വംശീയത സഹിക്കില്ല. ജർമനിക്കായി ഇനി ബൂട്ടണിയിലെന്ന് ഓസിൽ

കടുത്ത വംശീയതക്കും അവഹേളനത്തിനും ഇരയായ ആഴ്‌സനല്‍ മിഡ്ഫീല്‍ഡറും ജർമനിയുടെ മികച്ച ഫുട്‍ബോൾ താരവുമായ മെസ്യൂട്ട് ഓസില്‍ ജര്‍മനിക്കായി ഇനി ബൂട്ടണിയില്ല. ജര്‍മനിക്കായി ഇനി കളിക്കില്ലെന്ന് അദ്ദേഹം തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ വഴി പ്രസ്താവന പുറത്തിറക്കി. മൂന്ന് കത്തുകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്താണ് ഒരു പതിറ്റാണ്ട് കാലമായുള്ള ജര്‍മന്‍ ഫുട്ബോള്‍ ജീവിതം അവസാനിപ്പിച്ച വിവരം മെസ്യൂട് ഓസില്‍ അറിയിച്ചത്.

വംശീയാധിക്ഷേപവും അവഗണനയുമാണ് ജര്‍മന്‍ ജേഴ്സി ഊരാന്‍ കാരണമെന്ന് ഓസില്‍ പറഞ്ഞു. ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് ഓസില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്.

തുര്‍ക്കി വംശജനായ ഓസിലിനും കുടുംബത്തിനും കടുത്ത വംശീയാക്രമണങ്ങളും അവഹേളനവും നേരിടേണ്ടി വന്നിരുന്നു. റഷ്യന്‍ ലോകകപ്പിന് മുമ്പ് തുര്‍ക്കി പ്രസിഡന്റ് തയ്യിപ് ഉര്‍ദുഗാനൊപ്പം ഓസില്‍ ഫോട്ടോക്ക് പോസ് ചെയ്തത് വിവാദമായിരുന്നു. പിന്നാലെ ജര്‍മനി ലോകകപ്പില്‍ നിന്ന് ആദ്യ റൌണ്ടില്‍ പുറത്തായതോടെ കൂടുതല്‍ പഴി കേട്ടതും ഓസിലായിരുന്നു. ഉര്‍ദുഗാനാടൊപ്പം ഫോട്ടോ എടുത്തത് രാഷ്ട്രീയ നിലപാടല്ലെന്ന് വിരമിക്കല്‍ പ്രസ്താവനയില്‍ ഓസില്‍ പറയുന്നു. തന്‍റെ കുടുബത്തിന്‍റെ സ്വദേശത്തിന്‍റെ പരമോന്നത നേതാവിനോടുളള ആദരം മാത്രമായിരുന്നു.

‘ ഉര്‍ദുഗാനാടൊപ്പമുള്ള ചിത്രം എന്നെ സംബന്ധിച്ച് രാഷ്ട്രീയ നിലപാടോ തിരഞ്ഞെടുപ്പ് നയപ്രഖ്യാപനമോ അല്ല. എന്റെ കുടുംബാംഗങ്ങളുടെ രാജ്യത്തെ പരമോന്ന നേതാവിനോടുള്ള ആദരം മാത്രമാണ്. ഞാനൊരു പ്രഫഷനൽ ഫുട്ബോൾ കളിക്കാരനാണ്. അതിനപ്പുറം ഒന്നുമില്ല. എന്നാൽ, ചിത്രമെടുത്തതിന്റെ പേരിൽ ജർമൻ ഫുട്ബോൾ അസോസിയേഷൻ ഉൾപ്പെടെ ഒട്ടേറെ മേഖലയിൽനിന്ന് എതിർപ്പുണ്ടായി. ഇനിയും ജർമനിയുടെ ജഴ്സി ഞാൻ ധരിക്കുന്നത് അവർക്കിഷ്ടമല്ലെന്നു മനസ്സിലായി. 2009ൽ രാജ്യാന്തര ഫുട്ബോളിൽ അരങ്ങേറിയതു മുതൽ ഇതുവരെ നേടിയതെല്ലാം സകലരും മറന്നുപോയിരിക്കുന്നു. വംശീയാധിക്ഷേപത്തിൽ അഭിരമിക്കുന്നവരെ ഫിഫ പോലെ വിശാല കാഴ്ചപ്പാടുള്ള സംഘടനകളിൽ ഉൾപ്പെടുത്തരുത്. വിവിധ വംശപാരമ്പര്യമുള്ളവരുടെ കളിയാണു ഈ സാഹചര്യത്തിൽ, ജർമൻ ദേശീയ ടീമിൽ തുടരുന്നതിൽ അർഥമില്ല. വലിയ ഹൃദയഭാരത്തോടെ തന്നെയാണ് ഈ തീരുമാനമെടുത്തത്. ‘ ഓസിൽ പറയുന്നു

ജയിക്കുമ്പോള്‍ താനവര്‍ക്ക് ജര്‍മനും തോല്‍ക്കുമ്പോള്‍ കുടിയേറ്റക്കാരനും ആകുന്നു. തുര്‍ക്കി വംശജനായത് കൊണ്ട് ഫുട്ബോള്‍ അസോസിയേഷന്‍ അവഗണിച്ചു. വംശീയാധിക്ഷേപം ഒരു കാലത്തും അഗീകരിക്കാന്‍ കഴിയാത്തത് കൊണ്ടാണ് ജര്‍മന്‍ കുപ്പായം അഴിക്കുന്നത് എന്ന് പറഞ്ഞാണ് ഓസില്‍ പ്രസ്താവന അവസാനിപ്പിക്കുന്നത്.

തനിക്കും കുടുംബത്തിനും നിരവധി വെറുപ്പുളവാക്കുന്ന മെയിലുകള്‍, ഭീഷണി ഫോണുകള്‍, സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള അവഹേളനം എന്നിവ നേരിടേണ്ടി വന്നതായി ഓസിലിന്റെ പ്രസ്താവനയില്‍ പറയുന്നു.

തുര്‍ക്കിയില്‍ നിന്ന് ജര്‍മനിയിലേക്ക് കുടിയേറി താമസിച്ചവരാണ് ഓസിലിന്റെ കുടുംബം. ജര്‍മനിക്കായി 92 മത്സരങ്ങളില്‍ നിന്ന് 23 ഗോളുകള്‍ നേടിയിട്ടുണ്ട് ലോകമെങ്ങും ആരാധകരുള്ള ഈ യുവതാരം. കാൽപന്തുകളിയിലെ ഏറ്റവും മികച്ച പ്ലേ മേക്കർമാരിൽ ഒരാളായി വിലയിരുത്തപ്പെടുന്ന കളിക്കാരനാണ് ഇരുപത്തൊൻപതുകാരനായ ഓസിൽ. 2009ല്‍ ടീമിലെത്തിയ ഓസില്‍ 3 ലോകകപ്പുകള്‍ കളിച്ചു. ജര്‍മനി‌ ലോകകപ്പ് നേടിയ 2014ല്‍ ടീമിന്‍റെ മധ്യനിരയെ നിയന്ത്രിച്ചു

Be the first to comment on "വംശീയത സഹിക്കില്ല. ജർമനിക്കായി ഇനി ബൂട്ടണിയിലെന്ന് ഓസിൽ"

Leave a comment

Your email address will not be published.


*