കർഷകറാലിക്ക് നേരെ പോലീസ് അക്രമം. വ്യാപകപ്രതിഷേധം

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ കിസാന്‍ യൂണിയന്റെ നേതൃത്വത്തില്‍ നടക്കുന്ന കര്‍ഷക മാര്‍ച്ചിനെതിരായ പോലീസ് അതിക്രമത്തിൽ വ്യാപകപ്രതിഷേധം.

80 ,000 ത്തോളം വരുന്ന കര്‍ഷകര്‍ക്ക് നേരെ ഡൽഹി പോലീസ് ലാത്തിചാർജും കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിക്കുകയായിരുന്നു. ഹരിദ്വാറില്‍ നിന്നാരംഭിച്ച കര്‍ഷക മാര്‍ച്ച് ഇന്ന് ഡല്‍ഹിയില്‍ എത്താനിരിക്കെയാണ് ഗാസിയാബാദില്‍ പൊലീസ് തടഞ്ഞത്. കിസാൻ ക്രാന്തി യാത്ര എന്ന പേരിലുള്ള കൂറ്റൻ മാർച്ച് പത്താം ദിവസമാണ് തടഞ്ഞത്. വടക്കു കിഴക്കൻ ഡൽഹിയിൽ ഒക്ടോബർ നാല് വരെയും കിഴക്കൻ ഡൽഹിയിൽ ഒക്ടോബർ എട്ട് വരെയും നിരോധനാജ്ഞ പ്രഖ്യാപിച്ചു.

യു.പി സര്‍ക്കാറും കേന്ദ്ര സര്‍ക്കാറും കര്‍ഷകരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കര്‍ഷകര്‍ പരസ്യ പ്രക്ഷോഭത്തിന് ഇറങ്ങിയത്. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്, വായ്പ എഴുതിത്തള്ളല്‍, രാജ്യതലസ്ഥാന മേഖലയില്‍ 10 വര്‍ഷം പഴക്കമുള്ള ട്രാക്ടറുകള്‍ ഉപയോഗിക്കുന്നതിനുള്ള നിരോധനം എടുത്തുകളയുക തുടങ്ങിയ ആവശ്യങ്ങള്‍ നടപ്പിലാക്കാന്‍ വേണ്ടിയാണ് കര്‍ഷകര്‍ മാര്‍ച്ച് നടത്തുന്നത്

‘സമാധാനപരമായി പ്രതിഷേധിക്കുന്നവരെ എന്തിനാണ് അതിർത്തിയിൽ തടഞ്ഞത്? റാലി സമാധാനപരമായാണ് മുന്നേറുന്നത്. ഞങ്ങളുടെ പ്രശ്നങ്ങൾ ഇവിടെയുള്ള സർക്കാറിനോട് പറയാൻ സാധിക്കില്ലെങ്കിൽ പിന്നെ ആരോടാണ് പറയേണ്ടത്? ഞങ്ങൾ പാകിസ്താനിലേക്കോ ബംഗ്ലാദേശിലേക്കോ പോകണോ’. റാലി തടഞ്ഞതിനെ കർഷക സംഘം പ്രസിഡൻറ് നരേഷ് തികെയ്ത് വിമർശിച്ചു

‘ കര്‍ഷകരെ ദല്‍ഹിയിലേക്ക് കടക്കാന്‍ അനുവദിക്കണം. എന്തിനാണ് അവര്‍ ദല്‍ഹിയില്‍ പ്രവേശിക്കുന്നത് തടയുന്നത്? ഇത് തെറ്റാണ്. ഞങ്ങള്‍ കര്‍ഷകര്‍ക്കൊപ്പമാണ്.’ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കി.

രാജ്യത്തെ കർഷകർക്ക് ശബ്‌ദിക്കാനുള്ള അവകാശത്തെപ്പോലും ചോദ്യം ചെയ്യുകയാണ് കേന്ദ്രഭരണകൂടമെന്നു കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

സർക്കാർ കർഷകർക്ക് നൽകിയ വാക്കുകൾ പാലിക്കാത്തതുകൊണ്ടാണ് സമരമെന്നും തങ്ങൾ കര്ഷകര്ക്കൊപ്പം ആണെന്നും സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു.

Be the first to comment on "കർഷകറാലിക്ക് നേരെ പോലീസ് അക്രമം. വ്യാപകപ്രതിഷേധം"

Leave a comment

Your email address will not be published.


*