സുവർണ്ണ തലമുറയുമായി ചുവന്ന ചെകുത്താന്മാർ ഇന്നിറങ്ങുന്നു

ക്ലബ്ബ് ഫുട്‌ബോളിന്റെ പ്രശസ്തിയാൽ ലോകമൊട്ടാകെ ആരാധകരുള്ള ഒരു കൂട്ടം മികച്ച കളിക്കാരുമായാണ് റോബർട്ടോ മർട്ടിനെസ് പരിശീലിപ്പിക്കുന്ന ബെൽജിയം റഷ്യയിലെത്തുന്നത്. രാജാ നൈങ്കോളനെ ലോകക്കപ്പ് ടീമിൽ ഉൾപ്പെടുത്താത്തതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ലെങ്കിലും അത്തരം വിമർശനങ്ങൾക്ക് ഗ്രൗണ്ടിലെ ഗോളെണ്ണങ്ങൾ കൊണ്ട് മറുപടി കൊടുക്കാൻ കാത്തു നിൽക്കുകയാണ് മാർട്ടിനെസ്.

ഇംഗ്ളീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയുടെ കെവിൻ ഡി ബ്രൂയ്‌നെയും വിൻസന്റ് കോംപാനിയും. എഫ് എ കപ്പ് ജേതാക്കളായ ചെൽസിയുടെ മിന്നും താരം ഹസാർഡും ഗോൾകീപ്പർ കുർട്ടോയിസും. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കരുത്തനായ മുന്നേറ്റ നിരക്കാരൻ റൊമേലു ലൂക്കാകുവും ഫെല്ലയ്‌നിയും. ടോട്ടൻഹാമിന്റെ ഉസ്മാൻ ഡെമ്പലെയും ടോബി അൽഡർവേൽഡും വെർട്ടോങ്കനും, ലാ ലീഗ ചാമ്പ്യന്മാരായ ബാഴ്‌സലോണയുടെ തോമസ് വേർമലെൻ, ലീഗ വൺ നേടിയ പീ എസ് ജിയിൽ നിന്ന് തോമസ് മുനയെർ, നാപോളിയുടെ മെർട്ടൻസ്, സോസിയാഡിന്റെ ജനുസാജ്, ഡോർട്മുണ്ടിന്റെ ബാറ്റ്ഷുവായി…..

അങ്ങനെ ഏതൊരു കോച്ചും കൊതിക്കുന്ന ഒരു കൂട്ടം മികച്ച കളിക്കാരനാണ് ബെൽജിയത്തിന്‌ വേണ്ടി കളത്തിലിറങ്ങുന്നത്. അതുകൊണ്ട് തന്നെയാണ് ബെല്ജിയത്തിന്റെ ആരാധകർ ഈ ടീമിനെ സുവർണ്ണ തലമുറ എന്ന് വിശേഷിപ്പിക്കുന്നതും. കഴിഞ്ഞ ലോകകപ്പിന്റെ ക്വർട്ടറിൽ അർജന്റീനയോട് ഒരു ഗോളിന് തോറ്റാണ് ബെൽജിയം പുറത്താവുന്നത്. പിന്നീട് കഴിഞ്ഞ യൂറോ കപ്പിലും ക്വാർട്ടറിൽ പുറത്തായി. മികച്ച കളിക്കാർ ഒരുപാടുണ്ടെന്ന പ്ലസ് പോയന്റ് തന്നെയാണ് ഈ ടീമിന്റെ ഏറ്റവും വലിയ വെല്ലുവിളിയും. ബെൽജിയം എന്ന ടീമിനുവേണ്ടി ഈ കളിക്കാരുടെയൊക്കെ സേവനം എങ്ങനെ കൃത്യമായി വിനിയോഗിക്കണം എന്ന കാര്യത്തിലാണ് കോച്ച് കൂടുതൽ ശ്രദ്ധകൊടുക്കേണ്ടത്. അതിൽ പറ്റിയ പിഴവാണ് കഴിഞ്ഞ ലോകകപ്പിലും യൂറോ കപ്പിലും ടീമിന് പിണഞ്ഞ തോൽവി.

അന്നത്തെ കോച് മാർക്ക് വിൽമോട്സ് പിന്തുടർന്ന 4-3-3 എന്ന പരിചിതമായ ഫോർമേഷനാണ് 2014 ലോകകപ്പിലും, 2016 യൂറോ കപ്പിലും അവർ പിന്തുടർന്നത്. ചെറിയ ടീമുകൾക്കെതിരെ ഈ ഫോർമേഷനിലൂടെ വ്യക്തമായ മേധാവിത്വം നേടാമെങ്കിലും വമ്പന്മാർക്ക് മുന്നിൽ ടാക്ടിക്കലായ ഒരു മുൻ‌തൂക്കം ഇത് നൽകില്ല. വിൽമോട്സ് പുറത്തായ ശേഷം വന്ന മാർട്ടിനെസ് ആ ഒരു ന്യൂനത പരിഹരിക്കാനാണ് പുതിയ 3-4-2-1 ഫോർമേഷൻ കൊണ്ടു വരുന്നത്. അങ്ങനെ ലോകക്കപ്പ് യോഗ്യതാ റൗണ്ടിൽ ബെൽജിയത്തിന്‌ 43 ഗോളുകൾ വരെ നേടാനായി. ഇതുവഴി കെവിൻ ഡി ബ്രുയ്നേക്ക് മധ്യനിരയിൽ ഉത്തരവാദിത്വം കൂടി. ഹസാർഡ് മുൻനിരയിൽ കൂടുതൽ സ്വതന്ത്രനായി. മൂന്ന് ഡിഫണ്ടർമാരും കൂടുതൽ കരുത്ത് കാണിക്കേണ്ടി വന്നു. ഈ ഫോർമേഷനിൽ കോച്ചിന് തലവേദന ഡിഫണ്ടർമാരുടെ ഫിറ്റ്നസും, ഫോർമേഷൻ പിഴച്ചാൽ എന്ത് പ്ലാൻ ബി സ്വീകരിക്കും എന്നുള്ളതുമാണ്.

1986ലെ ലോകകപ്പിൽ സെമിയിൽ കടന്നതാണ് ഇതിനുമുന്പുള്ള ബെൽജിയത്തിന്റെ മികച്ച നേട്ടം. ക്ലബ്ബിൽ കളിക്കുന്ന അതേ മികവോടെ ഈ താരങ്ങളൊക്കെ ഗ്രൗണ്ടിൽ നിറഞ്ഞാടിയാൽ ഇപ്പ്രാവശ്യം സെമിയിലെത്തുക എന്നുള്ളത് ബെല്ജിയത്തെ സംബന്ധിച് ബുദ്ധിമുട്ടുള്ളതല്ല. അവരുടെ ആരാധകരൊന്നും തന്നെ സെമിയിൽ കുറഞ്ഞ യാതൊന്നും ചുവന്ന ചെകുത്താന്മാരിൽ നിന്ന് പ്രതീക്ഷിക്കുന്നില്ല. യോഗ്യതാ റൗണ്ടിലും ഇപ്പോൾ കഴിഞ്ഞ സൗഹൃദ മത്സരങ്ങളിലെല്ലാം കളിച്ചത് പരിശോധിക്കുമ്പോൾ ടീം ഏത് വമ്പനെയും നേരിടാൻ തയ്യാറാണെന്ന് നമുക്ക് മനസ്സിലാവും. ലുകാകുവും, ഡി ബ്രൂയ്‌നെയും, ഹസാർഡും, മെർട്ടൻസുമെല്ലാം കത്തുന്ന ഫോമിൽ തന്നെയാണ് എന്നുള്ളതും ബെൽജിയത്തിന്റെ സാദ്ധ്യതകൾ വർധിപ്പിക്കുന്നു.

ഇംഗ്ലണ്ടും ട്യുണീഷ്യയും പനാമയുമടങ്ങുന്ന ഗ്രൂപ് ജീയിലാണ് ഈ ലോകകപ്പിൽ ബെൽജിയത്തിൻ്റെ സ്ഥാനം. ഇംഗ്ലണ്ടിനെ മാത്രം പേടിച്ചാൽ മതിയെന്ന് സാരം. എങ്കിലും ഗ്രൂപ്പിൽ ഒന്നാമതായി ഫിനിഷ് ചെയ്യൽ ബെൽജിയത്തിന്‌ അപ്രാപ്യമൊന്നുമല്ല. ഇംഗ്ളണ്ടിൽ കളിക്കുന്ന നിരവധി താരങ്ങൾ ടീമിലുള്ളതുകൊണ്ട് അവരെ പിടിച്ചുകെട്ടൽ പ്രയാസമുള്ള കാര്യവുമല്ല. ഇന്ന് ആദ്യ മത്സരത്തിൽ കോൺകാകാഫിൽ നിന്നുള്ള പനാമയാണ് ബെല്ജിയത്തിന്റെ എതിരാളികൾ. ഫിഫാ റാങ്കിങ്ങിൽ 55ആം സ്ഥാനത്തുള്ള അവരെ വ്യക്തവുമായ ലീഡിൽ പരാജയപ്പെടുത്തി കൊമ്പുകുലുക്കി വരവറിയിക്കാൻ തന്നെയായിരിക്കും ബെൽജിയത്തിന്റെ ശ്രമം. അങ്ങനെയെങ്കിൽ ഫിഷ്ട് സ്റ്റേഡിയം എണ്ണം പറഞ്ഞ ഒരുപിടി ഗോളുകൾക്ക് സാക്ഷിയാവും

റിപ്പോര്‍ട്ട് – അദീബ് അഹ്‌സൻ

Be the first to comment on "സുവർണ്ണ തലമുറയുമായി ചുവന്ന ചെകുത്താന്മാർ ഇന്നിറങ്ങുന്നു"

Leave a comment

Your email address will not be published.


*