https://maktoobmedia.com/

അവളെ മാത്രമല്ല , കാശ്‌മീരിലുള്ള മുസ്‌ലിംകളെ ഓടിക്കാൻ ബ്രാഹ്മണിക്ക് ഇന്ത്യ കൊന്നൊടുക്കിയത് നിരവധി പേരെയാണ്

ജമ്മു കാശ്‌മീരിലെ കത്വാ എന്ന പ്രദേശത്ത് കുതിരയെ മേക്കാൻ പോയതായിരുന്നു എട്ടുവയസ്സുകാരിയായ അവൾ. മൂന്ന് തവണയാണ് കൂട്ടബലാത്സംഗത്തിനിരയായത്. അതും ആരാധനാലയത്തിലെ പ്രാർത്ഥനാഹാളിൽ വെച്ച് രണ്ട് പൊലീസുകാരടങ്ങുന്ന ആറുപേരുള്ള സംഘം. കൃത്യത്തിനു മുമ്പ് മയക്കുമരുന്ന് നല്‍കി അവളെ ക്ഷേത്രത്തിലെ ‘ദേവസ്ഥാന’ത്ത് ഉറക്കി കിടത്തി പൂജാകർമങ്ങളും ചെയ്‌തുവത്രെ. കേസിൽ ഏപ്രിൽ ഒമ്പതിന് സമർപ്പിച്ച 18 പേജുള്ള കുറ്റപത്രത്തിലുള്ളത് ഞെട്ടിപ്പിക്കുന്ന ക്രൂരതകൾ. ജനവരി പത്തിന് വീടിന് പരിസരത്ത് നിന്ന് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ഏഴു ദിവസങ്ങള്‍ക്ക് ശേഷമാണ് അടുത്ത വനപ്രദേശത്തുനിന്നും ലഭിച്ചത്.

ജമ്മുവിലെ രസന എന്ന ഗ്രാമത്തിലെ മുസ്‌ലിം സമൂഹമായ ബക്കര്‍വാളുകളെ അവിടെ നിന്ന് ഭയപ്പെടുത്തി ഓടിക്കുക എന്നതായിരുന്നു ഈ എട്ടുവയസ്സുകാരിയെ ഇല്ലാതാക്കുന്നതിന് പിന്നിലെ താല്പര്യം. നിങ്ങൾക്കിവിടെ ജീവിക്കാൻ സാധ്യമല്ല എന്ന് കാണിച്ചുകൊടുക്കാനുള്ള ടെസ്റ്റ് ഡോസ് ആയിരുന്നു ഹിന്ദുത്വ ഭീകരരും പോലീസും ചേർന്ന് ചെയ്‌തത്‌. പ്രതികളെ സഹായിക്കാന്‍ സംസ്ഥാനത്തെ ബി.ജെ.പി മന്ത്രിമാരും നേതാക്കളും സജീവമായി പ്രവര്‍ത്തിക്കുന്നു. ആ ഗ്രാമത്തിലെ ഇരുപതോളം വരുന്ന മുസ്‌ലിം കുടുംബങ്ങളെ നാട്ടിൽ നിന്നും ഓടിക്കാൻ 13 ബ്രാഹ്മണകുടുംബങ്ങള്‍ ആസൂത്രണം ചെയ്‌തതാണ്‌ ഈ ക്രൂരതയെന്ന് പോലീസ് റിപ്പോർട് പറയുന്നു.

പ്രധാന പ്രതി വിവരം പുറത്തറിയാതിരിക്കാൻ പൊലീസിന് നൽകിയത്‌ ഒന്നരലക്ഷം രൂപ കൈക്കൂലിയാണ്. ഹിന്ദു ഏകതാ മഞ്ച് എന്ന ഹിന്ദുത്വ ഭീകര സംഘടനാ പ്രതികൾക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ബിജെപി മന്ത്രിമാരായ ലാൽ സിംഗ് , ചന്ദർ പ്രകാശ് ഗംഗാ എന്നിവരും കൊലയാളികളോടൊപ്പമാണ്. കുറ്റപത്ര പ്രകാരം കൊലപാതകത്തിന്റെ സൂത്രധാരൻ റിട്ട ഗവഃ റവന്യൂ ഉദ്യോഗസ്ഥനായ സഞ്ചി രാം ആണ്. സ്‌പെഷ്യൽ പോലീസ് ഓഫിസർമാരായ ദീപക് ഖജൂരിയ്യ , സുരീന്ദർ കുമാർ , അസി: സബ് ഇൻസ്‌പെക്ടർ ആനന്ദ് ദത്ത , ഹെഡ് കോൺസബിൾ തിലക് രാജ് , പ്രദേശവാസിയായ പർവേശ് കുമാർ എന്നിവരാണ് പ്രതികൾ. ഹിന്ദുത്വ ഭീകര സംഘങ്ങളും ബ്രാഹ്മണ കുടുംബങ്ങളും ഗവണ്മെന്റ് ഉദ്യോഗസ്ഥരും പോലീസ് സേനയും ഒന്നിച്ചുനിന്നാണ് നാട്ടിലെ മുസ്ലിം കുടുംബങ്ങളെ ഭീതിപ്പെടുത്തി ഓടിക്കാൻ എട്ടുവയസ്സുകാരിയെ വീണ്ടും വീണ്ടും ബലാത്സംഗം ചെയ്‌തു കൊന്നത് .

കാശ്‌മീരിൽ മനുഷ്യാവകാശ ലംഘനങ്ങൾ തുടർക്കഥയാവുകയാണ്. ഇതിനെല്ലാം നേതൃത്വം നൽകുന്നത്‌ സൈനിക- അർദ്ധ സൈനിക വിഭാഗങ്ങളും പോലീസ് സേനയും ആണെന്നതാണ് മറ്റൊരു സത്യം. കൂനൻ പുഷ്‌പോറ എന്ന ഗ്രാമത്തിൽ ഒരു രാത്രി അർദ്ധ സൈനിക വിഭാഗം കൂട്ടബലാൽസംഗം ചെയ്‌തത്‌ അറുപതിനടുത്തു മുസ്ലിം സ്ത്രീകളെയാണ്. ”മൂന്ന് സൈനികര്‍ ചേര്‍ന്ന് എന്നെ കയറി പിടിച്ചു. എട്ടുപത്ത് പട്ടാളക്കാര്‍ എന്നെ മാറി മാറി ബലാല്‍സംഗം ചെയ്തു. അവരുടെ കൈയ്യില്‍ വലിയ ടോര്‍ച്ച് ഉണ്ടായിരുന്നു. ഞാന്‍ ശബ്ദിക്കുമ്പോളൊക്കെ അവ ആ ടോര്‍ച്ച് കോണ്ട് എന്റെ നഗ്നശരീരത്തില്‍ കുത്തി വേദനിപ്പിക്കുകയായിരുന്നു.” ക്രൂരമായ ആ സംഭവത്തെ അതിജീവിച്ച സ്ത്രീകളിലൊരാളുടെ അനുഭവമാണ് മുകളിലേത്. കുനന്‍ പോഷ് പോറ കൂട്ട മാനഭംഗത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടി 10 വയസ്സുകാരിയും പ്രായം കൂടിയ സ്ത്രീ എണ്‍പതുകാരിയും ആണ്. സംഭവത്തിലെ സൈനീകര്‍ക്ക് അര്‍ഹമായ ശിക്ഷനല്‍കിയില്ലെന്ന് മാത്രമല്ല, ക്യത്യമായി അന്വേഷണം നടത്തിയ കമ്മറ്റികളുടെ റിപ്പോര്‍ട്ട് സഹിതം പൂഴ്ത്തി വക്കുകയായിരുന്നു കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍.

Image – The Santiago Times

കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടെ സൈനികാതിക്രമത്തിൽ കാശ്‌മീരിൽ കൊല്ലപ്പെട്ടത് 144 കുട്ടികളാണ്. ദി ജമ്മു ആൻഡ് കാശ്മീർ കൊളിഷൻ ഓഫ് സിവിൽ സൊസൈറ്റി തയ്യാറാക്കിയ റിപ്പോർട്ടിലാണ് കാശ്‌മീരിൽ തുടരുന്ന മനുഷ്യാവകാശലംഘനങ്ങളുടെ വെളിപ്പെടുത്തൽ. ഇതുവരെയും ഈ കൊലപാതകങ്ങളിൽ ഒരാളെ പോലും ശിക്ഷിച്ചില്ല എന്നും റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാന പോലീസിന്റെയും സൈനിക-അർധ സൈനിക വിഭാഗങ്ങളുടെയും വെടിവെപ്പുകളിലാണ് പതിനേഴു വയസ്സിനു താഴെ പ്രായമുള്ള 144 കുട്ടികൾ കൊല്ലപ്പെട്ടത്.

Be the first to comment on "അവളെ മാത്രമല്ല , കാശ്‌മീരിലുള്ള മുസ്‌ലിംകളെ ഓടിക്കാൻ ബ്രാഹ്മണിക്ക് ഇന്ത്യ കൊന്നൊടുക്കിയത് നിരവധി പേരെയാണ്"

Leave a comment

Your email address will not be published.


*