Saturday, April 27, 2024

“ഖാലിദ് നിങ്ങളെല്ലാവരോടും സലാം പറഞ്ഞിട്ടുണ്ട്”: പൗരത്വപ്രക്ഷോഭനായകൻ ഖാലിദ് സൈഫിയുടെ ഭാര്യ എഴുതുന്നു

പൗരത്വഭേദഗതി നിയമ വിരുദ്ധ പ്രക്ഷോഭനായകൻ ഖാലിദ് സൈഫിയെ ദൽഹി ജയിലിൽ സന്ദർശിച്ച ഭാര്യ നർഗീസ് സൈഫി ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പ്. 2020 ഫെബ്രുവരി മുതൽ ഭീകരനിയമമായ യുഎപിഎ ചുമത്തപ്പെട്ടു ദൽഹി മണ്ടോളി ജയിലിൽ കഴിയുകയാണ് മുസ്ലിം ആക്ടിവിസ്റ്റും യുണൈറ്റഡ് എഗൈൻസ്റ്റ് ഹേറ്റ് ന്റെ സ്ഥാപകനുമായ ഖാലിദ് സെഫി. ഡൽഹിയിൽ പൗരത്വപ്രക്ഷോഭത്തിന്റെ മറവിൽ കലാപം അഴിച്ചുവിട്ടു എന്നാണ് ഖാലിദിനെതിരെ ദൽഹി പോലീസ് ചുമത്തിയ കുറ്റം.

ഇന്ന് ഞാൻ നിങ്ങളെ ഒരു യാത്ര കൊണ്ടു പോകാം. ജയിലിലേക്ക്. ഇന്നലെ (21 April 2022) ആയിരുന്നു എനിക്ക് സന്ദർശിക്കാനുള്ള അനുമതി കിട്ടിയത്. സെഹരി (അത്താഴം) മുതൽ തന്നെ എനിക്ക് ഇരിക്കപ്പൊറുതി ഉണ്ടായിരുന്നില്ല. ഖാലിദിനെ ഓർത്ത് ഞാൻ വിഷമിച്ചു. അദ്ദേഹം എന്നെ കാത്തിരിക്കുന്നുണ്ടാവും. എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. 7:30 മണിക്ക് തന്നെ ഞാൻ എണീറ്റ് പുറപ്പെട്ടു. മക്കൾ അപ്പോഴും ഉറക്കത്തിൽ തന്നെ ആയിരുന്നു. 8:00 മണിയോടെ ഞാൻ മണ്ഡോളി ജയിലിൽ എത്തി. തങ്ങളുടെ പ്രിയപ്പെട്ടവരെ കാണാൻ വന്നവരുടെ ഒരു വലിയ നിര തന്നെ അവിടെ കാത്ത്‌ നിൽപ്പുണ്ടായിരുന്നു. അധികവും മുസ്ലിങ്ങളായിരുന്നു. അത് കണ്ട് പകുതി മുസ്ലിങ്ങൾ പുറത്ത് സൽക്കാരങ്ങളിലും മറ്റേ പകുതി ജയിലുകളിലും ആണെന്ന് എനിക്ക് തോന്നി. ജയിലാളികളുടെ കുടുംബങ്ങൾ കോടതികളിലോ ജയിലിന് പുറത്തോ ദുരിതം അനുഭവിക്കുന്നു. ജയിലുകൾ മുസ്ലിങ്ങളെ കൊണ്ട് നിറഞ്ഞ് കവിഞ്ഞിരിക്കുന്നു. ആ നീണ്ട വരിയിൽ വയസ്സായ ഒരു ഉമ്മ നിൽപ്പുണ്ട്, സ്വാഭിമാനം വശത്തേക്ക് മാറ്റിവെച്ച് വൃദ്ധനായ ഒരു ഉപ്പ ഒന്നും മിണ്ടാതെ പോലീസിന്റെ വായിൽ ഇരിക്കുന്നതൊക്കെ കേൾക്കുന്നു.

രണ്ട് ജോഡി വസ്ത്രങ്ങൾ ഞാൻ സൈഫിക്കായി കൊണ്ട് വന്നിരുന്നു. അകത്തെത്തിയപ്പോൾ ഒന്ന് മാത്രമേ ഉള്ളിലേക്ക് കൊണ്ട് പോകാൻ കഴിയൂ എന്ന് പറഞ്ഞു. അവിടെ ഉണ്ടായിരുന്ന വനിതാ പോലീസ് വളരെ മോശമായാണ് പെരുമാറിയത്. പുറത്ത് വസ്ത്രം വെക്കാൻ ഒരു സ്ഥലവും കാണാഞ്ഞതിനാൽ ഇത് എന്റെ കയ്യിൽ തന്നെ വെച്ചോട്ടെ എന്ന് ഞാൻ അവരോട് ചോദിച്ചു “നിങ്ങൾ എവിടെ വേണേ വെക്ക്, അല്ലേൽ വലിച്ച് എറിഞ്ഞ് കള. ഉള്ളിലേക്ക് ഒരു ജോഡിയെ കൊണ്ട് പോകാൻ പറ്റൂ”. തർക്കിക്കാൻ നിൽക്കാതെ അള്ളാഹുവിൽ ഭരമേല്പിച്ച് ഒരു ജോഡി ഞാൻ ഒരു മരത്തിന്റെ തണലിൽ വെച്ചു.

തിരികെ ആ നീണ്ട വരിയിൽ തന്നെ വന്ന് നിന്നു. പിന്നെ പരിശോധനയായിരുന്നു. അവർ എന്റെ നിഖാബ് ഊരിപ്പിച്ചു, മുടി അഴിപ്പിച്ചു. രണ്ട് തവണ ഇങ്ങനെ തുടർന്നു. എന്തൊരു അപമാനമാണിത്. ജയിലിൽ കഴിയുന്ന എല്ലാ മുസ്ലിങ്ങളും കൊടും കുറ്റവാളികളാണ് എന്ന് അവർ ഉറപ്പിച്ചിരിക്കുന്നു. അവരുടെ കുടുംബങ്ങളും അങ്ങനെ തന്നെ. ഒരു സ്വാഭിമാനവും ഇല്ലാത്ത കൂട്ടർ.

അഴികൾക്കുള്ളിൽ അകപ്പെട്ട തങ്ങളുടെ പ്രിയപ്പെട്ടവർക്കൊപ്പം ഇത്തിരി സമയം ചെലവഴിക്കാൻ വേണ്ടി ഉള്ള നീണ്ട കാത്തിരിപ്പ് തന്നെ വല്ലാത്ത പീഡനമാണ്. ഈ കടമ്പകൾ എല്ലാം കടന്ന് ഖാലിദിന്റെ ജയിലിന് അടുത്ത് എത്താൽ എനിക്ക് രണ്ട് മണിക്കൂർ വേണ്ടി വന്നു. ഞാൻ എന്റെ സ്ലിപ്പ് ഓഫീസർക്ക് കൊടുത്തു, അയാൾ ഖാലിദിനെ വിളിക്കാൻ പോയി. പിന്നെയും അര മണിക്കൂർ അവിടെ കാത്തിരുന്നു. കഠിനമായ ചൂടായിരുന്നു ആ മുറിക്കകത്ത്. വേനൽ അതിന്റെ ഉച്ചിയിലാണ്. ചുടു കാറ്റ് കൊണ്ട് എന്റെ തൊണ്ട വരണ്ട് പോയിരുന്നു. ഒരുപാട് നാളുകൾക്ക് ശേഷമാണ് ഞാൻ അദ്ദേഹത്തെ കാണാൻ വന്നിരിക്കുന്നത്. ഇനിയും കാത്തിരിക്കാൻ വയ്യ. ഖാലിദ് എപ്പോഴും കാണാൻ വരുന്നതിൽ നിന്ന് എന്നെ വിലക്കും. എന്നാൽ ഇത്തവണ ഞാൻ വരിക തന്നെ ചെയ്തു.

ഖാലിദ് സൈഫിയുടെ ഭാര്യ നർഗീസും ഉമ്മയും

കുറച്ച് സമയത്തിന് ശേഷം ഞാൻ അദ്ദേഹത്തിന്റെ ശബ്ദം കേട്ടു. വേഗം അങ്ങോട്ട് പോയി. എന്നെ കണ്ടതും ആ മുഖത്തെ സന്തോഷം ഞാൻ കണ്ടു. കണ്ണുകളിലെ തിളക്കവും. ഞങ്ങൾ ഫോണിന്റെ റിസീവർ എടുത്ത് സംസാരിക്കാൻ തുടങ്ങി. സംസാരിച്ചതിനെക്കാൾ കൂടുതൽ ഞങ്ങൾ പരസ്പരം മുഖത്തോട് മുഖം നോക്കി ഇരുന്നു. ഞങ്ങൾക്കിടയിലെ ചില്ലുകൂടും ഇരുമ്പുകളും മറികടന്ന് അദ്ദേഹം എന്റെ കൈകൾ കോർത്ത് പിടിച്ചു. വിരലുകൾ തലോടി. അദ്ദേഹത്തിന്റെ കണ്ണുകൾ എനിക്കായ് കണ്ണീർ വാർത്തു.

എന്റെ കഷ്ടതകളെ ഓർത്ത് അദ്ദേഹം വിഷമിച്ചു. ഈ കൊടും ചൂടിൽ നോമ്പ് നോറ്റ് കുട്ടികളെ തനിച്ചാക്കിയാണ് ഞാൻ ഇവിടെ വന്നിരിക്കുന്നത്. അദ്ദേഹം ക്ഷമ ചോദിച്ച് കൊണ്ട് എന്നോട് പറഞ്ഞു “ഞാൻ കാരണം ആണ് നീ ഇതെല്ലാം അനുഭവിക്കേണ്ടി വന്നത്”.

അദ്ദേഹത്തെ കേൾക്കാൻ ആണ് ഞാൻ അവിടെ പോയത്. ഹൃദയത്തിൽ നിന്ന് അദ്ദേഹം എന്നോട് സംസാരിച്ചു. നമുക്ക് ആർക്കും അനുഭവിക്കാൻ കഴിയാത്ത വേദനയിലൂടെയാണ് അദ്ദേഹം കടന്ന് പോയി കൊണ്ടിരിക്കുന്നത്. അസഹ്യമായ ചൂടാണ് താമസിക്കുന്നിടത്ത്. കൂളറുകൾ ഇല്ല. അവസാന ശ്വാസം വലിക്കുന്ന പോലെ കറങ്ങുന്ന ഫാനുകൾ. തറയും, ചുമരും, മേൽക്കൂരയും, ജനലിൽ നിന്നുള്ള കാറ്റും എല്ലാം തന്നെ പൊള്ളുന്നതാണ്. തുണി നനച്ചിട്ട് വേണം കിടക്കാൻ.

ഖാലിദിന്റെ ആരോഗ്യം മോശമാണ്, കൃത്യമായ ചികിത്സയോ ഭക്ഷണമോ ഇല്ല. എങ്കിലും ഒരു നോമ്പ് പോലും അദ്ദേഹം കളയാറില്ല. തറാവീഹും തഹജ്ജുദും ഒഴിവാക്കാറില്ല. എല്ലാ സൗകര്യങ്ങൾ ഉണ്ടായിട്ടും ഈ കാലാവസ്ഥ കാരണം ഒരുപാട് പേർ പള്ളികൾ ഒഴിവാക്കുമ്പോഴും ഖാലിദ് തന്റെ വിശ്വാസങ്ങളിൽ ഉറച്ച് നിൽക്കുന്നു. ഞങ്ങൾ രണ്ട് പേർക്കും ഒരു കാര്യം ഉറപ്പാണ്, ഭൗതിക ലോകത്തിന്റെ ഒരു സഹായവും ഇല്ലെങ്കിലും പടച്ചതമ്പുരാൻ ഞങ്ങളുടെ കൂടെ ഉണ്ട്. ഒരു മനുഷ്യന്റെ കൂടെ അള്ളാഹു ഉണ്ടെങ്കിൽ പിന്നെ ആരും വേണ്ടതില്ല. ഞങ്ങൾ ഈ സംസാരിക്കുന്നതും അള്ളാഹുവിന്റെ തീരുമാനം തന്നെ. അര മണിക്കൂർ കഴിഞ്ഞ് പോയത് അറിഞ്ഞില്ല. കുറച്ച് സമയം കൂടി ഞങ്ങൾ സംസാരിച്ചോട്ടെ എന്ന് ഞാൻ ആ ഉദ്യോഗസ്ഥനോട് ചോദിച്ചു. നിങ്ങൾക്ക് അനുവദിച്ച 15 മിനിറ്റിനെക്കാൾ കൂടുതൽ നിങ്ങൾ സംസാരിച്ച് കഴിഞ്ഞിരിക്കുന്നു എന്നായിരുന്നു മറുപടി. ഞാൻ അദ്ദേഹത്തോട് ചിരിച്ച് കൊണ്ട് നന്ദി പറഞ്ഞു. ആ ഓഫീസറുടെ ശബ്ദത്തിലെ ദേഷ്യവും, ഞങ്ങളെ മനുഷ്യരായി പോലും കണക്കാക്കാത്ത ഈ സ്ഥലത്ത് ഖാലിദിനെ ഒറ്റക്ക് ആക്കി പോകണമല്ലോ എന്ന ചിന്തയും എന്റെ ഹൃദയത്തെ വല്ലാതെ വേദനിപ്പിച്ച് കൊണ്ടിരുന്നു.

ഫോണുകൾ കട്ട് ആയതും, ഞങ്ങളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ഈ തളർച്ചയിൽ നിന്നും ദുരിതത്തിൽ നിന്നും എങ്ങനെ എങ്കിലും വീട്ടിൽ എത്തിയാൽ മതി എന്ന് പറയും പോലെ. പക്ഷെ, അത് സാധ്യമല്ലെന്ന് ഞങ്ങൾക്കറിയാം. ഞങ്ങൾ ‘അള്ളാ ഹാഫിസ്’ എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു, മുഖത്തോട് മുഖം നോക്കി തിരഞ്ഞ് നടന്നു. എനിക്ക് കണ്ണീരടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

കൂരിരുട്ടിൽ അകപ്പെട്ട പോലെയും കാലുകൾ വിറക്കുന്ന പോലെയും എനിക്ക് തോന്നി. ഒരു പൊലീസുകാരൻ എന്നോട് ‘ഓകെ ആണോ’ എന്ന് ചോദിച്ചു. കുറച്ച് നേരം ഇരുന്ന് വെള്ളം കുടിച്ചിട്ട് പോകാൻ പറഞ്ഞു. നോമ്പാണ്, വിനയപൂർവ്വം ഞാൻ നിരസിച്ചു. ആ മനുഷ്യനോട് നന്ദി പറഞ്ഞ് പുറത്തേക്ക് വന്നു. രാവിലെ 7:30 തുടങ്ങിയ യാത്ര, ഇപ്പോൾ സമയം 11:30. ഒരു ഓട്ടോ വിളിച്ച് ഉച്ചയോടെ ഞാൻ വീട്ടിൽ എത്തി. കുട്ടികൾ എന്നെ കെട്ടി പിടിച്ച് അവരുടെ അബ്ബുവിനെ കുറിച്ച് അന്വേഷിച്ചു. ഖാലിദ് അവർക്കായി കത്തുകൾ കൊടുത്തയച്ചിരുന്നു. അത് കണ്ട് അവർ ഒരുപാട് സന്തോഷിച്ചു.

ഖാലിദ് നിങ്ങളെല്ലാവരോടും സലാം പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തെയും മറ്റുള്ളവരെയും നിങ്ങളുടെ പ്രാർഥനകളിൽ ഓർക്കുക. ഈ ക്രൂരമായ ഫാസിസ്റ്റ് ഭരണകൂടത്തെ ധൈര്യത്തോടെ ഒന്നിച്ച് ഒറ്റ കെട്ടായി എതിർക്കാൻ ഉള്ള ശക്തി അള്ളാഹു നമുക്ക് എല്ലാവർക്കും പ്രധാനം ചെയ്യട്ടെ. ലോകം തന്നെ വിശ്വാസികൾക്ക് ഒരു തടവറയാണ്. നിങ്ങൾ ഞങ്ങളെ തുറങ്കിൽ അടച്ചാൽ യൂസഫ് നബി ചെയ്തത് പോലെ തടവറകളെ ഞങ്ങൾ ഉദ്ബോധിപ്പിക്കും. നമ്മൾ അവരെ ഒരിക്കലും ഭയപ്പെട്ടിട്ടില്ല, ഇൻഷാ അള്ളാഹ് എനിയൊട്ട് ഭയപ്പെടുകയും ഇല്ല. അനീതിക്കെതിരായ സമരങ്ങൾ നമ്മൾ ധൈര്യത്തോടെ, ദൃഢനിശ്ചയതോടെ തുടരുക തന്നെ ചെയ്യും.

പ്രിയപ്പെട്ടവനേ, വിധിക്ക് വിട്ട് കൊടുക്കാതെ താങ്കളുടെ മോചനത്തിനായി എനിക്ക് ആവുന്നതെല്ലാം ഞാൻ ചെയ്യും. ദുർബലയാകാതെ ശക്തി പകർന്ന് എന്നും കൂടെ തന്നെ ഉണ്ടാകും.

ഹിന്ദിയിലെ എഴുത്ത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് സുഹൈൽ അബ്ദുൽ ഹമീദ്.

spot_img

Don't Miss

Related Articles