https://maktoobmedia.com/

‘എന്തുകൊണ്ട് സിപിഎം പിബിയിൽ ദലിത്, ആദിവാസി നേതാക്കൾ ഇല്ല?’ കാഞ്ച ഐലയ്യ മണിക് സർക്കാരിനോട് ചോദിച്ചപ്പോൾ

ജാതിയെ അംഗീകരിക്കാതെ വര്‍ഗത്തെ കേന്ദ്ര വിശകലന ഉപാധിയാക്കുന്നു എന്ന് അവകാശപ്പെടുന്ന സിപിഎം ഉൾപ്പടെയുള്ള കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഇനിയെങ്കിലും തിരിച്ചറിവുകളോടെ പ്രവർത്തിക്കണമെന്ന് രാഷ്ട്രീയ തന്ത്രജ്ഞനും എഴുത്തുകാരനുമായ കാഞ്ച ഐലയ്യ.

സിപിഎം മുൻകയ്യെടുത്ത് രൂപീകരിച്ച , ബഹുജൻ ലെഫ്റ്റ് ഫ്രണ്ടിന്റെ ഭാഗമായ ടി-മാസ് (തെലങ്കാന മാസ് ആന്റ് സോഷ്യൽ ഓർഗനൈസേഷൻസ്) ചെയർമാൻ കൂടിയായ കാഞ്ച ഐലയ്യ ഡിസംബർ 3 ന് ഹൈദരാബാദിൽ സിപിഎമ്മും ബഹുജൻ ലെഫ്റ്റ് ഫ്രണ്ടും സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കാന്‍ പോയ അനുഭവത്തെകുറിച്ചു സ്ക്രോളിൽ എഴുതിയ ലേഖനത്തിലാണ് സിപിഎമ്മിനെതിരെ രൂക്ഷമായ വിമർശനങ്ങളുള്ളത്.

യോഗത്തിന്‍റെ മുഖ്യാഥിതി മുൻ ത്രിപുര മുഖ്യമന്ത്രിയും സി.പി.എം പോളിറ്റ് ബ്യൂറോ അംഗവുമായ മണിക്ക് സർക്കാരുമായുള്ള സംഭാഷണത്തെ സൂചിപ്പിച്ചാണ് കാഞ്ച ഐലയ്യ ലേഖനം തുടങ്ങുന്നത്.

എന്തുകൊണ്ടാണ് പാർട്ടിയുടെ പോളിറ്റ് ബ്യൂറോയിൽ ഒരു ദലിത് നേതാവോ ആദിവാസി നേതാവോ ഇല്ലാതിരുന്നത് എന്നായിരുന്നു കാഞ്ച ഐലയ്യയുടെ മണിക്ക് സർക്കാരിനോടുള്ള ചോദ്യം.

മണിക്ക് സർക്കാരിന്റെ മറുപടിയെക്കുറിച്ചു കാഞ്ച ഐലയ്യ എഴുതുന്നു:

അദ്ദേഹത്തിൻ്റെ പെട്ടെന്നുള്ള, ഒട്ടും ആലോചിക്കാതെയുള്ള മറുപടി എന്നെ ഞെട്ടിച്ചു. “നേതാക്കളെ ഉയര്‍ത്തിക്കൊണ്ടുവരിക എന്ന ആശയത്തില്‍ ഞങ്ങൾ വിശ്വസിക്കുന്നില്ല,” അദ്ദേഹം പറഞ്ഞു. “അവർ അവരുടെ കഴിവിലൂടെ ഉയര്‍ന്നുവരണം. ജാതി അടിസ്ഥാനമാക്കിയുള്ള സ്വത്വ നേതൃത്വത്തിൽ ഞങ്ങൾ വിശ്വസിക്കുന്നില്ല.” എന്നായിരുന്നു മറുപടി

ദലിത്, ആദിവാസി സമുദായങ്ങളില്‍ നിന്നും ഒരു നേതാവിനെ പോലും ഉയര്‍ത്തി കൊണ്ടുവരുന്നതില്‍ സിപിഎമ്മിൻ്റെ കഴിവില്ലായ്മ, സ്വന്തം നേതാക്കളുടെ ‘കഴിവിനെ’ കുറിച്ചുള്ള ഒരു പ്രസ്താവന കൂടിയാണെന്നും സംഘടന അവകാശപ്പെടും പോലെ അത്ര കഴിവുറ്റതല്ല അതിന്റെ നേതൃത്വം എന്നതാണിത് സൂചിപ്പിക്കുന്നതെന്നും തുടർന്ന് കാഞ്ച ഐലയ്യ പറയുന്നു.

‘കഴിവ്’ ഇല്ലാത്തവരില്‍ ‘കഴിവ്’ കണ്ടെത്താനും തങ്ങളുടെ സ്വന്തം ബോധ്യങ്ങളെ രൂപപ്പെടുത്തുന്നതിലുള്ള ജാതിയുടെ പങ്ക് മനസ്സിലാക്കുന്നതിനും കമ്മ്യൂണിസ്റ്റ് നേതാക്കന്മാര്‍ക്കുള്ള സമയമാണിതെന്നും കാഞ്ച ഐലയ്യ ഓർമിപ്പിക്കുന്നു.

സിപിഎമ്മിനുള്ളിലെ സവർണ മേധാവിത്വത്തെയും കാഞ്ച ഐലയ്യ നിശിതമായി വിമർശിക്കുന്നുണ്ട്. പോളിറ്റ് ബ്യുറോവിലെ ജാതിവാലുകളെ പരിഹസിക്കുന്ന അദ്ദേഹം എഴുതി:

സിപിഎം നേതാക്കള്‍ വലിയ തൊഴിലാളിപക്ഷ വാദികളായിരിക്കണം എന്നാണ് വെപ്പ്. എന്നാൽ തങ്ങളുടെ സ്വന്തം പേരുകൾ തങ്ങളുടെ ‘ഉന്നതജാതി’ വാലുകള്‍ പേറുന്നുണ്ടെന്നു പോലും അവർ മനസ്സിലാക്കുന്നില്ല. സർകാർ (മണിക്), ഭട്ടാചാര്യ (ബുദ്ധദേവ്), ബസു (ജ്യോതി), മിത്ര (അശോക്), എന്നിവ അവരുടെ ജാതി പശ്ചാത്തലത്തെ സൂചിപ്പിക്കുന്നു. അന്നും ഇന്നും നന്നായി അറിയപ്പെടുന്നവരുമായ കമ്മ്യൂണിസ്റ്റ് നേതാക്കന്മാരുടെ പേരുകളായത് കൊണ്ടാണ് ഞാനീ പേരുകള്‍ സൂചിപ്പിച്ചത്. സർകാർ, ഭട്ടാചാര്യ, ബസു, മിത്ര, തുടങ്ങിയ പേരുകൾ പശ്ചിമ ബംഗാളിലോ ത്രിപുരയിലെയോ ശൂദ്രര്‍ക്കിടയിലോ (ഒ.ബി.സി) ദലിതുകൾക്കിടയിലോ ആദിവാസിക്കിടയിലോ ആരെങ്കിലും കണ്ടിട്ടുണ്ടോ?

സിപിഎം വർഷങ്ങളായി ഭരിക്കുന്ന പശ്ചിമബംഗാളിലും ത്രിപുരയിലും ശുദ്രന്മാരില്‍ നിന്നോ ദലിത് ആദിവാസി സമുദായങ്ങളിൽ നിന്നോ ഒരു മധ്യവർഗ്ഗം ഉയർന്നുവന്നിട്ടില്ലെന്നും പറയുന്ന കാഞ്ച ഐലയ്യ ജാതിവിവേചനത്തിനെതിരെയുള്ള കമ്യൂണിസ്റ്റ് നേതാക്കളുടെ സമീപനത്തിൽ ദലിത്, ആദിവാസി സമുദായ അംഗങ്ങൾ അസ്വസ്ഥരാണെന്ന് ഓർമ്മപ്പെടുത്തുന്നു.

വര്‍ഗാവകാശങ്ങള്‍ സ്വയം ഉപേക്ഷിക്കണമെന്ന് കമ്മ്യൂണിസ്റ്റുകള്‍ വിശ്വസിച്ചിട്ടുണ്ടായിരുന്നുവെങ്കില്‍, അവര്‍ ജാതിയധികാരം കൂടി ഉപേക്ഷിക്കാനുള്ള പ്രക്രിയ തുടങ്ങിവെക്കണമായിരുന്നുവെന്നു കാഞ്ച ഐലയ്യ നിരീക്ഷിക്കുന്നു.

സാമൂഹ്യ-സാമ്പത്തിക മാറ്റങ്ങള്‍ക്ക് വേണ്ടി പോരാടാന്‍ കാറൽ മാർക്സിന്റെയും ഫ്രെഡറിക് എംഗൽസിന്റെയും രചനകളിൽ നിന്ന് വർഗസമര സിദ്ധാന്തം സ്വീകരിച്ച ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് അവരുടേതായ ഒരു ജാതി വിരുദ്ധ സിദ്ധാന്തം രൂപപ്പെടുത്താനായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

Be the first to comment on "‘എന്തുകൊണ്ട് സിപിഎം പിബിയിൽ ദലിത്, ആദിവാസി നേതാക്കൾ ഇല്ല?’ കാഞ്ച ഐലയ്യ മണിക് സർക്കാരിനോട് ചോദിച്ചപ്പോൾ"

Leave a comment

Your email address will not be published.


*