” ഉടയ തമ്പുരാൻ ഒരു കണ്ണാടി നിലത്തിട്ടുടച്ചു.” – ജാലിഷ ഉസ്‌മാൻ

കവിത – ജാലിഷ ഉസ്‌മാൻ

 

ഉടയ തമ്പുരാൻ ഒരു കണ്ണാടി നിലത്തിട്ടുടച്ചു.
നൂറായിരം ചില്ല് കഷണങ്ങൾ
ഒരു നിമിഷത്തേക്ക് തറയിൽ ചിതറിക്കിടന്നു.
പിന്നെ ഓരോന്നും പറന്നു പൊങ്ങി
നൂറായിരം മനുഷ്യരുടെ നൂറായിരം
ഹൃദങ്ങളിലേക്ക് തറഞ്ഞു കയറി.

ഒഴുകിയൊലിച്ചു പുഴയായ രക്തത്തുള്ളികൾ കൊണ്ട്
ഓരോ ഹൃദയവും പരസ്പരം ബന്ദിക്കപ്പെട്ടു.
അനന്തമായ വേദനകളുടെ ആ പുഴക്കരയിൽവെച്ച്
ഞാനും നീയും ആദ്യമായി കണ്ടുമുട്ടി.

“ഒരേ ആകൃതിയിലുള്ള ചില്ല് കൊണ്ടവരും
ഒരേ ആഴത്തിലുള്ള മുറിവുകളുള്ളവരും
പരസ്പരം മുറിവുണക്കട്ടെ” എന്ന് അരുളപ്പാടുണ്ടായി.

എന്റെ നെഞ്ചിലെ ചില്ലുതുണ്ടിനും
നിന്റെ നെഞ്ചിലെ ചില്ലുതുണ്ടിനും
ഒരേ ആകൃതിയായിരുന്നു.
എന്റെ നെഞ്ചിലെ മുറിവിനും
നിന്റെ നെഞ്ചിലെ മുറിവിനും ഒരേ ആഴവും.
നമ്മൾ ഉമ്മവച്ച് തുടങ്ങിയത് അങ്ങനെയാണ്.

ചാറ്റൽ മഴ കുതിർത്തിട്ടിരുന്ന സന്ധ്യകളിൽ
നിറച്ചും മല്ലികപ്പൂ ഇതളുകൾ വീണു ചീഞ്ഞ ഇടവഴികളിൽ വച്ച്,

കൈ നിറച്ചു കുങ്കുമം തൂവിയ നിലാവുള്ള രാത്രികളിൽ
കടവാവലുകൾ ചത്തുകിടന്ന വരാന്തയുടെ ഭിത്തികളിൽ ചാരി നിന്നുകൊണ്ട്,

ഭൂമിയിൽ ഇണകളെ പിരിഞ്ഞ ചീവീടുകളും
നമ്മളും മാത്രം ഉറങ്ങാതെ ബാക്കിയാവുമ്പോൾ
കഥകൾ തളം കെട്ടിക്കിടന്ന മെഴുകുതിരി വെട്ടത്തിൽ വച്ച്,

പിൻകഴുത്തുകളിലെ കറുത്ത രോമങ്ങൾക്കിടയിൽ
പച്ച ഞരമ്പുകൾ കൊതിപ്പിക്കുമ്പോൾ
എതിഡിയം ബ്രോമൈഡ് മണക്കുന്ന ലബോറട്ടറിയിൽ
ഫോർമാലിനിൽ ഇട്ടുവച്ച കുഞ്ഞു പ്രാണികളുടെ സ്വപ്നങ്ങൾക്കിടയിൽ വച്ച്,

ഉപ്പ മരിച്ചന്നു രാത്രി കണ്ണീരിൽ കുതിർന്ന വസ്ത്രങ്ങൾ അഴിച്ചെറിഞ്ഞ കട്ടിലിനടിയിലെ കട്ടപിടിച്ച ഇരുട്ടിൽ വച്ച്,

കരയിലേക്ക് വലിച്ചിട്ട വലകളിൽ കിടന്ന് പിടച്ചുകൊണ്ടിരുന്ന
മീനുകളുടെ കണ്ണിനും കടലിനും ഇടയ്ക്കുവച്ച്,

പുതിയ മരുഭൂമികൾ ഉണ്ടാവുന്നിടത്തെ
അവസാനത്തെ മരത്തിന്റെ
അവസാനത്തെ ഇലയുടെ താഴെ വച്ച്,

കഴിഞ്ഞ കാലത്തെക്കുറിച്ചോർത്തു വിതുമ്പുന്ന
സ്വർണ്ണ നിറമുള്ള പുൽത്തകിടികളിൽവച്ച്,

നീലനക്ഷത്രങ്ങൾ തൂങ്ങിക്കിടക്കുന്നതിനു താഴെ
മരിച്ചവർ കരയുന്ന ഈന്ത് പൂക്കുന്ന കാടുകളിൽ
പരസ്പരം മുടിയിഴകളിൽ തിരുപ്പിടിപ്പിച്ച്
തളർന്നു കിടന്നുകൊണ്ട്,

ലക്ഷ്യമില്ലാതെ കയറിയ തീവണ്ടി ബർത്തുകളിൽ
വയറൊട്ടിയ കുഞ്ഞുങ്ങളുടെ
പാട്ടിന്റെ കടും താളത്തിനൊപ്പിച്ച്,

എന്റെ നാട്ടപ്പിരാന്തിന്റെ വേലിയിറക്കത്തിനും
കയറ്റത്തിനും ഇടയിലെ കൊടും ചൂടിൽ വച്ച്,
ഒക്കെ നമ്മൾ ഉമ്മവെച്ചുമ്മവെച്ച് പരസ്പരം മുറിവാറ്റിക്കൊണ്ടിരുന്നു.

മുറിവുകളൊക്കെ ഉണങ്ങിയ പ്രശാന്തമായ ഒരു രാത്രിയിൽ,
കണ്ണിമ പോലും ചിമ്മാതെ, പ്രണയബദ്ധരായി നമ്മൾ
പരസ്പരം കാൽപ്പാദങ്ങൾ ഉമ്മവച്ചുകൊണ്ട് കിടന്നു.

ഉടയതമ്പുരാൻ ഒരു കണ്ണാടി കൂടെ നിലത്തിട്ടുടച്ചു.

“ഒരേ ആകൃതിയിലുള്ള ചില്ലുകൊണ്ടവരും,
ഒരേ ആഴത്തിലുള്ള മുറിവുകളുള്ളവരും പരസ്പരം മുറിവുണക്കട്ടെ” എന്ന് അരുളപ്പാടുണ്ടായി.

ഇത്തവണ പക്ഷെ, എന്റെ മുറിവുകൾ കൂടുതൽ ആഴത്തിലുള്ളവയായിരുന്നു.

വലതുകൈ വെള്ളയിൽ നിന്റെ ചുണ്ടുകൾ അമർത്തി പതിപ്പിച്ച് ഒരിക്കലും തിരിഞ്ഞുനോക്കില്ലെന്നുറച്ച് ഞാൻ മഴയിലേക്കിറങ്ങി നടന്നു.

സകല നിയമങ്ങളും കാറ്റിൽ പറത്താൻ ഒരു പിൻവിളി മാത്രം മതിയായിരുന്നെന്ന് നിനക്കറിയില്ലായിരുന്നോ..?!

Be the first to comment on "” ഉടയ തമ്പുരാൻ ഒരു കണ്ണാടി നിലത്തിട്ടുടച്ചു.” – ജാലിഷ ഉസ്‌മാൻ"

Leave a comment

Your email address will not be published.


*