https://maktoobmedia.com/

പ്രളയാനന്തര കേരളം; അതിജീവനത്തിൻ്റെ ഭാവിയും വർത്തമാനവും

തഷ്‌രീഫ്‌ കെപി മമ്പാട്

കേരളം കണ്ട ചരിത്രത്തിനിടയിൽ രേഖപ്പെടുത്തിയ ഏറ്റവും വലിയ പ്രളയത്തിൽ നിന്നും നാം പതിയെ കര കയറുകയാണ്. പ്രളയം ബാക്കിവെച്ച മുന്നറിയിപ്പുകളും തിരിച്ചറിവുകളുമെല്ലാം അനവധിയാണ്. പ്രളയാനന്തര കാലഘട്ടം എന്ന പുതിയ തിരിച്ചറിവിലേക്ക് പ്രവേശിക്കുന്ന നാമിപ്പോൾ ധാരാളം അനുഭവമുള്ളവരായിരിക്കും. വരും തലമുറയോട് ധാരാളം അനുഭവക്കഥകൾ പറയാനുള്ള ശേഷി നാം നേടിയിരിക്കുന്നു. അത് ജീവിതം പങ്കുവെച്ചതിൻ്റെ കാരുണ്യത്തിൻ്റെ, മനുഷ്യസ്നേഹ കഥകളാണ്.

തോരാതെ മഴ പെയ്ത നാളുകളിൽ ഡാമുകൾ തുറന്നിട്ടപ്പോൾ മഹാപ്രളയമായി നാടും വീടുമെല്ലാം വെള്ളം കയറിയപ്പോൾ നോഹയുടെ പേടകം പോലെ പലഭാഗത്ത് നിന്നും കടലിൻ്റെ മക്കളും മറ്റുള്ളവരുമെല്ലാം കൈനീട്ടി ആളുകൾക്ക് രക്ഷകരായതിൻ്റെ മഹാകഥകൾ നമുക്ക് പറയാം.

ആഗസ്റ്റ് 9ന് ഡാമുകൾ വർഷങ്ങൾക്ക് ശേഷം തുറന്നിടുന്ന സാഹചര്യമാണ് നാം പിന്നീട് കാണുന്ന പ്രളയത്തിലേക്ക് നയിച്ചത്. സർക്കാരിൻ്റെ പ്രാഥമിക കണക്ക് പ്രകാരം മാത്രം 400 ലധികം പേർക്ക്  ജീവഹാനി സംഭവിക്കുകയും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. ലക്ഷക്കണക്കിന് വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും പതിനായിരക്കണക്കിന് വീടുകൾ തകരുകയും ചെയ്തു. വീട് മാത്രമല്ല, കൃഷിയും കച്ചവടസ്ഥാപനങ്ങളും വളർത്തു മൃഗങ്ങളുമെല്ലാം ഒലിച്ചുപോയി. സർക്കാർ – ഇതര സ്ഥാപനങ്ങളും ആരാധനാലയങ്ങളും വിദ്യാലയങ്ങളും തകർന്നു. ശരിയായ കണക്കെടുപ്പുകൾ വരും കാലങ്ങളിലറിയുമ്പോൾ ലഭിക്കുന്ന വിവരം എത്രയോ കൂടുതലായിരിക്കും. മൽസ്യത്തൊഴിലാളികളടക്കമുള്ള  സന്നദ്ധപ്രവർത്തകരും രാഷ്ട്രീയ സാമൂഹിക സാമുദായിക സംഘടനകളും ചെറുകൂട്ടായ്മകളും സർക്കാർ സംവിധാനങ്ങളുമെല്ലാം നടത്തിയ കഠിനമായ രക്ഷാപ്രവർത്തനങ്ങളാണ് പ്രളയത്തിൻ്റെ ആഘാതം കുറച്ചത്.

കേരളം കണ്ട മഹാപ്രളയത്തിൽ നിന്നും അതിജീവന വഴിയിൽ വേഗത്തിൽ മുന്നേറുന്ന നമ്മുടെ മുമ്പിൽ പ്രളയാനന്തര കേരളത്തിൻ്റെ മുന്നോട്ടു പോക്കുകളെക്കുറിച്ച്, ഭാവിയെക്കുറിച്ച് കൃത്യമായി മുൻകരുതലുകളെടുക്കാതിരുന്ന് കൂടാ. ഇനിയൊരു ദുരന്തം ആവർത്തിരിക്കാനാവശ്യമായ കരുതലുകൾ കൈക്കൊള്ളാതെ എല്ലാം മറന്ന് പഴയപടി തുടരലാണ് നമ്മുടെ ജീവിതരീതിയെങ്കിൽ നാം നമ്മുടെ മണ്ണിനെ ഒറ്റുകൊടുക്കുകയാണെന്നും പരീക്ഷണങ്ങളിൽ പാഠമുൾകൊണ്ടില്ല എന്നതും സത്യമായിരിക്കും.

കേരളത്തെ പഴയ അവസ്ഥയിലേക്കു കൊണ്ടെത്തിക്കുകയാണോ അതോ പുതിയ സാഹചര്യങ്ങൾ കൂടി നേരിടാനാകുന്ന വിധം പുനർനിർമ്മിക്കുകയാണോ വേണ്ടത് എന്നത് വലിയ ചോദ്യമാണ്. കേരള മുഖ്യമന്ത്രി അസന്ദിഗ്ധമായി പറഞ്ഞത് കേവല പുനരധിവാസമല്ല, പുതിയ കേരളത്തിൻ്റെ നിർമ്മാണമാണ് ലക്ഷ്യമാക്കുന്നത് എന്നാണ്. കേരളത്തിന്റെ നവനിർമ്മാണമാണ് നാം പരിഗണിക്കേണ്ടത് എന്നത് വ്യക്തമാണ്.

നാം അനുഭവിക്കുന്ന സ്ഥിതി വിശേഷത്തിൻ്റെ കാരണങ്ങൾ കണ്ടെത്തുമ്പോൾ എത്തിച്ചേരാനാവുന്ന നിരവധി വിഷയങ്ങളുണ്ട്. കഴിഞ്ഞ സെപ്: 11ന് ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് നടന്ന കാലാവസ്ഥ വ്യതിയാനങ്ങളെപ്പറ്റിയുള്ള പരിപാടിയിൽ യു.എൻ സെക്രട്ടറി ജനറൽ കേരളത്തിലെ പ്രളയത്തെയും കഴിഞ്ഞ വർഷം പോർട്ടറിക്കോയിൽ മൂവായിരത്തിലധികം പേരുടെ മരണത്തിനിടയമാക്കിയ മരിയാ ചുഴലിക്കാറ്റിനെയും പരാമർശിച്ച് പറഞ്ഞത് ലോകം ഇന്ന് വളരെ നേരിട്ടുള്ള അസ്തിത്വ ഭീഷണി നേരിടുകയാണ് എന്നാണ്. നാം സഞ്ചരിക്കുന്നതിനേക്കാൾ വേഗത്തിൽ കാലാവസ്ഥ മാറ്റം സഞ്ചരിക്കുന്നതായും അദ്ദഹം ചൂണ്ടിക്കാട്ടി. പ്രളയം എന്തിൻ്റെ സൃഷ്ടിയാണെന്ന് തർക്കിക്കുമ്പോഴും അതിന് വ്യത്യസ്ഥ വാദങ്ങളുന്നയിക്കുമ്പോഴും പരസ്യമായോ രഹസ്യമായോ എല്ലാവരും സമ്മതിക്കുന്ന ഒരു കാര്യമുണ്ട്.പരിസ്ഥിതി സന്തുലനത്തിൽ ഗുരുതരമായ മാറ്റം വന്നിരിക്കുന്നു എന്നതാണ്. പുതിയ കേരളം പണിയുമ്പോൾ ഏറ്റവും വലിയ പരിഗണന ഈ പ്രശ്നത്തിന് നാം നൽകേണ്ടിവരും.

കേരളം അതീവ പ്രത്യേകതയുള്ള നാടാണ്.മലയോരം മുതൽ സമുദ്രതീരം വരെ ഇടുങ്ങിയ വീതിയുള്ള തെക്കുവടക്കായി നിലകൊള്ളുന്ന ഭൂപ്രദേശം. അതിനിടയിൽ സമുദ്രത്തേക്കാൾ താഴ്ന്ന കുട്ടനാട് പോലുള്ള പ്രദേശങ്ങൾ. സന്തുലിതമായി ചൂടും തണുപ്പും മഴയും വെയിലും ആയിരുന്നു നമ്മുടെ പ്രത്യേകതകൾ. ഇതിനു സമാനമായി ഒരു ഭൂപ്രദേശവും ഇല്ല എന്നതാണ് സത്യം . ഇവിടുത്തെ ഭൂപ്രകൃതിക്കു അനുയോജ്യമായ നിർമ്മാണ രീതിയും കാർഷിക വ്യവസായ വികസന രീതി രൂപപ്പെടുത്തിയെടുക്കുക എന്നതാണ് കേരള നിർമ്മാണത്തിലെ  വലിയ പാഠം.

പുതിയ നാഗരികതയുടെ സൃഷ്ടിപ്പിന് പശ്ചാത്തല സൗകര്യങ്ങളൊരുക്കുക അതീവ പ്രാധാന്യമുള്ളതാണ്. അതിന്  നിർമ്മാണ  പ്രവർത്തനങ്ങൾ തന്നെ ആവശ്യമാണ്. നാം ഇന്ന് നിലവിൽ പിന്തുടരുന്ന നിർമ്മാണ രീതി പുനപരിശോധിക്കുക തന്നെ വേണം. ഭവന നിർമ്മാണത്തിന് നമ്മുടെ കാലാവസ്ഥക്ക് അനുയോജ്യമായ സ്ഥലങ്ങളും രീതികളും അവലംബിക്കേണ്ടത് അത്യാവശ്യമാണെന്നാണ് തുടരെ തുടരെയുള്ള നൂറുകണക്കിന് ഉരുൾപൊട്ടുകൾ നമുക്ക് കാട്ടിത്തരുന്നത്. കെട്ടിടങ്ങളുടെ നിർമ്മാണ രീതിയിൽ ഊർജ്ജമുൽപാദിപ്പിക്കുന്ന സംവിധാനങ്ങളടക്കം വിവിധ രീതികൾ തുടങ്ങിയേ മതിയാവൂ.

മഹാപ്രളയം കാർഷിക മേഖലയിലും വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. മലയോരത്തെ മണ്ണ് പ്രളയ ജലത്തിൻ്റെ ഒഴുക്കിൽ കായൽ തീരങ്ങളിലും ഇടനാടുകളിലും എത്തപ്പെട്ടിട്ടുണ്ട്. 25000 ഹെക്ടർ നെൽകൃഷി നശിച്ചതായും നിരവധി വയലുകൾ  നശിച്ചതായും റിപ്പോർട്ടുകൾ. നമ്മുടെ കർഷകർക്ക് സമൂഹത്തിൽ മാന്യമായ സ്ഥാനവും പരിഗണനയും ഉണ്ടാവണം. കാലാവസ്ഥയിൽ വരുന്ന മാറ്റവും പ്രകൃതിക്ഷോഭങ്ങളുമെല്ലാം ആദ്യം ബാധിക്കുക കർഷകരെയായിരിക്കും. ഓരോ വിളവെടുപ്പും വലിയ പരീക്ഷണമാണ് കർഷകർക്ക്. ഈ സ്ഥിതി മാറുകയും കർഷകർക്ക് ഏത് സാഹചര്യത്തിലും സാമൂഹിക സുരക്ഷയും അന്തസ്സോടെയുമുള്ള ജീവിതവും ഉറപ്പു വരുത്തുകയും വേണം.

2007 ൽ കേരളത്തിൽ 7 ലക്ഷത്തിലധികം ഹെക്ടർ തണ്ണീർത്തടങ്ങളുണ്ടായിരുന്നിടത്ത് 1,65486 ഹെക്ടർ ആയിക്കുറഞ്ഞു. 1977 ൽ ഒമ്പത് ലക്ഷത്തോളം ഹെക്ടർ നെൽവയൽ ഉണ്ടായിരുന്നിടത്ത് ഒന്നര ലക്ഷത്തോളമായി ചുരുങ്ങി. തിരിച്ചറിവുകൾ തിരിച്ചെടുക്കലുകളുടെ കൂടി നിലമാവണം. നിലവിലുള്ള നീർത്തടങ്ങളെല്ലാം സംരക്ഷിക്കുന്ന നിലപാടാണ് നവകേരള നിർമാണത്തിൽ കൈകൊളേളണ്ടത്.

പ്രളയാനന്തരം പുഴകളിൽ നിന്നും മറ്റും പുറന്തള്ളപ്പെട്ട പ്ലാസ്റ്റിക് മാലിന്യങ്ങളടക്കമുള്ളവയുടെ അളവ് അമ്പരിപ്പിക്കുന്നതാണ്. നിയന്ത്രണവും റീസൈക്ലിംഗ് സാധ്യതയുള്ളവക്ക് പ്രോത്സാഹനവും നൽകുന്ന ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കാനുള്ള രീതിയും നാം രൂപപ്പെടുത്തണം.

കേരളത്തിൻ്റെ വലിയ മനുഷ്യവിഭവമാണ് പ്രവാസികൾ. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പല മേഖലകളിലും കഴിവ് തെളിയിച്ച ഒട്ടനവധി പ്രഗത്ഭ പ്രവാസികളുണ്ട്. കേരള പുനർനിർമാണത്തിന് പണം നൽകുന്ന സ്രോതസായി മാത്രം നാം കണക്കാക്കുന്ന ഇവരുടെ ശേഷിയെ സാങ്കേതികമായും വൈജ്ഞാനികമായും ഉപയോഗപ്പെടുത്താനുള്ള നീക്കം കൂടി നാം നടത്തേണ്ടതുണ്ട്.

സാങ്കേതിക അറിവുകളെക്കാൾ  പ്രായോഗിക അറിവുകൾ പ്രയോജനപ്പെടുന്ന നിരവധി സന്ദർഭങ്ങളുണ്ട്. പ്രളയ ജലം കേരളത്തെ ആകെ മുക്കിയപ്പോൾ ഡിസാസ്റ്റർ മാനേജ്‌മന്റ് സംവിധാനങ്ങളൊക്കെ പകച്ചു നിൽക്കുകയായിരുന്നു. അതിശയിപ്പിക്കുന്ന രക്ഷാ ദൗത്യമായി അപ്പോഴെത്തിയത് കാറ്റിനെയും കോളിനെയും പ്രായോഗികജ്ഞാനത്തിലൂടെ മറികടക്കുന്ന മൽസ്യതൊഴിലാളികളായിരുന്നു. കേരള നവ നിർമാണത്തിന് ഇത് വലിയ പാഠമാണ്.

ജാഗ്രതയോട് കൂടിയ കാലമാണ് ഇനി വേണ്ടത്. പകർച്ചവ്യാധികൾ പോലുളള മറ്റു ദുരന്തങ്ങളിലേക്ക് ജനങ്ങൾ എടുത്തെറിയപ്പെടുക എന്നത് ലോകാത്തെല്ലായിടത്തുമുള്ള പ്രളയാനന്തര അനുഭവമാണ്. ഇവിടെയും അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ദുരിതാശ്വാസ കർമപരിപാടികളിൽ ആരോഗ്യ രംഗത്തെ ഗൗരവ പൂർവം മുന്നിൽ കണ്ടുള്ള കർമ്മപരിപാടികൾക്ക് നാം ഊന്നൽ നൽകേണ്ടതുണ്ട്. കരുതലോടെ ആരോഗ്യ രംഗത്തെ സമീപിച്ചില്ലെങ്കിൽ ജീവനുകൾ ഇനിയും നഷ്ടപ്പെടുന്നത് നാം കാണേണ്ടി വരും. മാത്രവുമല്ല പ്രളയദുരിതം ഏൽക്കാത്ത പ്രദേശങ്ങളിൽ കൂടി അത് പടരുമെന്ന യാഥാർഥ്യത്തെ ഗൗരവത്തോട് കൂടി നാം കാണണം. അത്തരത്തിൽ കൂടി ഈ പ്രതിസന്ധികളെ മറികടന്നാൽ മാത്രമേ ഒരു ജനതയിവിടെ അതിജയിച്ചിരിക്കുന്നുവെന്ന നമുക്ക് ലോകത്തോട് അഭിമാനത്തോടെ പറയാനാവുക.

മഹാദുരന്തത്തെ നേരിൽ കണ്ടവരും  നാശനഷ്ടങ്ങൾ നേരിട്ടവരുമായ വലിയ സമൂഹത്തിൻ്റെ മാനസികമായ കരുത്തിന് കൂട്ടാവുക എന്നതും പ്രധാനമാണ്. വർഷങ്ങൾ വേണ്ടിവരുന്ന അവരുടെ അതിജീവനത്തിന് ഓരോരുത്തരും കരുതലോടെ താങ്ങായി തണലായി പ്രയാസങ്ങൾ കണ്ടറിഞ്ഞു കൂടെ നിൽക്കുക എന്നത് നമ്മുടെ സമൂഹത്തിൻ്റെ, സർക്കാരിൻ്റെ വലിയ അജണ്ടയാവേണ്ടതുണ്ട്.

അറിയപ്പെട്ട കേരള ചരിത്രത്തിലെ കേട്ടുകേൾവി പോലുമില്ലാത്ത മഹാപ്രളയം ദുരിത്തോടൊപ്പം മലയാളി സമൂഹത്തിൻ്റെ നിരവധി നന്മകളെയും പുറത്തെടുക്കാൻ സഹായിച്ചിട്ടുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തും തദ്ദേശ നാടുകളിൽ നിന്നുമുൾപ്പടെ പ്രളയ ബാധിതരോട് അത്യുദാരമായ സമീപനം സ്വീകരിച്ച എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വലിയ തോതിൽ സംഭാവന നൽകി. ദുരിതമനുഭവിക്കുന്നവർക്ക് ഉദാരമതികൾ നൽകിയ പണം അനർഹരിൽ എത്താതിരിക്കാനും യഥാർഥ അവകാശികൾക്ക് ലഭിക്കാനും ഭരണകൂടവും സമൂഹവും ഒരുപോലെ ജാഗ്രത പുലർത്തേണ്ടതുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ വ്യവസ്ഥയും ക്രമവും വളരെ പ്രാധാന്യവുമാണ്.

‌സോഷ്യൽ മീഡിയയുടെ സാധ്യതകൾ വർധിച്ചതോടെ എല്ലാവർക്കും അവരവരുടെ അഭിപ്രായങ്ങളും വാദങ്ങളും പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ ലഭിക്കുന്നുണ്ട്. ഓരോ പ്ലാറ്റ്ഫോമിൻ്റെയും  സാധ്യതകൾ ലോകത്തോളം വിശാലവുമാണ്. വിവരവിനിമയ സാങ്കേതികവിദ്യ സൃഷ്ടിച്ച ഈ അതിരില്ലാത്ത സാധ്യതകൾ പ്രളയ കാലത്തും തുടർന്നും എങ്ങിനെയാണ് ഉപയോഗപ്പെടുത്തപ്പെട്ടതെന്ന് വിലയിരുത്തുകയും രേഖപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. പ്രളയ ദിനങ്ങളിൽ രക്ഷാ ദൗത്യങ്ങളുടെ ചാലകശക്തിയും പ്രളയാനന്തരം പുനരധിവാസങ്ങളുടെയും ദുരിതാശ്വാസങ്ങളുടെയും പ്രധാന വേദിയുമായി നിലകൊള്ളുന്നു ഈ സാമൂഹിക മാധ്യമങ്ങൾ.

മനുഷ്യൻ്റെ അടിസ്ഥാന ആവശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പുനരധിവാസ പദ്ധതികൾ രൂപപ്പെടേണ്ടത്. മത്സ്യത്തൊഴിലാളികളും ആദിവാസികളും കർഷകരും ഉൾപ്പെട്ട ഒരാളും അവഗണിക്കപ്പെടേണ്ടവരല്ലെന്നും അവർക്കെല്ലാം ദൈനംദിന ജീവിതത്തിൽ വലിയ പങ്ക് നിർവഹിക്കാനുണ്ട് ഈ സമൂഹത്തിൽ എന്ന തിരിച്ചറിവിലുമാണ് നാം ഉയർത്തെഴുന്നേൽക്കേണ്ടത്. കേരളം പുനർനിർമ്മിക്കുമ്പോൾ വികസനം ഭൂമിക്കിണങ്ങുന്ന ആവാസ വ്യവസ്ഥക്ക് ചേർന്ന് നിൽക്കുന്നതാവണമെന്ന് വിളിച്ച് പറയുന്നവരെ വികസന വിരോധികളെന്ന് വിളിച്ച് ആക്ഷേപിക്കുന്നതിന് അവസാനമാകുമെന്നാണ് പ്രതീക്ഷ.

കേരള സാക്ഷരത മിഷന്റെ സർവേയിൽ 56.2 ശതമാനം ആളുകൾക്കും ദുരന്തനിവാരണ നടപടികളെക്കുറിച്ച് അതിൻ്റെ സാധ്യതകളെ കുറിച്ച് അറിയില്ലെന്നാണ് കണക്കുകൾ പറയുന്നത്. മഹാ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിലെങ്കിലും അത്തരം കാര്യങ്ങളിൽ ശ്രദ്ധ ചെലുത്താൻ പൊതുജന പങ്കാളിത്തവും സർക്കാരും ഒന്നിച്ച് കൈക്കോർക്കണം.
‌ഭൂമിക്കിണങ്ങുന്ന വികസനം എന്ന മുദ്രാവാക്യമുയർത്തി അതിജീവനപാതയിൽ മുന്നേറിയാൽ മാത്രമേ വരും തലമുറക്ക് ദൈവത്തിൻ്റെ സ്വന്തം നാടിനെ ആസ്വദിക്കാനും ജീവിക്കാനും സാധ്യമാവുകയുള്ളൂ എന്നത് സത്യമാണ്. “എന്ത് വിലകൊടുത്തും ഞാൻ നിന്നെ സ്വന്തമാക്കും” എന്ന് പറഞ്ഞ മനുഷ്യനോട് “ഒരു വിലയും കൂടാതെ നിന്നെ ഞാൻ സ്വന്തമാക്കും എന്ന് ഭൂമി പറയുന്നതായി ഒരു ആപ്ത വാക്യമുണ്ട്.

‌വരും തലമുറക്ക് സുരക്ഷിതവും സുന്ദരവുമായി നമ്മുടെ നാടിനെ നിലനിർത്തി മുന്നേറണമെങ്കിൽ ജാഗ്രത നിറഞ്ഞ ഒരു നവകേരള നിർമാണ രീതി, പരിസ്ഥിതി സൗഹൃദ വികസന രീതികൾ അവലംബിച്ചേ മതിയാകൂ. നാം ചിത്രം വരക്കുന്ന കാൻവാസ് നമ്മുടെ മണ്ണിലാണ്. ഒരു മഹാദുരന്തത്തെ നേരിട്ട നമ്മുടെ മണ്ണിൽ ചവിട്ടി നിന്ന് വീണ്ടും നാം തുടരുന്നത് എല്ലാം കെട്ടിപ്പിടിക്കാനുള്ള തന്ത്രമാണെങ്കിൽ ദുരന്തങ്ങളിൽ നിന്നും പാഠമുൾക്കൊള്ളാത്ത സമൂഹമായിത്തീരും നാം. പൊതുജനപങ്കാളിത്തവും സർക്കാർ സംവിധാനങ്ങളുടെ കാര്യക്ഷമമായ ഇടപെടലുകളും നടത്തി കൂട്ടായ പരിശ്രമങ്ങളിലൂടെ നമുക്കൊരുമിച്ച് കൈക്കോർക്കാം, നമുക്കൊരുമിച്ച് മുന്നേറാം.

About the Author

തഷ്‌രീഫ്‌ കെപി മമ്പാട്
ന്യൂഡൽഹി ജാമിഅ മില്ലിയ ഇസ്‌ലാമിയയിൽ പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ് തഷ്‌രീഫ്‌ കെപി മമ്പാട്

Be the first to comment on "പ്രളയാനന്തര കേരളം; അതിജീവനത്തിൻ്റെ ഭാവിയും വർത്തമാനവും"

Leave a comment

Your email address will not be published.


*