യെദ്യൂരപ്പ അധികാരമേറ്റു. ഭരണഘടന പരിഹസിക്കപ്പെടുകയാണെന്നു രാഹുൽ ഗാന്ധി. കർണാടകയിൽ നിന്നും…

മെയ് 18

ശനിയാഴ്ച്ച വിശ്വാസവോട്ടെടുപ്പ്

നാളെ വൈകുന്നേരം നാല് മണിക്ക് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി. നാളെ വോട്ടെടുപ്പ് വേണ്ടെന്ന ബി.ജെ.പി ആവശ്യം തള്ളിയാണ് സുപ്രീം കോടതി വിധി പറഞ്ഞത്. കൃത്യമായ ഭൂരിപക്ഷ ഉണ്ടെങ്കില്‍ നിങ്ങള്‍ എന്തിനാണ് നാളെ വോട്ടെടുപ്പിനെ ഭയക്കുന്നതെന്നും സുപ്രീം കോടതി ചോദിച്ചു

രഹസ്യബാലറ്റ് വേണമെന്ന് ബിജെപി. അംഗീകരിക്കാതെ കോടതി

വിശ്വാസവോട്ടെടുപ്പില്‍ രഹസ്യബാലറ്റ് വേണമെന്ന ബി.ജെ.പിയുടെ ആവശ്യം സുപ്രീം കോടതി തള്ളി. ഇതോടെ വിപ്പ് ലംഘിക്കാനുള്ള സാഹചര്യവും ഇല്ലാതായി.

ഗവര്‍ണറെ വിമര്‍ശിച്ച് കോടതി

ഭൂരിപക്ഷമില്ലാത്ത ബി.ജെ.പിയെയാണോ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചിരിക്കുന്നതെന്ന് സുപ്രീം കോടതി. എന്തടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ തീരുമാനമെടുത്തതെന്നും ജസ്റ്റിസ് എസ്.എസ് സിക്രി ചോദിച്ചു. യെദ്യൂരപ്പയുടെ കത്തില്‍ എം.എല്‍.എമാരുടെ പേരില്ല.

മെയ് 17

കർണാടകയിലെ നാടകീയമായ രാഷ്ട്രീയ ഇടപെടലുകൾ തുടരുന്നു. കര്‍ണാടക മുഖ്യമന്ത്രിയായി ബി.എസ് യെദ്യൂരപ്പ അധികാരമേറ്റു.

ജനാധിപത്യത്തിൽ വിശ്വാസമില്ലാത്ത പാർട്ടി

രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ.
പാര്‍ലമെന്ററി ജനാധിപത്യത്തെ ബി.ജെ.പി അട്ടിമറിക്കുകയാണെന്നും അവര്‍ക്ക് ജനാധിപത്യത്തില്‍ വിശ്വാസമില്ലെന്നും സിദ്ധരാമയ്യ പ്രതികരിച്ചു. വിഷയം ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. ഞങ്ങള്‍ ഇനി ജനങ്ങള്‍ക്ക് മുന്‍പിലാണ് ഈ വിഷയം വെക്കുന്നത്. ബി.ജെ.പിക്ക് ജനാധിപത്യത്തിന് എതിരായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് എങ്ങനെയാണെന്ന് ഞങ്ങള്‍ ജനങ്ങളോട് പറയും. ഇതില്‍ ഇനി തീരുമാനമെടുക്കാന്‍ പോകുന്നത് ജനങ്ങളാണെന്നും സിദ്ധരാമയ്യ പറഞ്ഞു.

ഭൂരിപക്ഷം തെളിയിക്കും

നാളെയോ മറ്റന്നാളോ ആയി ബി.ജെ.പി സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചിരിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് യെദ്യൂരപ്പ. കാത്തിരിക്കൂവെന്നും നാളെയോ മറ്റന്നാളോ ആയി ഭൂരിപക്ഷം തെളിയിച്ച് കാണിക്കുമെന്നും ആയിരുന്നു യെദ്യൂരപ്പയുടെ പ്രതികരണം

കുത്തിയിരുപ്പ് സമരവുമായി കോൺഗ്രസ്സ് ജെഡിഎസ് എംഎൽഎമാർ

പ്രതിഷേധവുമായി കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാര്‍ വിധാന്‍ സൗധയ്ക്ക് മുന്‍പില്‍ എത്തി. ജി.എന്‍ ആസാദ്, അശോക് ഖേലോട്ട്, സിദ്ധരാമയ്യ, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, കെ.സി വേണുഗോപാല്‍ തുടങ്ങിയ നേതാക്കളുള്‍പ്പെടെയാണ് ഗാന്ധി പ്രതിമയ്ക്ക് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത്.

ഭരണഘടന പരിഹസിക്കപെടുന്നുവെന്നു രാഹുൽ ഗാന്ധി

ഇന്ത്യയിലെ ഭരണഘടന പരിഹസിക്കപ്പെടുകയാണെന്നും ബി.ജെ.പി വിജയം ആഘോഷിക്കുമ്പോള്‍ ജനാധിപത്യം തോല്‍ക്കുകയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

കോടതിനടപടികൾ

ഭൂരിപക്ഷം തെളിയിക്കുന്ന കത്ത് നാളെ 10.30 ന് യെദ്യൂരപ്പ സുപ്രീം കോടതിയിൽ ഹാജരാക്കണം. നാളെ രാവിലെ 10.30 ന് കോടതി വീണ്ടും കൂടും

ഗവർണർക്കെതിരെ രാംജത് മലാനിയും

കർണാടകയിൽ ബിജെപിയെ ഗവർണർ ക്ഷണിച്ച സംഭവം ഭരണഘടനയോടുള്ള അവഹേളനമാണെന്നു ചൂണ്ടിക്കാട്ടി പ്രമുഖ അഭിഭാഷകൻ രാംജത് മലാനി സുപ്രീംകോടതിയിൽ. നാളെ കോടതിയിൽ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ്

കോൺഗ്രസ്സ് എംഎൽഎയെ കാണ്മാനില്ല

അതേ സമയം , കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ ഒരു എം.എല്‍.എയെ കാണാനില്ലെന്ന് വാർത്തകൾ. . യെദ്യുരപ്പ മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്തതിനു പിന്നാലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാര്‍ വിധാന്‍ സൗധയ്ക്ക് മുന്‍പില്‍ ആരംഭിച്ച കുത്തിയിരിപ്പ് സമരത്തില്‍ ഒരംഗം പങ്കെടുത്തില്ല. വിജയനഗര്‍ എം.എല്‍.എ ആനന്ദ് സിങാണ് വിധാന്‍ സൗധയ്ക്കുമുന്നില്‍ പ്രതിഷേധപരിപാടിയില്‍ പങ്കെടുക്കാത്തത്. ഇയാള്‍ ബി.ജെ.പിയുടെ പിടിയിലാണെന്ന് കോണ്‍ഗ്രസ് എം.പി ഡി.കെ. സുരേഷ് പറഞ്ഞു.

ബിജെപി ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണെന്നു മായാവതി

ബിജെപിയുടേത് ഭരണഘടനയെ തകർക്കാനുള്ള ശ്രമമാണ്. കേന്ദ്രത്തിൽ അധികാരത്തിലെത്തിയത് മുതൽ ബിജെപി ഭരണസംവിധാനങ്ങളെ ദുരൂപയോഗം ചെയ്‌തു ജനാധിപത്യത്തെ ആക്രമിക്കുകയാണെന്നു ബിഎസ്‌പി നേതാവ് മായാവതി

കൊല്ലപ്പെട്ടത് ജനാധിപത്യമെന്ന് ആർ ജെ ഡി

” കർണാടകയിൽ കൊല്ലപ്പെട്ടത് ജനാധിപത്യമാണ്. ഞങ്ങൾ ഇതിനെതിരെ പ്രതിഷേധദിനം ആചരിക്കും. ഒപ്പം , ഏറ്റവും വലിയ ഒറ്റക്കക്ഷിയെയാണ് ഗവൺമെന്റിനായി ക്ഷണിക്കേണ്ടതെങ്കിൽ ബീഹാർ ഗവർണർ ആർ ജെ ഡി യെ വിളിക്കൂ ” – തേജസി യാദവ് , ആർ ജെ ഡി

Be the first to comment on "യെദ്യൂരപ്പ അധികാരമേറ്റു. ഭരണഘടന പരിഹസിക്കപ്പെടുകയാണെന്നു രാഹുൽ ഗാന്ധി. കർണാടകയിൽ നിന്നും…"

Leave a comment

Your email address will not be published.


*