ ഉടച്ചുവാർക്കലുകൾ നടത്തേണ്ടി വരും; മൂല്യങ്ങളിൽ ഉറച്ചു നിന്നു കൊണ്ടു തന്നെ. വ്യാജ ഏറ്റുമുട്ടലുകളും ഭരണകൂട അനീതികളും പാര്‍ശ്വവത്കരിക്കപ്പെടുന്നവരുടെ വേദനകളും നന്നായി അവതരിപ്പിച്ചിട്ടുമുണ്ട്. എന്നു വച്ച് കേരളത്തിലെ ഫാഷിസ്റ്റ് വിരുദ്ധ ചേരിയില്‍ ആകെയുള്ള പത്രം തേജസാണ് എന്ന് വാദിക്കാനൊന്നുമില്ല. ആദർശങ്ങളിൽ വിട്ടുവീഴ്ച നടത്തിയതില്ല എന്ന് പറയാനുമാവില്ല.അതേസമയം കാലമിത്ര ആയിട്ടും അത്ര വലിയ അന്വേഷണങ്ങളോ സ്‌കൂപ്പുകളോ ഒന്നും സംഭാവന ചെയ്യാന്‍ കഴിഞ്ഞിട്ടില്ല എന്ന വസ്തുത നിലനിൽക്കുന്നുണ്ട്. കേവലം വൈകാരികതയും സാമുദായികതയും മാത്രം നിലനിർത്തി പൊതു ഇടങ്ങളിൽ നിലനിൽപ് സ്വപ്നം കാണുന്നതും ഗുണപരമല്ല. സമുദായത്തിനകത്തെ ആശയപരമായ വൈവിധ്യങ്ങളെ ആരോഗ്യപരമായി സമീപിക്കാന്‍ കഴിയുന്നില്ലെന്ന നിരീക്ഷണവും ചിലരെ തേജസില്‍ നിന്ന് അകറ്റിയിട്ടുണ്ട്. ഒരേ സമയം പെതു പ്ലാറ്റ് ഫോം പണിയാന്‍ ശ്രമിക്കുമ്പോഴൊക്കെ സമുദായത്തിലെ എതിരാളികളെയെല്ലാം ഭീരുക്കളും മാപ്പുസാക്ഷികളും ഒറ്റുകാരുമെന്നൊക്കെ അതിതീവ്ര ഭാഷയിലുള്ള വിമര്‍ശനം അതിരുകവിഞ്ഞിട്ടുണ്ടൈന്നതും വായനക്കാരെ ഒരു പരിധി വരെ അകറ്റാൻ കാരണമായിരിക്കാം. വീഴ്ചകളെക്കുറിച്ച് ഇനിയും പറയുന്നതില്‍ അര്‍ഥമില്ല. തിരുത്താനുള്ള നേരവുമല്ല. പലര്‍ക്കും അനേകം പാഠങ്ങള്‍ ബാക്കി വെച്ചു എന്നത് തന്നെയാണ് വലിയ കാര്യം. ഒരു പത്രം എങ്ങിനെ തുടങ്ങാം എന്നതിനേക്കാള്‍ എന്തുകൊണ്ട് നിര്‍ത്തേണ്ടി വരുന്നു എന്നതാണ് അതിലെ വലിയ പാഠം.

Be the first to comment on "തേജസ്: താഴ് വീണ ബദൽ ശബ്‌ദങ്ങൾ"

Leave a comment

Your email address will not be published.


*