https://maktoobmedia.com/

വനിതകൾക്കായുള്ള മതപഠനക്ലാസുകൾ പഠിപ്പിക്കുന്നത്….

Representative Image

നൂർജഹാൻ കെ

ചെറുപ്പം മുതലേ, അതായത് എനിക്കോർമ്മ വെച്ച കാലം മുതലേ മത പഠന ക്ലാസുകൾ എൻ്റെ ചുറ്റുപാടുകളുടെ പ്രധാന ഭാഗമായിരുന്നു. പെണ്ണുക്കൾക്ക് വേണ്ടിയുള്ള പ്രത്യേക ക്ലാസുകളും പൊതു ക്ലാസുകളും കേട്ട് കേട്ട് തന്നെയാണ് വളർന്നത്. മതത്തെ പരിചയപ്പെടുത്തുന്നതിനായി, ഖുർആൻ പരിചയപ്പെടുത്താനായി, ഹദീസുകളെ പരിചയപ്പെടുത്താനായി നടത്തപ്പെട്ട ഈ ക്ലാസുകളിൽ ഒന്നും തന്നെ എനിക്ക് മതത്തിനോടോ അതിൻ്റെ സംഹിതയോടൊ സ്നേഹം തോന്നാൻ അല്ലെങ്കിൽ ഇഷ്ടം തോന്നാൻ ഇടയാക്കിയില്ല എന്നത് നഗ്ന സത്യമാണ്. മനസ്സിന് സമാധാനം തരുന്നതിന് പകരം കുറെ ചോദ്യങ്ങൾ അവശേഷിപ്പിക്കുകയും അസംതൃപ്തി ഉണ്ടാക്കുകയുമായിരുന്നു അതിൻ്റെയൊക്കെ അനന്തര ഫലങ്ങൾ. കഷ്ട്ടപ്പെട്ട് ഇഷ്ട്ടപ്പെടാൻ ശ്രമിക്കുന്നത് ഒരു ബുദ്ധിമുട്ടുള്ള പണിയാണ്. അങ്ങനെയൊരവസ്ഥയിലും ദൈവത്തിലുള്ള വിശ്വാസം (അല്ലാഹുവിലുള്ള വിശ്വാസം) മുറുകെ പിടിക്കാൻ ശ്രമിച്ചത് ഈ പരിചയപ്പെടുത്തലിനുമൊക്കെ അപ്പുറത്ത് ചിലതുണ്ട് എന്ന തോന്നലിലാണ്.

ഇത്രയും പറഞ്ഞത് ആ പരിചയപ്പെടുത്തൽ പ്രക്രിയയിലെ ചില മാരകമായ ചില പ്രശ്നങ്ങൾ പിന്നീട് തിരിച്ചറിഞ്ഞത് കൊണ്ടാണ്. വനിതാ ക്ലാസുകളിലെ പ്രധാന വിഷയം സ്ത്രീക്കളുടെ അച്ചടക്കവും വസ്ത്രധാരണ പെരുമാറ്റ രീതിയും ഭാര്യയുടെ കടമകളും ഇതിൽ നിന്നും വ്യതിചലിച്ചാലുള്ള നരക ശിക്ഷയെ കുറിച്ചുമൊക്കെയാണ്. സ്ത്രീകളെയാണ് നരകത്തിൽ കൂടുതൽ കണ്ടെതെന്നും അതിന് കാരണം ഭർത്താവിനോടുള്ള പെരുമാറ്റ ദൂഷ്യമാണെന്നും (അതായത് ഭർത്താവിനോട് പെരുമാറ്റ ദൂഷ്യം കാണിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടുതലാവുന്നത് കൊണ്ടാണല്ലൊ നരകത്തിൽ കൂടുതൽ പെണ്ണുങ്ങളെ കാണുന്നത്!) അത് കൊണ്ട് അത് ശ്രദ്ധിച്ചാൽ നിങ്ങൾക്ക് നല്ലതെന്ന് എത്ര വട്ടം കേട്ടിരിക്കുന്നു. (ഇത് കേട്ട് എന്നാൽ ഇത്ര കഷ്ടപ്പെട്ട് കല്യാണം കഴിക്കുന്നതെന്തിന് എന്ന് എത്ര വട്ടം തോന്നിയിരുന്നു). എന്നാൽ സ്ത്രീയോട് പെരുമാറ്റ ദൂഷ്യം കാണിക്കുന്ന ആണുക്കളെ കുറിച്ച് ആരും പറഞ്ഞ് കേട്ടതുമില്ല.

ഇങ്ങനെ പേടിപ്പിച്ച് പേടിപ്പിച്ച് വിശ്വസിപ്പിക്കുന്ന രീതി തന്നെയാണ് മിക്കവാറും ഈ ക്ലാസുകളൊക്കെ അവലംബിച്ചിരുന്നത്. പേടിച്ച് ചെയ്യുന്ന ഒരു കാര്യത്തോട് എങ്ങനെയാണ് നമുക്കിഷ്ടം തോന്നുക. ഇഷ്ടമില്ലാതെ ചെയ്യുന്ന ഒരു പ്രക്രിയക്ക് എന്തർത്ഥമാണുള്ളത്? ഇതൊക്കെ കേൾക്കുമ്പോഴൊക്കെ എൻ്റെ മനസ്സിൽ നൂറു ചോദ്യങ്ങളും അസംതൃപ്തിയും മാത്രമായിരുന്നു നിറഞ്ഞിരുന്നത്. സത്യത്തിൽ എൻ്റെ ദൈവം ഇത്ര ക്രൂരനാണോ എന്നും ദൈവത്തിനു മുന്നിൽ സ്ത്രീയും പുരുഷനും രണ്ട് നീതിയെങ്ങനെ ഉണ്ടാവുന്നുവെന്ന് പലപ്പോഴായി സ്വന്തത്തോടും പലരോടും ചോദിച്ചിട്ടുണ്ട്. അപ്പോഴൊന്നും കൃത്യമായ മറുപടി കിട്ടിയില്ലെന്ന് മാത്രമല്ല, കിട്ടിയ മറുപടിയിലൊക്കെ എന്തൊക്കെയോ പന്തികേടുമാണ് തോന്നിയത്.

ദൈവം മനസ്സിനോട് സംസാരിക്കുമെന്നും അതിൽ സ് നേഹവും സമാധാനവുമുണ്ടാവുമെന്നു തന്നെയാണ് അന്നും ഇന്നും എൻ്റെ വിശ്വാസം. പക്ഷെ ആ സമാധാനം ഈ പറയുന്ന മേൽ പറഞ്ഞവർ പരിചയപ്പെടുത്തിയ മതത്തിലൊന്നും ഞാൻ കണ്ടില്ല. മേൽ പറഞ്ഞ മതപഠന ക്ലാസുകൾ ജീവിതത്തിൻ്റെ ഒരു നല്ല കാലയളവോളം കേട്ട് കേട്ട് ജീവിക്കുന്ന ഒരു നല്ല ശതമാനം സ്ത്രീകളെക്കുറിച്ചും ഞാൻ ചിന്തിക്കാറുണ്ട്.

അവർക്കെന്തായിരിക്കും മതം? അവരുടെ വിശ്വാസത്തിൻ്റെ കാതലെന്തായിരിക്കും? നരകശിക്ഷയെ കുറിച്ചുള്ള ഭയമോ അതോ സ്നേഹമുള്ള ദൈവത്തോടുള്ള സ്നേഹവും സമാധാനവുമോ? പേടിപ്പിച്ച് വെച്ചു കൊണ്ടുള്ള പെരുമാറ്റ ചട്ടങ്ങളായി മാത്രം പരിചയപ്പെടുത്തുന്ന മതം അവർക്ക് സത്യത്തിൽ സമാധാനം നൽകുന്നുണ്ടോ ആവോ? എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി അറിയില്ല. എന്നാലും ചിലത് മനസ്സിലാവുന്നുണ്ട്. ആ പരിചയപ്പെടുത്തലിൽ പലതും അവരിൽ ശക്തമായ പോസിറ്റീവായ ആന്തരിക മാറ്റങ്ങളോ സംസ്കരണക്കൾക്കോ കാരണമാവുന്നതിന് പകരം പ്രതലതലത്തലുള്ള അല്ലെങ്കിൽ ബാഹ്യമായ ചില മാറ്റങ്ങൾക്ക് മാത്രമേ കാരണമാവുന്നുള്ളു എന്നതാണ്. ഉദാഹരണത്തിന് സാരി മാറ്റി പർദ്ദയാക്കുക (പർദ്ദയെ നെഗറ്റീവായ വസ്ത്രം എന്ന ധാരണ ഒട്ടുമില്ല. പക്ഷെ പർദ്ദ ഇട്ടത് കൊണ്ട മാത്രം സ്വഭാവം സംസ്കരക്കപ്പെടണം എന്നില്ലല്ലോ), പള്ളിയിൽ പോവുന്നത് ശീലമാവുക ( ശീലം നല്ലതാണ്, പക്ഷെ എല്ലാ വെളളിയാഴ്ച്ച ഖുതുബയും കേട്ടിട്ടും .സ്വഭാവത്തിൽ കാഴ്ച്ചപ്പാടിൽ ഒരു മാറ്റവും സംഭവിക്കാത്ത എത്രയോ സ്ത്രീകളെ എനിക്കറിയാം).

ജീവീതത്തിൽ നല്ല അളവോളം ഈ മതപഠന ക്ലാസുകൾ കേൾക്കുകയും ഖുതുബകൾ മുടങ്ങാതെ കേൾക്കുകയും ചെയ്യുന്ന ഒരുമ്മ തൻ്റെ ചെറുമകളോട് ഒരിക്കൽ പറയുന്നത് കേൾക്കാറായി. വീട്ടിലെ ആണുങ്ങളുടെ പണിയൊക്കെ ചെയ്യേണ്ടത് പെണ്ണാണ്. കാരണം ഇസ്ലാമിൽ പെണ്ണ് ആണിൻ്റ അടിമയാണ്. എവിടുന്ന് കിട്ടി ഈ വിവരമെന്ന് ചോദിച്ചപ്പോൾ ഹദീസുണ്ടെന്ന് ക്ലാസുകളിൽ പറഞ്ഞിട്ടുണ്ടെന്ന് മറുപടി. മൂന്ന് ചോദ്യം. കാലാകാലങ്ങളായി അവർക്ക് നൽകുന്ന മതപഠന ക്ലാസുകൾ മതത്തിനെ കുറച്ച് എന്ത് ബോധ്യമാണ് അവർക്ക് നൽകുന്നത്? അവരുടെ ബോധ്യങ്ങളെ എങ്ങനെയാണ് ഇത്തരം അധ്യാപനങ്ങൾ വളർത്തുന്നത്? ഇത് കേൾക്കുന്ന ചെറുമകൾക്ക് എന്തായിരിക്കും ഇസ്ലാം?. ചില ഉദാഹരണങ്ങൾ പറഞ്ഞു വെന്നേയുള്ളു.

നിങ്ങൾക്ക് തന്ന ചിന്താശേഷി ഉപയോഗിച്ച് നിങ്ങൾ ചിന്തിച്ചു മനസ്സിലാക്കുവീൻ എന്ന് ഇടക്കിടക്ക് ഓർമിപ്പിച്ച ഒരു മത സംഹിതയെ എത്ര വിദഗ്ദമായാണ് exlusively സ്ത്രീകൾക്ക് വേണ്ടിയുള്ള പെരുമാറ്റ ചട്ടങ്ങളുടെ അദ്ധ്യാപന പദ്ധതിയായി, സ്ത്രീകൾക്ക് നേരെയുണ്ടാവാവുന്ന ശിക്ഷാരീതികളുടെ സംഹിതയായി പല മതപഠന ക്ലാസുകളും മാറ്റിയെടുന്നത്? അതിന് പകരം ഈ ക്ലാസുകളിൽ ചിലതിനെങ്കിലും ഞങ്ങളുടെ ( ഞാനടങ്ങുന്ന സ്ത്രീകളുടെ) ചിന്തകളെ ഉണർത്താനും മതം തരുന്ന സമാധാനത്തെയും സ്നേഹത്തെയും കണ്ടെത്താനും സഹായിച്ചിരുന്നെങ്കിൽ.

നിരന്തരം നടത്തിയ അന്വേഷണത്തിനും, വായനക്കും ഒടുവിലാണ് സമാധാനം തരുന്ന എൻ്റെ വിശ്വാസത്തെ കണ്ടെത്താൻ എനിക്ക് കഴിഞ്ഞത്. ആ വഴിയിൽ എന്നെ ഒട്ടും സഹായിക്കാത്ത മതപ്രസംഗങ്ങൾ കേൾക്കുന്നതും മതപഠന ക്ലാസുകൾ കേൾക്കുന്നതും (exclusively for women ) ഞാൻ പാടെ നിർത്തിയിരുന്നു. പകരം സ്വയം വായിക്കുക, ചിന്തിക്കുക, എന്ന രീതി എനിക്ക് അവലംബിക്കേണ്ടി വന്നു. അങ്ങനെ നോക്കുമ്പോൾ എൻ്റെ വിശ്വാസം എനിക്ക് സമാധാനം തരുന്നുണ്ട്. അല്ലാഹു സ്നേഹമുള്ളവനാണ്, കരുണയുള്ളവനാണ്.അല്ലാതെ മനുഷ്യർക്ക് ലിംഗത്തിനനുസരിച്ച് രണ്ട് നീതി കൽപ്പിക്കുന്നവനല്ല ! സ്ത്രീകളെ നരകത്തിലിട്ട് ചുടാൻ തക്കം പാർത്തിരിക്കുന്നവനല്ല. ഇണയെ തല്ലാൻ നൂറു കാരണങ്ങൾ അക്കമിട്ട് നിരത്തി അവസരമുണ്ടാക്കുന്നവനല്ല, (ഭരിക്കപ്പെടുന്നവൾ എന്നതോ ഭരിക്കുന്നവനെന്നോ ഉള്ള കാഴ്ച്ചപ്പാടേ ഇല്ല ). പർദ്ദയിടാതിരുന്നാൽ മുഖം കറുപ്പിക്കുന്നവനല്ല.

മനുഷ്യനെ അറിയാത്ത ചില നിയമങ്ങൾ മാത്രമാക്കി മതത്തെ മനസ്സിലാക്കിയവരോടും പരിചയപ്പെടുത്തുന്നവരോടും എനിക്കൊന്നും പറയാനില്ല.

NB: മതപഠന ക്ലാസുകളെ മുഴുവൻ പൊതുവെ വിലയിരുത്തിയല്ല മേൽപറഞ്ഞ അഭിപ്രായം രേഖപ്പെടുത്തിയിട്ടുള്ളത്. ഈ ഗണത്തിൽ പെടാത്തതും ധാരാളം ഉണ്ട്. മനസ്സിനോട് സംസാരിക്കുന്നവ. എന്നാൽ അത്തരത്തിലുള്ളത് വനിതാ ക്ലാസുകളിൽ ഒന്നും അധികം കേൾക്കാറില്ല എന്നത് യാഥാർഥ്യമാണ്. മേൽപറഞ്ഞ അഭിപ്രായം എൻ്റെ ജീവിതത്തിൽ നിന്നും ഞാൻ മനസ്സിലാക്കിയതാണ്. നിങ്ങൾക്ക് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാവാം. സ്വാഭാവികം മാത്രം. ഇസ്ലാമിൽ ചിന്തിക്കാൻ വകുപ്പില്ല (പെണ്ണിന് പ്രത്യേകിച്ചും) എന്ന് പറയുന്നവരും പെണ്ണിന് രണ്ടാം സ്ഥാനമേ ഉള്ളൂ എന്നൊക്കെ പറയുന്നവർക്ക് ഈ പോസ്റ്റിൽ കാര്യമായി ഒന്നും ചെയ്യാനില്ല. നിങ്ങൾക്ക് നന്ദി, നമസ്കാരം.

മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ സോഷ്യൽ വർക്കിൽ ഗവേഷകയാണ് ലേഖിക

About the Author

നൂർജഹാൻ കെ
മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ സോഷ്യൽ വർക്കിൽ ഗവേഷകയാണ് ലേഖിക

Be the first to comment on "വനിതകൾക്കായുള്ള മതപഠനക്ലാസുകൾ പഠിപ്പിക്കുന്നത്…."

Leave a comment

Your email address will not be published.


*