ഹാഷിംപുര: മുസ്ലിംകൾക്കെതിരായ ആസൂത്രിതകലാപമെന്നു കോടതി. 16 പേർക്ക് ജീവപര്യന്തം

ഹാഷിംപുര കൂട്ടക്കൊലകേസില്‍ 16 പേർക്ക് ജീവപര്യന്തം. അർദ്ധ സൈനിക വിഭാഗത്തിൽ പെട്ട 16 പൊലീസുക്കാർക്കാണ് ദൽഹി കോടതി ശിക്ഷ വിധിച്ചത്. നേരത്തെ ട്രയൽ കോടതി വെറുതെ വിട്ട പ്രതികൾക്കെതിരെയാണ് ഡൽഹി കോടതിയുടെ നടപടി.

മുസ്‌ലിംകൾക്കെതിരെ സൈന്യം നടത്തിയ ആസൂത്രിത കൊലപാതകമാണ് ഹാഷിംപുരയെന്ന് കോടതി നിരീക്ഷിച്ചു. നീതിക്കായി 31 വർഷം കാത്തിരിക്കേണ്ട അവസ്ഥയും കോടതി പ്രത്യേകം തന്നെ എടുത്തു പറഞ്ഞു.

1987 മെയിൽ യു.പിലെ മീറത്തിലുള്ള ഹാഷിംപുരയിലെ 42 മുസ്ലിം ചെറുപ്പക്കാരെ പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റബുലറിയിലെ 19 അംഗങ്ങൾ നഗരത്തിന് പുറത്തേക്ക് കൊണ്ടുപോയി വെടിവെച്ചുകൊന്നു
വെന്നതാണ് കേസ്.  മീറത്തില്‍ നിന്നും ഹാഷിംപുരയില്‍ നിന്നുമായി 700ഓളം മുസ്‌ലിംകളെയാണ് പിഎസി നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തിരുന്നത്. ഇതില്‍ 50ഓളം യുവാക്കളെ പോലിസ് ട്രക്കില്‍ കയറ്റി മക്കന്‍പൂര്‍ ഗ്രാമത്തിലുള്ള കനാലിനരികെ കൊണ്ടുപോയി വെടിവച്ചുകൊന്ന് കനാലില്‍ തള്ളുകയായിരുന്നു

അയോധ്യയിലെ ബാബരി മസ്ജിദ് വളപ്പിനകത്ത് ശിലാന്യാസം നടത്താന്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ അനുവാദം നല്‍കിയതിനെ തുടര്‍ന്ന് വര്‍ഗീയ സംഘര്‍ഷങ്ങള്‍ തലപൊക്കാന്‍ തുടങ്ങിയ കാലത്തായിരുന്നു സംഭവം.

അഞ്ച് പേര്‍ മാത്രമാണ് ഈ കൂട്ടക്കൊലയില്‍ നിന്ന് രക്ഷപ്പെട്ടത്. മുഹമ്മദ് നഈം, മുജീബുര്‍റഹ്മാന്‍, മുഹമ്മദ് ഉസ്മാന്‍, ബാബുദ്ദീന്‍ എന്നിവരും സുല്‍ഫിക്കാര്‍ നാസിറുമാണ് രക്ഷപ്പെട്ടത്. വെടിയുണ്ടകള്‍ ഏറ്റിട്ടും ഇരുട്ടില്‍ പി.എ.സിക്കാര്‍ക്ക് മരണം ഉറപ്പുവരുത്താന്‍ കഴിയാതിരുന്നതാണ് ഈ കേസിന്റെ സാക്ഷികളായി ഇവരെ ബാക്കിനിര്‍ത്തിയത്.  മരിച്ചെന്നു കരുതി പോലിസ് ഉപേക്ഷിച്ച അഞ്ചുപേരിലൂടെയാണ് നിയമപാലകരുടെ അരുംകൊല പിന്നീട് പുറംലോകമറിഞ്ഞത്.

2000ത്തിൽ കേസിൽ പ്രതികളായ 16 പേർ കീഴടങ്ങുകയും ഇവർക്ക് പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്തു. മൂന്നു പേർ ഇൗ കാലയളവിൽ മരിച്ചു.

2015ൽ കുറ്റാരോപിതരായ 16 പേരെ തെളിവിന്റെ അഭാവത്തിൽ കോടതി വെറുതെ വിട്ടിരുന്നു. 28 വർഷത്തെ വിചാരണക്ക് ശേഷം പ്രതികളായ പോലീസുകാരെ കോടതി വെറുതെ വിട്ടത് വിവാദമായിരുന്നു

ഹാഷിംപുരയിൽ പോലിസ് നടത്തിയ കൂട്ടക്കൊലയുടെ ഇരകൾക്കു നീതിനിഷേധിക്കുന്നതിൽ കേന്ദ്രത്തിലെയും സംസ്ഥാനത്തെയും കോൺഗ്രസ് സർക്കാരുകൾ ഒത്തുകളിച്ചെന്ന് കേസിന്റെ അന്വേഷണത്തിൽ ആദ്യഘട്ടത്തിൽ പങ്കാളിയായ മുൻ പോലിസ് ഉദ്യോഗസ്ഥൻ വിഭൂതി നാരായൺ റായി വെളിപ്പെടുത്തുകയുണ്ടായി. സംഭവം നടന്ന കാലത്ത് ഗാസിയാബാദ് എസ്.എസ്.പി. ആയിരുന്നു അദ്ദേഹം. ‘ A modern day Jallianwala Bagh’ എന്നാണ് അദ്ദേഹം ഈ കൂട്ടക്കൊലയെ Hasimpura 22 May എന്ന തന്റെ ഗ്രന്ഥത്തിലൂടെ വിശേഷിപ്പിച്ചത്.

Be the first to comment on "ഹാഷിംപുര: മുസ്ലിംകൾക്കെതിരായ ആസൂത്രിതകലാപമെന്നു കോടതി. 16 പേർക്ക് ജീവപര്യന്തം"

Leave a comment

Your email address will not be published.


*