” ഹിന്ദു യുവ വാഹിനി സംഘം അലീഗഢ് കാമ്പസിൽ വന്നു വിദ്യാർഥിസമൂഹത്തോടു ചെയ്തത് ഭീകരതയാണ്. ആയുധങ്ങൾ കൊണ്ട് വിദ്യാർത്ഥികളെ ആക്രമിച്ചു കാമ്പസിൽ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു അവർ. ആ അക്രമി സംഘത്തിന് എസ്കോർട് കൊടുക്കുകയും കൈകെട്ടി നോക്കിനിൽക്കുകയുമായിരുന്നു ഉത്തർപ്രദേശ് പോലീസ്. രാജ്യത്തിന്റെ മുൻ വൈസ്പ്രസിഡന്റ് ഹാമിദ് അൻസാരി കാമ്പസിൽ വരുന്ന ദിവസം ഈ ഗുണ്ടായിസം ചെയ്തവർ അദ്ദേഹത്തെ കൂടിയാണ് അപമാനിച്ചത്. അധികാരികളോട് ഈ അക്രമികസംഘത്തെ പിടിച്ചുകെട്ടാൻ വിദ്യാർത്ഥിയൂണിയൻ ആവശ്യപ്പെടുകയാണ്. അല്ലാത്തപക്ഷം വിദ്യാർഥിസമൂഹം ജയിലുകളിൽ നിറയും . ”
അലീഗഢ് മുസ്ലിം സർവകലാശാലയിൽ സംഘ് പരിവാർ ഭീകരസംഘവും പോലീസും ചേർന്ന് നടത്തിയ വിദ്യാർഥിവേട്ടയോടു പ്രതികരിച്ചു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് മഷ്ക്കൂർ അഹമ്മദ് പറഞ്ഞ വാക്കുകൾ. ഹിന്ദു യുവ വാഹിനി സംഘത്തിന്റെ ആക്രമണത്തിൽ മഷ്ക്കൂറിനും പരിക്കുകൾ പറ്റിയിരുന്നു.
മുഹമ്മദലി ജിന്നയുടെ ചിത്രം നീക്കണമെന്നാവശ്യപ്പെട്ട് അലീഗഢ് മുസ്ലിം സർവകലാശാലയിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ സംഘടനയായ ഹിന്ദു യുവ വാഹിനി പ്രവർത്തകർ അക്രമം അഴിച്ചുവിടുകയായിരുന്നു. ഹാമിദ് അൻസാരിയുടെ കാമ്പസ് സന്ദർശനം അലങ്കോലപ്പെടുത്തുക കൂടിയായിരുന്നു ഉദ്ദേശ്യം. ജിന്നയുടെ ചിത്രം നീക്കംചെയ്യുമെന്ന് പറഞ്ഞ് ജയ് ശ്രീറാം വിളികളുമായി പ്രവർത്തകർ കാമ്പസിലേക്ക് നടത്തിയ മാർച്ച് വിദ്യാർഥികൾ തടയുകയായിരുന്നു. തുടർന്ന് യുവ വാഹിനി സംഘം വിദ്യാർത്ഥികൾക്കെതിരെ ആയുധങ്ങൾ ഉപയോഗിച്ച് അക്രമം തുടങ്ങി. ഹിന്ദുത്വ പ്രവർത്തകരെ പോലീസ് നീക്കംചെയ്തെങ്കിലും കാമ്പസിൽ അതിക്രമിച്ചു കയറിയതിനെതിരെ കേസെടുക്കാൻ തയ്യാറായില്ല. ഇതിനെതിരെ വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ പ്രതികരിച്ചപ്പോൾ
പൊലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു.
അതേസമയം, മുഹമ്മദലി ജിന്ന അലീഗഢ് സർവകലാശാല സ്ഥാപിത അംഗമാണെന്ന് സർവകലാശാല അറിയിച്ചു. ഇന്ത്യ വിഭജനത്തിനു മുമ്പുതന്നെ അദ്ദേഹത്തിന് സർവകലാശാല ആജീവനാന്ത അംഗത്വം നൽകിയിരുന്നു. കൂടാതെ, ഗാന്ധി, സരോജിനി നായിഡു , നെഹ്റു തുടങ്ങിയ നിരവധി പേർക്ക് ആജീവനാന്ത അംഗത്വം നൽകിയിട്ടുണ്ട്. അവരുടെ ചിത്രങ്ങളെല്ലാം കാമ്പസിലുണ്ടെന്നും വൈസ് ചാൻസലറുടെ വക്താവ് അറിയിച്ചു.
അലീഗഢ് വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ജാമിഅ മില്ലിയ ഇസ്ലാമിയയിൽ നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്ത പ്രതിഷേധറാലി സംഘടിപ്പിച്ചു. രാജ്യത്തെ മറ്റു കലാലയങ്ങളിലും സമാന പരിപാടികൾ നടന്നു.
Be the first to comment on "ഈ സാമൂഹ്യശല്യങ്ങളെ പിടിച്ചുകെട്ടുക , അല്ലെങ്കിൽ ജയിലറകൾ വിദ്യാർത്ഥികളാൽ നിറയും. അലീഗഢ് യൂണിയൻ പ്രസിഡന്റ് പറയുന്നു"