ഖൈർലാഞ്ചിയിലെ സുരേഖയെ അറിയുമോ നിങ്ങൾക്ക് ??

ബ്ലോഗെഴുത്ത് – ഷംന ഷെറിൻ 

സുരേഖയെ അറിയുമോ നിങ്ങൾക്ക് ?..അതിനു നിശ്ചയമായും നിങ്ങൾ അംബേദ്കറെ വായിക്കണം… “ജാതി ഉന്മൂലനം “എന്ന പുസ്തകത്തിൽ നിന്നും അരുന്ധതി റോയ് എഴുതിയ ആമുഖത്തിൽ ഹൃദയത്തെ സ്പർശിച്ച ഒരു എട്…
സുരേഖ ബോധ് മംഗേ 40 വയസുള്ള സ്ത്രീയായിരുന്നു. അവൾ ഇന്ത്യയിൽ ജനിച്ചവളായിരുന്നു.. തൊട്ടുകൂടാത്തവൾ.. ദലിത് സ്ത്രീ..അംബേദക്കറായിരുന്നു അവരുടെ നേതാവ്.അംബേദ്ക്കറെപ്പോലെ അവളുടെ കുടുംബവും ബുദ്ധ മതത്തിലേക്ക് പരിവർത്തനം ചെയ്തു. മഹാരാഷ്ട്രയിലെ ഖൈർലാഞ്ചിയിൽ അവർ അൽപം ഭൂമി വാങ്ങി. ദലിതയായ സുരേഖക്ക് നല്ല ജീവിതം കാംക്ഷിക്കാനുള്ള അവകാശമില്ലാത്തതിനാൽ ഗ്രാമപഞ്ചായത്ത് വൈദ്യുതി ബന്ധം നൽകാനും, അവരുടെ പുൽമേഞ്ഞ വീട് ഇഷ്ടിക കൊണ്ടുള്ളതാക്കാനും അനുമതി നൽകിയില്ല. കനാലിലെ വെള്ളം കൊണ്ട് വയലുകളിൽ ജലസേചനം ചെയ്യാനോ പൊതു കിണറിൽ നിന്ന് വെള്ളം എടുക്കാനോ അവർക്ക് കഴിഞ്ഞില്ല.. സുരേഖയുടെ ഭൂമിയിലൂടെ പൊതുപാത നിർമിക്കാൻ തുനിഞ്ഞവരെ വിസമ്മതിച്ചതിനുള്ള മറുപടിയായി ഗ്രാമീണർ തങ്ങളുടെ കന്നുകാലികളെ വിളഞ്ഞ പാടത്തേക്ക് അഴിച്ചു വിട്ടു.. സുരേഖ പിന്മാറിയില്ല. അവർ പോലീസിൽ പരാതിപ്പെട്ടു. പോലീസ് പക്ഷേ അത് ശ്രദ്ധിച്ചു പോലുമില്ല. അവൾക്കുള്ള മുന്നറിയിപ്പായി അവരുടെ ഒരു ബന്ധുവിനെ ഗ്രാമീണർ ആക്രമിച്ചു മൃതപ്രായനാക്കി. ഇത്തവണ പരാതിയുടെ അടിസ്ഥാനത്തിൽ ചില അറസ്റ്റുകൾ നടത്തിയ പോലീസ് പക്ഷേ കുറ്റാരോപിതരെ പെട്ടെന്ന് തന്നെ വിട്ടയച്ചു.

അവർ ജാമ്യത്തിലിറങ്ങിയ ദിവസം (2006 സെപ്റ്റംബർ 29)വൈകിട്ട് 70 ഓളം രോഷാകുലരായ ആണും പെണ്ണും ഉൾപ്പെട്ട ഗ്രാമീണർ ട്രാക്ടറിൽ എത്തി. അവളുടെ വീട് വളഞ്ഞു. പാടത്തു പണിയെടുക്കുകയായിരുന്ന സുരേഖയുടെ ഭർത്താവ് വീടിനടുത്തേക്ക് ഓടി.. കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നു. ആൾക്കൂട്ടം തന്റെ വീട് ആക്രമിക്കുന്നത് അയാൾ കണ്ടു.. തൊട്ടടുത്ത പട്ടണമായ ദുസാലയിലേക്ക് ഓടി ഒരു ബന്ധു മുഖേന പോലീസിനെ വിളിച്ചു.. (അവിടെ പോലീസ് ഫോൺ എടുക്കാൻ പോലും സ്വാധീനം ആവശ്യമാണ് !). ആൾക്കൂട്ടം സുരേഖയെയും മക്കളെയും വലിച്ചിഴച്ചു വീടിന് പുറത്തേക്ക് കൊണ്ടു വന്നു.. ആൺകുട്ടികളോട് അമ്മയെയും സഹോദരിയെയും ബലാത്സംഗം ചെയ്യാൻ ആവശ്യപ്പെട്ടു. അവർ അതിനു വിസമ്മതിച്ചപ്പോൾ ലിംഗങ്ങൾ ഛേദിച്ചു. പിന്നെ തല്ലിക്കൊന്നു.. സുരേഖയെയും മകളെയും കൂട്ടമാനഭംഗത്തിനിരയാക്കുകയും അടിച്ചു കൊല്ലുകയും ചെയ്തു.. നാലു മൃദദേഹങ്ങളും അടുത്തുള്ള കനാലിൽ വലിച്ചെറിഞ്ഞു.
സുരേഖയും അവരുടെ കുട്ടികളും ജീവിച്ചത് കമ്പോള സൗഹൃദ ജനാധിപത്യത്തിലാണ്. അതിനാൽ.. “ഞാൻ സുരേഖ “നിവേദനങ്ങൾ ഐക്യരാഷ്ട്ര സംഘടനയിൽ നിന്ന് ഇന്ത്യൻ സർക്കാരിനുണ്ടായില്ല. അതിനാൽ കല്പനകളോ രോഷ സന്ദേശങ്ങളോ ഭരണ കൂട തലപ്പത്തു നിന്നുണ്ടായില്ല. അത് നല്ലതായിരുന്നു. കാരണം, അവർ ജാതി നടപ്പാക്കുന്നു എന്ന കുറ്റത്തിന് നമുക്കു മേൽ ബോംബ് വർഷമുണ്ടായില്ല !!

 

 

കോഴിക്കോട് ഫാറൂഖ് കോളേജിലെ ഒന്നാം വർഷ ഇംഗ്ളീഷ് ബിരുദവിദ്യാർഥിയാണ് ഷംന ഷെറിൻ 

Be the first to comment on "ഖൈർലാഞ്ചിയിലെ സുരേഖയെ അറിയുമോ നിങ്ങൾക്ക് ??"

Leave a comment

Your email address will not be published.


*